തിരയുക

നിയുക്ത സഹായ മെത്രാന്മാർ- ഇടത്തുനിന്ന്: മാർ ജോസഫ് കൊല്ലമ്പറമ്പിൽ (ഷംഷാബാദ് രൂപത)  മാർ തോമസ് പാടിയത്ത് (ഷംഷാബാദ് രൂപത),  മാർ അലെക്സ് താരമംഗലം (മാനന്തവാടി രൂപത) നിയുക്ത സഹായ മെത്രാന്മാർ- ഇടത്തുനിന്ന്: മാർ ജോസഫ് കൊല്ലമ്പറമ്പിൽ (ഷംഷാബാദ് രൂപത) മാർ തോമസ് പാടിയത്ത് (ഷംഷാബാദ് രൂപത), മാർ അലെക്സ് താരമംഗലം (മാനന്തവാടി രൂപത) 

സീറോ മലബാർ സഭയ്ക്ക് മൂന്നു പുതിയ സഹായമെത്രാന്മാർ!

മാനന്തവാടി രൂപതയുടെ സഹായമെത്രാനായി വൈദികൻ അലക്സ് താരമംഗലത്തെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി വൈദികരായ ജോസഫ് കൊല്ലംപറമ്പിൽ, തോമസ് പാടിയത്ത് എന്നിവരെയുമാണ് സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്ത്യയിൽ സീറോമലബാർ സഭയ്ക്ക് മൂന്നു പുതിയ സഹായമെത്രാന്മാർ.

മാനന്തവാടി രൂപതയുടെ സഹായമെത്രാനായി വൈദികൻ അലക്സ് താരമംഗലത്തെയും തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി വൈദികരായ ജോസഫ് കൊല്ലംപറമ്പിൽ, തോമസ് പാടിയത്ത് എന്നിവരെയുമാണ് സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ സിനഡ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

ഇവരുടെ തിരഞ്ഞെടുപ്പിന് ഫ്രാൻസീസ് പാപ്പാ അംഗീകാരം നല്കുകയും ചെയ്തു.

മാർ അലെക്സ് താരമംഗലം

മാനന്തവാടി രൂപതയുടെ നിയുക്തമെത്രാൻ മാർ അലെക്സ് താരമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. കോട്ടയം ജില്ലയിലെ മുഴൂരിൽ 1958 ഏപ്രിൽ 20-ന് ജനിച്ചു. 1983 ജനുവരി 1-നായിരുന്നു പൗരോഹിത്യ സ്വീകരണം. റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ തലശ്ശേരി അതിരൂപതയിൽ വിവിധ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിക്കുകയും മെത്രാൻറെ സെക്രട്ടറി, കോട്ടയത്തെ പൗരസ്ത്യവിദ്യാപീഠത്തിൽ തത്വശാസ്ത്രാദ്ധ്യാപകൻ, ആലുവ, തിരുവനന്തപുരം, വടവാത്തൂർ എന്നിവിടങ്ങളിലെ സെമിനാരികളിൽ അദ്ധ്യാപകൻ എന്നീ നലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാർ ജോസഫ് കൊല്ലംപറമ്പിൽ

തെലങ്കാനയിലെ ഷംഷാബാദ് സീറോമലബാർ രൂപതയുടെ നിയുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ കോട്ടയം ജില്ലയിലെ ചേന്നാട് 1955 സെപ്റ്റംബർ 22-ന് ജനിച്ചു. പാലാരൂപതാംഗമായ അദ്ദേഹം പാലായിലെ സെൻറ് തോമസ് കോളേജിൽ നിന്ന് എംഎ എടുത്തുതിനു ശേഷം  മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ഡോക്ടറേറ്റു നേടി. 1981 ഡിസംബർ 18-ന് പൗരോഹിത്യം സ്വീകരിച്ച നിയുക്ത സഹായമെത്രാൻ മാർ കൊല്ലമ്പറമ്പിൽ വിവധ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിക്കുകയും അജപാലനകേന്ദ്രത്തിൻറെ മേധാവി, സെൻറ് തോമസ് കോളേജ് അദ്ധ്യാപകൻ അരുവിത്തറ സെൻറ് ജോർജ് കോളേജ് മേധാവി എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

മാർ തോമസ് പാടിയത്ത്

തെലങ്കാനയിലെ ഷംഷബാദ് സീറോമലബാർ രൂപതയുടെ ഇതര നിയുക്ത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. ഏറ്റുമാന്നൂരിൽ 1969 ജനുവരി 14-നാണ് അദ്ദേഹത്തിൻറെ ജനനം. കോളേജ് വിദ്യഭ്യാസാനന്തരം വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1994 ഡിസംബർ 29-ന് പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് ബെൽജിയത്തിൽ ഉപരിപഠനത്തിനയക്കപ്പെട്ട നിയുക്ത സഹായമെത്രാൻ മാർ പടിയത്ത് ലുവെയിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ദൈവശാസ്ത്രത്തിൽ ഉന്നത ബിരുദവും നേടി. ഇടവക സഹവികാരി, മെത്രാൻറെ സെക്രട്ടറി, നമീബിയായിലെ സെൻറ് ചാൾസ് സെമിനാരിയുൾപ്പെടെ വിവിധ സെമിനാരികളിലും ബാംഗ്ലൂരിലെ ധർമ്മാരാം വിദ്യാക്ഷേത്രം, ഗോവയിലെ മാത്തെർ ദേയി ഇൻസ്റ്റിറ്റ്യൂട്ട്, വടവാത്തൂരിലെ പൗരസ്ത്യ വിദ്യാപീഠം എന്നിവിടങ്ങളിലും അദ്ധ്യാപകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഓഗസ്റ്റ് 2022, 18:52