നിക്കരാഗ്വ- ഒരു മെത്രാനുൾപ്പടെ 9 കത്തോലിക്കരെ പൊലീസ് ബന്ധനസ്ഥരാക്കി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിക്കരാഗ്വയിലെ മത്തഗാല്പ രൂപതാസ്ഥാനത്ത് ആഗസ്റ്റ് 4 മുതൽ വീട്ടുതടങ്കലിലായിരുന്ന മെത്രാൻ റൊളാന്തൊ ഹസേ ആൽവരെസിനെയും വൈദികരും വൈദികാർത്ഥികളും അൽമായവിശ്വാസികളുമുൾപ്പടെ മറ്റ് എട്ടുപേരെയും പൊലീസും അർദ്ധസുരക്ഷാപ്പോലീസും ചേർന്ന് ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയി.
വെള്ളിയാഴ്ച (19/08/22) രാത്രിയിൽ ആയിരുന്നു സംഭവം. 8 വാഹനങ്ങളുമായി എത്തിയാണ് പൊലീസ് അരമനയിൽ ഇടിച്ചുകയറി ഈ കൃത്യം നിർവ്വഹിച്ചതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
ഇവരെ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലേക്കാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യുന്നതിനാണ് ഇവരെ കൊണ്ടു പോയിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. ഈ സംഭവത്തിൽ ലത്തീനമേരിക്കയിലെ ആകമാനകത്തോലിക്കാ സഭ വേദനയും ആശങ്കയും രേഖപ്പെടുത്തുകയും അവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
നിക്കരാഗ്വയുടെ പ്രസിഡൻറ് ദാനിയേൽ ഒർത്തേഗയുടെ ഭരണത്തെ വിമർശിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടികൾ സർക്കാൽ കത്തോലിക്കാസഭയുടെ നേർക്കും ശക്തമാക്കിയിരിക്കയാണ്. ഈ ആഗസ്റ്റ്മാസത്തിൽ നിക്കരാഗ്വയിൽ 7 കത്തോലിക്കാ റേഡിയൊ നിലയങ്ങൾ സർക്കാർ അടച്ചു പൂട്ടി.
സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഇത്തരം നടപടികൾക്കു കാരണം. സർക്കാരിനെ അട്ടിമറിക്കാൻ ചില മെത്രാന്മാർ ഗൂഢാലോചന നടത്തുന്നതായി ഒർത്തേഗ ആരോപിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: