തിരയുക

കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്, ശ്രീലങ്കയിലെ  കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്, ശ്രീലങ്കയിലെ കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷൻ 

ശ്രീലങ്ക: സമൂഹത്തിൻറെ രൂപാന്തരീകരണം അനിവാര്യം, കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്!

കർദ്ദിനാൾ മാൽക്കം രഞ്ജിത്തിൻറെ അഭിമുഖം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശ്രീലങ്കയിൽ 2019-ലെ ഉയിർപ്പുഞായാറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരുടെയും അതീജീവിതരുടെയും കുടുംബങ്ങൾക്ക് ഫ്രാൻസീസ് പാപ്പാ നല്കിയ സാമ്പത്തിക സഹായത്തിന് അന്നാട്ടിലെ കൊളൊംബൊ അതിരൂപതയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കൃതജ്ഞത പ്രകാശിപ്പിക്കുന്നു.

വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം പാപ്പാ 400 കുടുംബങ്ങൾക്കയി നല്കിയ ഈ സാമ്പത്തികസഹായത്തെക്കുറിച്ച് നന്ദിയോടെ പരാമർശിച്ചത്. ഏകദേശം 81 ലക്ഷം രൂപയ്ക്ക് തുല്യമായ 1 ലക്ഷം യൂറോ ആണ്  പാപ്പാ സംഭാവന ചെയ്തത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ തങ്ങൾ ഈ തുക കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വിതരണം ചെയ്യുമെന്ന് കർദ്ദിനാൾ രഞ്ജിത്ത് വെളിപ്പെടുത്തി.

തെറ്റായ നയങ്ങളുടെയും തെറ്റായ സാമ്പത്തിക നടപടിക്രമങ്ങളുടെയും ഫലമായി രാജ്യം കൂപ്പുകുത്തിയിരിക്കുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളതെന്നും തൊഴിൽ രഹിതരുടെ സംഖ്യ വളെ ഏറെയാണെന്നും അതുപോലെതന്നെ, നിരവധി വ്യവസായ സംരംഭങ്ങൾ തകർന്നിരിക്കയാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി മുൻ സർക്കാരുകൾ തയ്യാറാക്കിയ പ്രയോജനരഹിതങ്ങളായ പദ്ധതികൾ നാടിനെ വൻ കടബാദ്ധ്യതകളിലേക്കു തള്ളിയിട്ടിരിക്കയാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറഞ്ഞു.

അരാജകത്വം, നീതിന്യായ വ്യവസ്ഥയിൽ രാഷ്ട്രീയ നേതാക്കളുടെ കൈകടത്തൽ, രാഷ്ട്രീയ രംഗത്തെ അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ പ്രജാധിപത്യമൂല്യ ശോഷണത്തിനു കാരണമായിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു. ആകയാൽ സമൂഹത്തിൻറെ ഒരു രൂപാന്തരീകരണം അനിവാര്യമാണെന്നും തെറ്റുകൾ തിരുത്തുന്നതിന് അന്താരാഷ്ട്രസമൂഹം സർക്കാരിൻറെമേൽ  സമ്മർദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറയുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഓഗസ്റ്റ് 2022, 10:33