തിരയുക

ബിഷപ് അൽവാരസിന്റെ വസതിയുടെ പ്രവേശന കവാടം പൊലീസ് തടഞ്ഞിരിക്കുന്ന ചിത്രം.  ബിഷപ് അൽവാരസിന്റെ വസതിയുടെ പ്രവേശന കവാടം പൊലീസ് തടഞ്ഞിരിക്കുന്ന ചിത്രം.   (AFP or licensors)

നിക്കരാഗ്വൻ പോലീസ് മെത്രാനെ വീട്ടിൽ നിന്നിറങ്ങുന്നതിൽ നിന്ന് തടയുന്നു

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ സർക്കാരിനെതിരെ "വിദ്വേഷ പ്രവർത്തികൾക്ക് " ആഹ്വാനം ചെയ്തു എന്ന് ആരോപിച്ച് മതഗൽപയിലെ ബിഷപ്പ് റോളാന്റോ അൽവാരസിനെ വസതിയിൽ നിന്ന് പുറത്തിറങ്ങുന്നതിൽ നിക്കരാഗ്വയിലെ പോലീസ് തടഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വടക്കൻ നിക്കരാഗ്വൻ രൂപതയിലെ മതഗൽപ്പയിൽ നിന്നുള്ള മെത്രാൻ റോളാന്റോ അൽവാരസ്, കത്തോലിക്കരുടെ അഞ്ച് റേഡിയോ സ്റ്റേഷനുകൾ സർക്കാർ അടച്ചുപൂട്ടിയതിനെ വിമർശിച്ചിരുന്നു. അതിനെ തുടർന്ന് അദ്ദേഹത്തെയും ആറ് കത്തോലിക്ക പുരോഹിതന്മാരെയും അവരുടെ വസതി വിട്ട് അടുത്തുള്ള കത്തീഡ്രലിലേക്ക് ദിവ്യബലി അർപ്പിക്കാൻ  പോകുന്നതിൽ നിന്ന്  പോലീസ് തടഞ്ഞു. ആളുകൾ സ്വതന്ത്രമായി വരുന്നതും പോകുന്നതും തടയാൻ പോലീസ് ഉദ്യോഗസ്ഥർ തടസ്സങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മെത്രാൻ അൽവാരസും മറ്റ് 12 പേരും വ്യാഴാഴ്ച മുതൽ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ കഴിയുകയാണ്. തങ്ങൾ വീട്ടുതടങ്കലിലാണെന്ന് ബിഷപ് അൽവാരസ് ശനിയാഴ്ച  മതഗൽപയിലെ വീട്ടിൽ നിന്ന് സോഷ്യൽ നെറ്റ്‌വർക്കുകളിൽ സംപ്രേക്ഷണം ചെയ്ത ദിവ്യബലി മദ്ധ്യേ പറഞ്ഞു. 

അക്രമത്തിന് പ്രേരിപ്പിച്ചെന്ന ആരോപണം

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കുന്ന നിക്കരാഗ്വൻ അധികാരികൾക്ക് വിമർശനത്തിന്റെയോ വിയോജിപ്പിന്റെയോ ശബ്ദത്തോടു ഒട്ടും സഹിഷ്ണുതയില്ല. 150ലധികം പ്രതിപക്ഷ നേതാക്കളെയും പൂട്ടിയിട്ടിരിക്കുകയാണ്.

അക്രമം അഴിച്ചു വിടാനും  രാജ്യത്തെ അസ്ഥിരപ്പെടുത്താനും ബിഷപ്പ് അൽവാരെസ് മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും ഉപയോഗിച്ചുവെന്ന് പോലീസ് ആരോപിക്കുന്നു. അവർ ഔപചാരികമായ കുറ്റാരോപണങ്ങൾ തയ്യാറാക്കുകയാണെന്ന് പറയുന്നു. മതസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഈ പീഡനം അവസാനിപ്പിക്കാൻ അദ്ദേഹം അധികാരികളോടു അഭ്യർത്ഥിക്കുന്നു.

വ്യാഴാഴ്ച കത്തീഡ്രലിലേക്ക് പോകുന്നതിൽ നിന്ന് ശാരീരികമായി തടഞ്ഞുവയ്ക്കപ്പെട്ട 55 കാരനായ ബിഷപ്പ്, ദിവ്യകാരുണ്യ ആശീർവാദം നൽകുന്നതിനായി നടപ്പാതയിൽ മുട്ടുകുത്തി കൊണ്ട് യേശുക്രിസ്തു നിക്കരാഗ്വയുടെ കർത്താവായതിനാൽ  ഞങ്ങൾ തെരുവിൽ ദിവ്യബലി അർപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ പോലീസ് നടപടി ഏകപക്ഷീയവും മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറ്റൊരു ലംഘനമാണെന്നും യൂറോപ്യൻ യൂണിയൻ പറയുന്നു.

മധ്യസ്ഥ ശ്രമങ്ങൾ

2018-ൽ വ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളോടെ ആരംഭിച്ച് വഷളായ നിക്കരാഗ്വയുടെ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ ആവശ്യപ്പെട്ട് മധ്യസ്ഥനായി പ്രവർത്തിക്കാനാണ് സഭ ശ്രമിക്കുന്നത്. 76-കാരനായ ഡാനിയൽ ഒർട്ടേഗ കഴിഞ്ഞ നവംബറിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും ജയിലിലടക്കുകയും ചെയ്തു. മാർച്ചിൽ ഗവൺമെന്റ് നിക്കരാഗ്വയിലെ അന്നത്തെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ അനഭിമതനായി പ്രഖ്യാപിക്കുകയും നിക്കാരഗ്വയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് നിക്കരാഗ്വ വത്തിക്കാനിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2022, 13:12