സഭ ജനങ്ങളുടെ പക്കലെത്തണം, മലാവിയിലെ കരോങ്ക രൂപതാമെത്രാൻ മാർട്ടിൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദക്ഷിണപൂർവ്വ ആഫ്രിക്കൻ നാടായ മലാവിയിലെ അതിവിസ്തൃതമായ കരോങ്ക രൂപതയിൽ സുവിശേഷവത്ക്കരണ പ്രക്രിയ അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് പ്രസ്തുത രൂപതയുടെ മെത്രാൻ മാർട്ടിൻ മ്ത്തുംബുക്ക (Bishop Martin Mtumbuka),
ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം അഥവാ, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (Aid to the Church in Need (ACN) എന്ന പൊന്തിഫിക്കൽ അന്താരാഷ്ട്ര സംഘടനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
ജനങ്ങൾ സഭയെയല്ല സഭ ജനങ്ങളെയാണ് തേടുന്നതെന്ന് ഉറപ്പുവരുത്തുകയും അവരുടെ ഏറ്റവും അടുത്തായിരിക്കുകയും ചെയ്യാൻ ശ്രമിക്കുക ആവശ്യമാണെന്ന് ബിഷപ്പ് മാർട്ടിൻ പറഞ്ഞു.
തങ്ങളുടെ ബുദ്ധിമുട്ടുകളും ആശങ്കകളും ജനങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കില്ലെന്നും അതിനർത്ഥം വൈദികർ അവരുടെ ഇടവകാംഗങ്ങളുടെ ചാരെ ആയിരിക്കുകയെന്നത് സുപ്രധാനമാണ് എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടു തന്നെ, വൈദികരുടെ വിരളത അനുഭവപ്പെടുന്നുണ്ടെങ്കിലും കരോങ്ക രൂപതയിലെ ഓരോ ഇടവകയുടെയും ചുരുങ്ങിയത് 20 കിലോമീറ്റർ പരിധിക്കുള്ളിൽ ഒരു വൈദികൻറെ നിരന്തര സാന്നിദ്ധ്യം ഉറപ്പുവരുത്താൻ രൂപതാപദ്ധതി ആഹ്വാനം ചെയ്യുന്നുണ്ടെന്ന് ബിഷപ്പ് മാർട്ടിൻ വെളിപ്പെടുത്തി.
ലെബനൻ, കോസൊവ്, ജമൈക്ക എന്നീ രാജ്യങ്ങളെക്കാൾ വിസ്തൃതിയുള്ള കരോങ്ക രൂപതയിൽ 24 വൈദികർ മാത്രമാണുള്ളത്. ഇവരിൽ 17 പേരാണ് രൂപതാവൈദികർ. ബാക്കിയുള്ളവർ സന്ന്യസ്ത വൈദികരാണ്. 12000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ രൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന കത്തോലിക്കരുടെ സംഖ്യ അറുപതിനായിരത്തിലേറെയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: