ബിഷപ്പ് അൽവാരസിന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനായി ജനങ്ങൾ പ്രത്യാശയോടെ പ്രാർത്ഥിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നിക്കരാഗ്വയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സഭയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. 2018 ലെ രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മാതഗൽപയിലെ ബിഷപ്പ് റോളാന്റൊ അൽവാരെസ് നിരന്തരം സമാധാനപരവും യുക്തിപൂർവ്വകവുമായ ചർച്ചകൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 120,000 പേർ രാജ്യം വിട്ടു. ബിഷപ്പ് അൽവാരെസിന്റെ അഭിപ്രായങ്ങളും പ്രസംഗങ്ങളും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും പ്രകോപനപരവുമാണെന്ന് സർക്കാർ അധികൃതർ പറയുന്നുവെങ്കിലും താൻ അക്രമത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പ്രാർത്ഥന സ്വാതന്ത്ര്യത്തിന്റെ സമാധാനപരമായ തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം ശഠിക്കുന്നു. മാസത്തിന്റെ തുടക്കത്തിൽ മാതഗൽപയിലെ കത്തോലിക്കാ സഭയുടെ എട്ട് റേഡിയോ സ്റ്റേഷനുകൾ അടച്ചു പൂട്ടിയതിനാൽ സർക്കാരിന്റെ മനോഭാവം കൂടുതൽ കടുത്തു. ആളുകൾ പ്രതിഷേധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ പോലീസ് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയുള്ള റെയ്ഡ് വരെ ബിഷപ്പും സഹപ്രവർത്തകരും രണ്ടാഴ്ചയോളം അദ്ദേഹത്തിന്റെ വസതിയിൽ ഒതുങ്ങി.
ബിഷപ്പ് അൽവാരെസിനെ പിന്നീടു തലസ്ഥാനമായ മനാഗ്വയിലേക്ക് കൊണ്ടുപോയി മാതാപിതാക്കളുടെ വീട്ടിൽ വീട്ടുതടങ്കലിലാക്കിയപ്പോൾ, അദ്ദേഹത്തിന്റെ വസതിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അഞ്ച് പുരോഹിതന്മാരും രണ്ട് സെമിനാരിക്കാരും ഇപ്പോൾ എൽ ചിപ്പോട്ട് ജയിലിൽ കഴിയുകയാണ്. നിയമപരമായ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മനാഗ്വ ആർച്ച് ബിഷപ്പ് കർദിനാൾ ലിയോപോൾഡോ ബ്രെന്സ് ബിഷപ്പ് അൽവാരെസിനെ സന്ദർശിച്ചു. കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും വൈസ് പ്രസിഡന്റ് റൊസാരിയോ മുരില്ലോയുടെയും സർക്കാർ പേപ്പൽ നുൻഷിയോ, ആർച്ച് ബിഷപ്പ് വ്ലാഡിമിർ സ്റ്റാനിസ്ലോയെ പുറത്താക്കിയിരുന്നു. ജൂണിൽ അനാഥാലയങ്ങൾ നടത്താൻ സഹായിച്ചിരുന്ന മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിലെ പതിനെട്ട് സന്യാസിനികളെയും രാജ്യത്തു നിന്ന് പുറത്താക്കി. അവർ കോസ്റ്റാറിക്കയിലേക്ക് പോയി. ഇതിനെല്ലാം ശേഷമാണ് ഇപ്പോഴത്തെ പുതിയ പ്രതിസന്ധി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: