തിരയുക

വീട്ടുതടങ്കലിൽ  കഴിയുന്ന ഗൽപയിലെ മെത്രാൻ റോളാന്റോ അൽവാരെസ് വീട്ടുതടങ്കലിൽ കഴിയുന്ന ഗൽപയിലെ മെത്രാൻ റോളാന്റോ അൽവാരെസ്  (AFP or licensors)

നിക്കരാഗ്വൻ മെത്രാന്റെ ഭാവി അനിശ്ചിതത്വത്തിൽ; സഭ പ്രാർത്ഥനാദിനം ആചരിച്ചു

മതാഗൽപയിലെ മെത്രാൻ റോളാന്റോ അൽവാരെസിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതും നിക്കരാഗ്വൻ ഗവൺമെന്റുമായി അണി ചേർന്ന് സായുധ സംഘങ്ങൾ മെത്രാന്മാർക്കും വൈദികർക്കുമെതിരായി നടത്തുന്ന അക്രമങ്ങളും പ്രാദേശിക കത്തോലിക്കാ സഭയെ ബാധിക്കുന്നുണ്ട്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലാറ്റിൻ അമേരിക്കൻ രാജ്യത്തുടനീളമുള്ള ഇടവകകളിൽ പ്രാർത്ഥനയുടെയും ദിവ്യകാരുണ്യ ആരാധനയുടെയും  ദിനമായി  ആഗസ്റ്റ് പതിനൊന്നാം തിയതി നിക്കരാഗ്വയിലെ സഭ ആചരിച്ചു. ആഗസ്റ്റ് 7-15 തീയതികളിൽ നടക്കുന്ന ദേശീയ മരിയൻ കോൺഗ്രസിന്റെ ഭാഗമായാണ് ഈ ആചരണം. 6 കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതും മതഗൽപ്പ മെത്രാന്റെ മേൽ സർക്കാർ നൽകുന്ന സമ്മർദ്ദവും മൂലം പ്രാദേശിക സഭയ്ക്ക് നിരന്തരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു.

തുറന്ന് സംസാരിച്ച മെത്രാൻ

നിക്കരാഗ്വയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്ന ബിഷപ്പ് റൊളാന്റോ അൽവാരസിന്റെ വിധി അനിശ്ചിതത്വത്തിൽ തുടരുന്നു. രാജ്യത്തെ കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ സർക്കാർ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയത്. ഒരു കൂട്ടം സായുധ പോലീസ് ഉദ്യോഗസ്ഥർ  തന്നെ വളയുമ്പോൾ ബിഷപ്പ് അൽവാരസ് മുട്ടുകുത്തി കരുണയ്ക്കായി യാചിക്കുന്നതു കാണിക്കുന്ന ഒരു ചിത്രം ലോകമെമ്പാടും വൈറലായിരുന്നു.

ആഗസ്റ്റ് 4ന് ബിഷപ്പ് അൽവാരസിനെയും ആറ് വൈദികരെയും, ആറ് അൽമായ കത്തോലിക്കരെയും ദിവ്യബലി അർപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ഇടവക വസതിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ജനങ്ങൾക്കെതിരെ അക്രമം നടത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും ഉപയോഗിച്ചുവെന്ന് ബിഷപ്പ് അൽവാരസിനെതിരെ അധികൃതർ കുറ്റമാരോപിക്കുന്നു.

അറസ്റ്റിനെതിരെ പ്രതികരണം

പല മനുഷ്യാവകാശ സംഘടനകളും സഭയുമായി ബന്ധപ്പെട്ട സമൂഹങ്ങളും അറസ്റ്റിനെ അപലപിച്ചു. അതേസമയം മെത്രാന്മാരും, മറ്റ് സമൂഹങ്ങളും ബിഷപ്പ് അൽവാരസിനോടു തങ്ങളുടെ സാമീപ്യം പ്രകടിപ്പിച്ചു. ലാറ്റിൻ അമേരിക്കൻ മെത്രാൻ സമിതി (CELAM) നിക്കരാഗ്വ സഭയോടു ഐക്യദാർഢ്യവും, അടുപ്പവും പ്രകടിപ്പിച്ചു. സഭ "സമാധാനത്തിന്റെ സുവിശേഷം" പ്രഖ്യാപിക്കുന്നു എന്നും ഈ വെളിച്ചത്തിൽ ദേശീയ അന്തർദേശീയ അധികാരികളുമായി സഹകരിക്കാൻ എപ്പോഴും സന്നദ്ധമാണെന്നും അഭിപ്രായപ്പെട്ടു.

സഭയും ഭരണകൂടവും തമ്മിലുള്ള സംഘർഷം

മെത്രാന്മാരുടെയും, വൈദികരുടെയും പീഡനമുൾപ്പെടെ നിരവധി ആക്രമണങ്ങൾക്കും സഭാ നേതൃത്വങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമങ്ങൾക്കും കത്തോലിക്കാ സഭ ഇപ്പോഴും ഇരയാക്കപ്പെടുന്നു. ആഗസ്റ്റ് 4-ന് ബിഷപ്പ് അൽവാരെസിന്റെ അറസ്റ്റിന് ശേഷം, മറ്റൊരു കത്തോലിക്കാ റേഡിയോ സ്റ്റേഷനും, നൂറോളം എൻജിഒകളും അടച്ചുപൂട്ടിക്കൊണ്ട് നിക്കരാഗ്വൻ ഗവൺമെന്റ് രാജ്യത്തിനകത്ത് കത്തോലിക്കാ ശബ്ദത്തെ നിശബ്ദമാക്കുകയാണ്. നിക്കരാഗ്വൻ സർക്കാർ സഭാ പ്രതിനിധികളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും, ദേവാലയങ്ങളെ വളയുകയും വൈദികരെയും വിശ്വാസികളെയും ഭയപ്പെടുത്താൻ ശ്രമിക്കുന്നതായും ആരോപിക്കപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2022, 12:54