തിരയുക

മർത്തായും മറിയവും ക്രിസ്തുവിനരിക മർത്തായും മറിയവും ക്രിസ്തുവിനരിക 

ക്രിസ്തുവിന്റെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ മനുഷ്യരാവുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം മുപ്പത്തിയെട്ടു മുതൽ നാല്പത്തിരണ്ടു വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Luke 10, 38-42 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ പാദത്തിനരികിലിരുന്ന്, അവന്റെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ മറിയത്തെക്കുറിച്ചും, സേവനത്തിൽ കർമ്മനിരതയായി ദൈവത്തിന് പ്രീതയാകാൻ പരിശ്രമിച്ച മർത്തായെക്കുറിച്ചും പരാമർശിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ചാണ് നാം ഇന്ന് വിചിന്തനം ചെയ്യുക. ഈയൊരു വിവരണത്തിലൂടെ, ഗുരുവിന്റെ വചനങ്ങൾ ശ്രവിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലൂക്കയുടെ സുവിശേഷത്തിലൂടെ നാം കാണുന്ന, ദൈവപുത്രന് സ്ത്രീകളോടുള്ള പ്രത്യേക പരിഗണനയും കാരുണ്യവുമാണ് നാം മനസിലാക്കുക.

യേശുവിനെ പിഞ്ചെല്ലുന്ന വ്യക്തികൾ

സ്ത്രീകളോടുള്ള ക്രിസ്തുവിന്റെ പരിഗണന ഈ സുവിശേഷഭാഗത്തിൽ നാം കാണുന്നുണ്ട്. അവന്റെ കരുണയനുഭവിച്ച സ്ത്രീകളിൽ ഒരുപാടുപേർ അവനെ പിഞ്ചെല്ലുന്നുണ്ട്. വിശുദ്ധ ലൂക്കയുടെ തന്നെ സുവിശേഷം എട്ടാം അധ്യായത്തിന്റെ ആദ്യഭാഗത്ത് ഇതിനെക്കുറിച്ച് വ്യക്തമായി നമുക്ക് കാണാം. പന്ത്രണ്ടു പേർക്ക് പുറമെ, "അശുദ്ധാത്മാക്കളിൽനിന്നും മറ്റു വ്യാധികളിൽനിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും" അതുപോലെ മറ്റു ചില സ്ത്രീകളും അവനെ അനുഗമിച്ചിരുന്നു എന്നാണ് ഇവിടെ സുവിശേഷം സാക്ഷ്യം നൽകുന്നത്.

ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുന്ന, അവനിലൂടെ സ്വാതന്ത്ര്യത്തിന്റെ മാധുര്യം അനുഭവിച്ച ഓരോ വ്യക്തികൾക്കുമുണ്ടാകേണ്ട ഒരു മാറ്റമാണ്, തങ്ങളുടെ മാർഗ്ഗങ്ങൾ ക്രിസ്തുവിന്റെ മാർഗ്ഗത്തോട് ചേർന്നതാക്കുക എന്നത്. ക്രിസ്തുവിനെ അറിഞ്ഞിട്ടും അവന്റെ മാർഗ്ഗത്തിൽനിന്ന് മാറിപ്പോകുന്ന ജീവിതങ്ങളോട്, യേശുവിന്റെ അപ്പസ്തോലന്മാരെപ്പോലെ ഈ സ്ത്രീകൾക്കും പറയാനുള്ളത്, ഒരു തിരികെവരവിനെക്കുറിച്ചാണ്; വീണ്ടും യേശുവിനെ പിഞ്ചെല്ലുന്നതിനെക്കുറിച്ചാണ്, അവന്റെ പാദത്തിനരികെയിരുന്ന് ദൈവസ്നേഹം വീണ്ടും അനുഭവിച്ചറിയുന്നതിനെക്കുറിച്ചാണ്.

മറിയവും ശിഷ്യത്വവും

ഗുരുവിനെ പിഞ്ചെല്ലുന്ന ശിഷ്യൻ സ്വീകരിക്കുന്ന ഒരു മനോഭാവമാണ് മറിയത്തിൽ നാം കാണുന്നത്. ഗുരുവിന്റെ പാദത്തിങ്കൽ ഇരുന്ന് അവനെ ശ്രവിക്കുക. ഈയൊരു മനോഭാവവും പെരുമാറ്റവും ലൂക്കയുടെ തന്നെ സുവിശേഷത്തിന്റെ എട്ടാം അധ്യായം മുപ്പത്തിയഞ്ചാം വാക്യത്തിലും നാം കണ്ടുമുട്ടുന്നുണ്ട്. ഗലീലിക്ക് എതിരെയുള്ള ഗരസേനരുടെ നാട്ടിൽ പിശാചുബാധിതനായ ഒരു മനുഷ്യനെ ക്രിസ്തു സുഖപ്പെടുത്തുന്ന ഭാഗത്താണ് യഹൂദമതത്തിലെ ശിഷ്യത്വത്തിന്റെ ഈയൊരു പ്രത്യേകത നാം കാണുക. യേശുവിനാൽ സ്വാതന്ത്രനാക്കപ്പെട്ട ആ മനുഷ്യൻ ക്രിസ്തുവിനെ പിഞ്ചെല്ലുകയും, അവന്റെ കാൽക്കൽ ഇരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് മുപ്പത്തിയഞ്ചാം വാക്യത്തിൽ നാം വായിക്കുന്നത്. പലസ്തീനയിലെ യഹൂദമതത്തിന് പൊതുവായുണ്ടായിരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു, റബ്ബിയുടെ, ഗുരുവിന്റെ പാദത്തിലിരുന്നുകൊണ്ട് ശിക്ഷണം നേടുകയെന്നത്. അപ്പസ്തോലപ്രവർത്തനങ്ങളിലും ഇതിന് സമാനമായ ഒരു വചനം നാം കാണുന്നുണ്ട്. നടപടിപ്പുസ്തകത്തിന്റെ ഇരുപത്തിരണ്ടാം അധ്യായത്തിന്റെ മൂന്നാം വാക്യത്തിലാണത്. യഹോദരോട് പ്രസംഗിക്കുന്ന വിശുദ്ധ പൗലോസ് പറയുന്നത് ഇങ്ങനെയാണ്: "ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്മാരുടെ നിയമത്തിൽ നിഷ്‌കൃഷ്ടമായ ശിക്ഷണം ഞാൻ നേടി".

വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിന്റെ പത്താം അദ്ധ്യായത്തിൽ നാം കാണുന്ന മർത്തായുടെയും മറിയത്തിന്റെയും ഭവനത്തിൽ നടക്കുന്ന ഈയൊരു സംഭവം, ഒരൽപം വ്യത്യസ്തമായി വിശുദ്ധ യോഹന്നാനും അവതരിപ്പിക്കുന്നുണ്ട്. യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളിൽ, ലാസറിന്റെ ഭവനത്തിൽ അത്താഴവിരുന്നിനെത്തിയ ക്രിസ്തുവിനെ പരിചരിക്കാൻ ഓടി നടക്കുന്ന മാർത്തയെയും, യേശുവിന്റെ പാദത്തിങ്കൽ ഇരുന്ന്, വിലയേറിയതും ശുദ്ധവുമായ തൈലം കൊണ്ട് അവന്റെ പാദങ്ങളിൽ പൂശുന്ന മറിയത്തെയും നാം കാണുന്നുണ്ട്.

ഈ വചനഭാഗങ്ങളൊക്കെ മറിയത്തിന്റെ പെരുമാറ്റത്തെ ന്യായീകരിക്കുന്നവയാണ്. ക്രിസ്തുവിനാൽ സ്നേഹിക്കപ്പെടുന്ന ഓരോ വ്യക്തിക്കുമുണ്ടാകേണ്ട ഭാവം, ഗുരുവിന്റെ പാദത്തിനരികിൽ ഇരുന്ന് ഹൃദയം നിറയെ നന്മയുടെ പാഠങ്ങൾ നിറയ്ക്കുക, ഗുരുവിനെ അടുത്തറിയുക, അവനോട് ചേർന്ന് നിൽക്കുക എന്നിവയാണ്.

ഉത്കണ്ഠാകുലയായ മർത്താ

ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്ന ഒരു പരാതിക്കാരിയാണ് മർത്താ. ക്രിസ്തു ആഗ്രഹിച്ച രീതിയിൽ അവനോട് ചേർന്ന് നിൽക്കാൻ ഇനിയും പഠിക്കാത്തവൾ. ദൈവത്തെയറിഞ്ഞിട്ടും, അവനെ നേരായറിയാത്ത ശിഷ്യരുടെ പ്രതിനിധിയാണവൾ. അനേകകാര്യങ്ങളിൽ വ്യാപൃതരാകുന്ന, അസ്വസ്ഥരാകുന്ന, സേവനത്തിലൂടെയും, ശുശ്രൂഷയിലൂടെയും ദൈവത്തെ പ്രീതിപ്പെടുത്താൻ നോക്കുന്ന മനുഷ്യരുടെ പ്രതിനിധി. യേശുവിന്റെ അടുത്തുനിൽക്കാതെ, അവനെ സ്നേഹിക്കാൻ പരിശ്രമിക്കുന്ന, ശിഷ്യരെന്ന് സ്വയം കരുതുന്ന കുറെ മനുഷ്യരുടെ ഭാവമാണ് മാർത്തയിലൂടെ ലൂക്കാസുവിശേഷകൻ വരച്ചുകാട്ടുന്നത്.

എന്തുകൊണ്ട് ക്രിസ്തുവിനരികെ ആയിരിക്കണം?

ശുശ്രൂഷകളിൽ വ്യാപൃതരാകുന്നതിന് പ്രാധാന്യം നൽകുന്നതിനേക്കാൾ, എന്തുകൊണ്ട് ക്രിസ്തുവിനരികെ ആയിരിക്കണം എന്ന ഒരു ചോദ്യം നമ്മുടെയൊക്കെ ഉള്ളിലുണ്ടാകാം. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ടാം വാക്യത്തിൽ ക്രിസ്‌തുതന്നെ അതിന് ഉത്തരം നൽകുന്നുണ്ട്. നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്ത് ചെയ്യണം എന്ന ചോദ്യവുമായി ക്രിസ്തുവിനരികെയെത്തിയ ധനികന്റെ സംഭവത്തിലാണ് നാം ഈയൊരു ചോദ്യത്തിനുള്ള ഉത്തരം കാണുക. അവിടെ നമ്മൾ ഇങ്ങനെയാണ് വായിക്കുക: "അത് കേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക". സ്വർഗ്ഗത്തിൽ നിക്ഷേപമുള്ള മനുഷ്യരാണ് ദൈവത്തെ തേടുക. ഭൂമിയിലും, ഭൂമിയിലെ മനുഷ്യരുടെ പ്രീതിയിലും നിക്ഷേപം വയ്ക്കുന്ന മനുഷ്യർക്ക്, ദൈവത്തെ അനുഗമിക്കുകയും, അവനോടൊത്തായിരിക്കുകയും എളുപ്പമല്ല.

ജീവിതത്തിലെ ഏക ലക്‌ഷ്യം ദൈവത്തിനു മുൻപിൽ പ്രീതികരമായി ജീവിക്കുക എന്നതാകുമ്പോൾ, അവന്റെ ചാരെനിന്ന് മാറിപ്പോകാൻ ഒരുവനുമാകില്ല. കാരണം ക്രിസ്തുവിന്റെ കാൽചുവട്ടിലിരിക്കുകയെന്നാൽ അവൻ പറയുന്നവയെ അംഗീകരിക്കാനും, അവനെ അനുസരിക്കാനും തയ്യാറാവുക എന്നതാണ്. അവന് സ്വയം പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്. യേശുവിൽ പൂർണ്ണമായ വിശ്വാസമുണ്ടാകുമ്പോഴാണ്, മറ്റെല്ലാമുപേക്ഷിച്ച് അവന്റെ പാദത്തിനരികിൽ ഇരിക്കുവാൻ ധൈര്യമുണ്ടാവുക, ശിഷ്യത്വത്തിന് നാം തയ്യാറാവുക, അവനെ സ്നേഹിക്കാൻ തയ്യാറാവുക. എത്രമാത്രം സേവനങ്ങൾ ചെയ്‌താലും, ക്രിസ്തുവിൽനിന്ന് ശാരീരികമായും മാനസികമായും അകന്നാണ് ജീവിക്കുന്നതെങ്കിൽ നമുക്കെന്താണ് നേട്ടം?

വിവിധ ശുശ്രൂഷകൾ

റോമക്കാർക്കെഴുതപ്പെട്ട ലേഖനത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ മൂന്ന് മുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ, വിശുദ്ധ പൗലോസ്‌ ശുശ്രൂഷകളിൽ വൈവിധ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട് എന്നത് ശരിതന്നെയാണ്. "നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്‌തങ്ങളാണ്" എന്ന് പൗലോസ് പറയുന്നുണ്ട്. എന്നാൽ "നാം പലതാണെങ്കിലും, ക്രിസ്തുവിൽ ഏക ശരീരമാണ്" എന്ന് ഇതേ അദ്ധ്യായത്തിന്റെ അഞ്ചാം വാക്യത്തിൽ നാം വായിക്കുന്നുണ്ട് എന്നത് നാം മറക്കരുത്. അതായത്, ക്രിസ്തുവിൽനിന്ന് അകന്നുമാറി, സ്വന്തം കഴിവുകളിൽ മാത്രം ആശ്രയിച്ച് ചെയ്യുന്ന ശുശ്രൂഷകൾക്ക്, ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട് ചെയ്യുന്ന ശുശ്രൂഷകളുടെയത്ര സ്വീകാര്യതയില്ലെന്നർത്ഥം. ക്രിസ്തുവിന്റെ ഗാത്രത്തിലെ ഭാഗങ്ങൾ പോലെ, ചേർന്നുനിന്നുകൊണ്ട് നടത്തുന്ന ശുശ്രൂഷകൾക്കാണ് ക്രിസ്തുവിന്റെ പ്രവൃത്തികളുടെ സ്വഭാവവും ഫലപ്രാപ്തിയുമുണ്ടാവുക.

നമ്മിലെ ക്രിസ്തുസാന്നിദ്ധ്യം 

മർത്തായുടെയും മറിയത്തിന്റെയും സ്നേഹത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന, അതുവഴി ശിഷ്യത്വത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ലൂക്കയുടെ സുവിശേഷത്തിന്റെ പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടുമുതലുള്ള വചനങ്ങൾ നമ്മോട് പറയുക, നമ്മുടെ ശിഷ്യത്വത്തിന്റെ പ്രത്യേകതകളെ വിലയിരുത്താൻ നാമും തയ്യാറാകണമെന്നതാണ്. മർത്തായുടെ ശുശ്രൂഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെ, മറിയത്തിന്റെ സ്നേഹത്തെയും, തന്നോടുള്ള അടുപ്പത്തെയും ക്രിസ്തു കൂടുതൽ വിലമതിക്കുന്നത് നമുക്കുമുള്ള ഒരു സന്ദേശമാണ്. ജീവിതത്തിന്റെ വ്യഗ്രതകളിൽ മുഴുകിയിരിക്കുന്ന നാം ഇടയ്ക്കൊക്കെ, ക്രിസ്തുവിനോടുള്ള നമ്മുടെ അകലത്തെ ഒന്ന് നോക്കിക്കാണണമെന്ന് സുവിശേഷം ആവശ്യപ്പെടുന്നുണ്ട്. എത്രമാത്രം സേവനം ചെയ്‌താലും, നന്മകൾ ചെയ്‌താലും ദൈവത്തിന്റെ പ്രീതിക്കും, ദൈവത്തോടുകൂടിയും അല്ലെങ്കിൽ അവയൊക്കെ വിലകുറഞ്ഞവയായി മാറിയേക്കാമെന്ന് നാം മനസ്സിലാക്കണം. മൂല്യമേറിയ ദൈവത്തിന്റെ പ്രീതിയേക്കാൾ, മനുഷ്യരുടെ പ്രീതിക്കും, സന്തോഷത്തിനും മുൻഗണനകൊടുക്കുന്നത് ദൈവത്തിന് പ്രിയംകരമാകില്ലായെന്ന് നമുക്ക് ഹൃദയത്തിൽ ഓർക്കാം. ക്രിസ്‌തുവിനെ സ്വന്തമാക്കുകയെന്നതും, ക്രിസ്തുവിന്റേതായി മാറുകയെന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തുവിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാവുക എന്ന് തിരിച്ചറിഞ്ഞ്, മദർ തെരേസയെപ്പോലെയുള്ള വിശുദ്ധരുടെ ജീവിതങ്ങൾ പഠിപ്പിക്കുന്നതുപോലെ, സഭയിൽ കാരുണ്യത്തിന്റെ, സേവനത്തിന്റെ പ്രവൃത്തികൾ ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്നതിൽനിന്ന് ലഭിക്കുന്ന ഊർജ്ജത്തിൽ ചെയ്യാൻ നമുക്കും പഠിക്കാം. നല്ല ഭാഗം തിരഞ്ഞെടുക്കാൻ, ക്രിസ്തുവിന്റെ സ്നേഹം ലഭിക്കുന്നതിനുവേണ്ടി, ക്രിസ്തുവിൽ ആയിരിക്കുന്നതിനുവേണ്ടി നമുക്കും പരിശ്രമിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2022, 14:17