തിരയുക

രക്ഷയിലേക്കുള്ള വാതിൽ രക്ഷയിലേക്കുള്ള വാതിൽ 

രക്ഷയുടെ വാതിൽ കടക്കുവാൻ കഠിനമായി പരിശ്രമിക്കുക

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിരണ്ടു മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Luke 13, 22-30 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവരാജ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഓരോ ദൈവവിശ്വാസിയുടെയും ജീവിതലക്ഷ്യമായ ആ സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുവാനായി എത്രമാത്രം തീക്ഷണതയോടെയാണ് നാം പ്രവർത്തിക്കേണ്ടതെന്നതിനെക്കുറിച്ചുമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. ദൈവരാജ്യം എപ്രകാരമുള്ളതാണ് എന്നതിനെക്കുറിച്ച് കടുകുമണിയിൽനിന്ന് വളർന്നുവരുന്ന വൃക്ഷം പോലെയും, അപ്പമുണ്ടാകുവാനായി തയ്യാറാക്കുന്ന മാവിനെ പുളിപ്പിക്കുന്ന പുളിപ്പ് പോലെയുമാണ് എന്നിങ്ങനെ ഉപമകളിലൂടെ പഠിപ്പിച്ചതിനു പിന്നാലെയാണ് ആ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിലുണ്ടായേക്കാവുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് യേശു തന്റെ മുന്നിലുള്ള മനുഷ്യരോടും, ഇന്ന് നമ്മോടും പറയുക.

സ്വർഗ്ഗരാജ്യപ്രവേശനം എളുപ്പമുള്ളതല്ല

പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ജെറുസലേമിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഒരു മനുഷ്യൻ ചോദിക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നത്. സ്വർഗ്ഗരാജ്യപ്രവേശനം എളുപ്പമുള്ള ഒരു കാര്യമല്ല എന്ന ഒരു പ്രധാനപ്പെട്ട സത്യം പഠിപ്പിക്കുവാൻ യേശു ഈ അവസരത്തെ ഉപയോഗിക്കുകയാണ്. ജീവിതത്തെ അത്ര ഗൗരവമായൊന്നും എടുക്കേണ്ട ആവശ്യമില്ല എന്ന ഒരു ചിന്തയിൽ ജീവിക്കുന്ന നമ്മിൽ പലർക്കുമുള്ള ഒരു സന്ദേശമാണ് ഇന്നത്തെ സുവിശേഷം. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ എന്ന് പറഞ്ഞതിന് ശേഷം വളരെ വ്യക്തമായി ക്രിസ്തു പറയുന്നു, "അനേകം പേർ പ്രവേശിക്കാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല". സ്വർഗ്ഗരാജ്യപ്രവേശനം അത്ര എളുപ്പമല്ല എന്നും, സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയാണ് നമ്മുടെ ജീവിതമെങ്കിൽ നാം അതിനായി നന്നായി അദ്ധ്വാനിക്കണമെന്നും ക്രിസ്തു ഇവിടെ വളരെ വ്യക്തമായി, കൃത്യതയോടെ പറഞ്ഞുവയ്ക്കുന്നു. കരുണയുടെയും ക്ഷമയുടെയും ദൈവത്തെ അവതരിപ്പിക്കുന്ന ലൂക്കാ സുവിശേഷകൻ തന്നെയാണ്, സ്വർഗ്ഗരാജ്യപ്രവേശനത്തെ സംബന്ധിച്ചുള്ള ക്രിസ്‌തുവിന്റെ വചനങ്ങളിലെ നിഷ്കർഷതയെക്കുറിച്ച് പറയുന്നതെന്നത് ശ്രദ്ധേയമാണ്. സ്വർഗ്ഗരാജ്യപ്രവേശനം ആഗ്രഹിക്കുന്നവൻ, അതിനു യോജിച്ച ഒരു ജീവിതം ജീവിക്കണം. സ്വർഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം അസാധ്യമാക്കുന്ന രീതിയിൽ ഒന്നും ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലെന്ന്, എളിമയുടേതും, ഉപേക്ഷകളുടേതുമായ ഒരു ജീവിതമേ ദൈവാരാജ്യത്തിലേക്ക്, ദൈവസന്നിധിയിലേക്ക് ഉള്ള ഒരു യാത്രയെ സാധ്യമാക്കൂ എന്നുമാണ് വചനം ഇവിടെ ഓർമ്മിപ്പിക്കുന്നത്. നന്മപ്രവൃത്തികൾ ചെയ്‌ത്‌, കഠിനാധ്വാനത്തിലൂടെയുള്ള ജീവിതം മാത്രമേ ദൈവാരാജ്യത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തെ സഹായിക്കൂ.

ദൈവാരാജ്യത്തിനായി അദ്ധ്വാനിക്കേണ്ടതെപ്പോൾ?

ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമതൊരു ചിന്ത എപ്പോഴാണ് ദൈവാരാജ്യപ്രവേശനത്തിനായി നാം പരിശ്രമിക്കേണ്ടതെന്നതിനെ സംബന്ധിച്ചാണ്. ഇരുപത്തിനാലാം വചനത്തിന്റെ രണ്ടാം ഭാഗം മുതൽ ഇതിനെക്കുറിച്ചാണ് യേശു നമ്മോട് പറയുക. ദൈവാരാജ്യപ്രവേശനത്തിനായുള്ള നമ്മുടെ അദ്ധ്വാനം വൈകിപ്പോകരുത് എന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ യേശു പറയുക. നാളത്തേക്ക് വയ്ക്കാവുന്നതല്ല ദൈവരാജ്യത്തിനുവേണ്ടിയുള്ള അദ്ധ്വാനം. ഇന്നത്തെ നമ്മുടെ ജീവിതത്തിനും, നന്മ ചെയ്യാനും, തിന്മ ഒഴിവാക്കാനും ഉള്ള പരിശ്രമങ്ങൾക്കും അനുസരിച്ചാണ് നാളെയുള്ള നമ്മുടെ സ്വർഗ്ഗരാജ്യപ്രവേശനത്തിന്റെ സാദ്ധ്യതകൾ തീരുമാനിക്കപ്പെടുന്നത്. എപ്പോഴും എവിടെയും മുൻകൂട്ടി കാര്യങ്ങൾ വിഭാവനം ചെയ്യുന്ന നാമൊക്കെ പലപ്പോഴും ദൈവികമായ കാര്യങ്ങൾ നാളെകളിലേക്ക് മാറ്റിവയ്ക്കാറുണ്ട്. എന്നാൽ, ഇരുപത്തിയഞ്ചാം വചനത്തിൽ ക്രിസ്തു പറയുന്നു, "വീട്ടുടമസ്ഥൻ എഴുന്നേറ്റ്, വാതിൽ അടച്ചു കഴിഞ്ഞാൽ പിന്നെ, നിങ്ങൾ പുറത്തുനിന്ന്, കർത്താവെ, ഞങ്ങൾക്ക് തുറന്നു തരണമേ എന്ന് പറഞ്ഞ് വാതിൽക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോട് പറയും: നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല". ക്രിസ്തുവിനെ അറിയാൻ, ദൈവത്തെ സ്നേഹിക്കാൻ,ദൈവികമായ പ്രവൃത്തികൾ ചെയ്യാൻ, വൈകുന്നവരുടെ നാളെകൾ, ദൈവത്തിൽനിന്ന് അകന്നവ ആയിരിക്കുമെന്നും, വൈകിവരുന്ന സ്നേഹത്തിനും പരിശ്രമങ്ങൾക്കും വിലയുണ്ടാകില്ലെന്നും ഈ തിരുവചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. നാളെകളിലേക്ക് വയ്ക്കാതെ, ഇപ്പോൾ തന്നെ നന്മകൾ പ്രവൃത്തിക്കാൻ ആരംഭിക്കേണ്ടിയിരിക്കുന്നു; ക്ഷമിക്കാനും സ്നേഹിക്കാനും തുടങ്ങേണ്ടിയിരിക്കുന്നു; അനാവശ്യമായി കൂട്ടിച്ചേർത്തുവച്ചിരിക്കുന്നവ, ദൈവാരാജ്യത്തിനു ചേർന്നവയല്ലാത്ത ലൗകികത, ഉപേക്ഷിച്ചുതുടങ്ങേണ്ടിയിരിയ്ക്കുന്നു. നമ്മുടെ ഇന്നുകളിൽ ദൈവം അനുവദിച്ചുതരുന്ന ഒരു അവസരം പോലും പാഴാക്കിക്കളയരുതെന്നും ഇടുങ്ങിയ വാതിൽ എന്നന്നേക്കുമായി നമ്മുടെ മുന്നിൽ തുറന്നുകിടക്കില്ലെന്നും നമുക്ക് എപ്പോഴും ഓർത്തിരിക്കാം.

സുവിശേഷത്തിൽ കാണുന്ന വൈകിയെത്തുന്ന മനുഷ്യർ പറയുന്ന ഒരു കാര്യമുണ്ട്. ഇരുപത്തിയാറാം വചനത്തിലാണത്. "നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്". നമുക്കും പലപ്പോഴും സംഭവിക്കുന്ന ഒരു തെറ്റിനെക്കുറിച്ചാണ് ഈ വചനം നമ്മോട് പറയുക. ദൈവത്തിന്റെ സാന്നിധ്യത്തിൽ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത നാം, ദൈവത്തെ ഉള്ളിൽ സ്വീകരിക്കാൻ തയ്യാറായിട്ടുണ്ടോ? നമ്മുടെ ജീവിതാവഴികളിൽ ക്രിസ്തുവിന്റെ വചനങ്ങൾ കേട്ട നാം, അതിനെ ജീവിതത്തിൽ സ്വംശീകരിച്ചിട്ടുണ്ടോ? അതനുസരിച്ച് ജീവിച്ചിട്ടുണ്ടോ? അതോ അവന്റെ സാന്നിധ്യമറിയുന്ന ജീവിതനിമിഷങ്ങളിലും അനീതിയിൽ തുടരുന്ന പാപികളാണോ നാം? യഥാർത്ഥത്തിൽ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കാൻ മറന്ന വ്യക്തികളാണ് നാമെങ്കിൽ, ഇന്ന് ക്രിസ്തുവിന്റെ വചനം നമ്മോട് പറയും; "നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ"

ദൈവരാജ്യത്തിനു വേണ്ടി അധ്വാനിക്കാത്തവരുടെ പ്രതിഫലം

ഇന്നത്തെ സുവിശേഷത്തിന്റെ അവസാന മൂന്ന് തിരുവചനങ്ങൾ, ക്രിസ്തുവിനെ അറിയാൻ പരിശ്രമിക്കാത്ത, അവനെ ജീവിതത്തിൽ സ്വീകരിക്കാത്ത, അവൻ അറിയിച്ച സുവിശേഷമനുസരിച്ച് ദൈവരാജ്യത്തിനായി പരിശ്രമിക്കാത്ത വ്യക്തികൾക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചാണ്. വചനമനുസരിച്ച് ജീവിച്ചവർക്ക് ലഭിച്ച സ്വർഗ്ഗരാജ്യപ്രവേശനം കാണുകയും അതിൽ അസൂയപ്പെടുകയും ചെയ്യുക എന്നത് മാത്രമല്ല ദൈവാരാജ്യത്തിനായി അധ്വാനിക്കാത്ത വ്യക്തികൾക്കുള്ള ശിക്ഷ. ജീവിതകാലത്ത് തങ്ങൾ ഉപേക്ഷിച്ച നന്മകൾ തങ്ങൾക്ക് മുന്നിലും നിരസിക്കപ്പെടുന്നത് കാണുകയും, അനേകർ ദൈവരാജ്യത്തിന്റെ വിശുദ്ധിയിലും ആനന്ദത്തിലും കഴിയുമ്പോൾ, തിരസ്‌കാരത്തിന്റെ കൈപ്പുനീർ കുടിക്കേണ്ടിവരികയുമാണ് അവർക്കുള്ള ശിക്ഷ.

പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട, അവസരങ്ങൾ നൽകപ്പെട്ട, യഹൂദജനത്തെക്കുറിച്ചുള്ള ഒരു വചനത്തോടെയാണ് സുവിശേഷം അവസാനിക്കുന്നത്. "അപ്പോൾ മുൻപൻമാരാകുന്ന പിൻന്മാരും പിൻപന്മാരാകുന്ന മുൻപന്മാരും ഉണ്ടായിരിക്കും". ഈ ഒരു വചനം നമ്മെ ഓരോരുത്തരെയും സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്. ദൈവത്താൽ പ്രത്യേകമായി അനുഗ്രഹിക്കപ്പെട്ട്, അവനെ അറിയുവാനും സ്വീകരിക്കുവാനും, മറ്റു ജനതകളുടെ മുന്നിൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനമെന്ന നിലയിൽ യഹൂദജനം ക്രിസ്തുവിനെ തിരസ്കരിച്ചപ്പോൾ, ദൈവാരാജ്യമെന്ന യഥാർത്ഥ വാഗ്ദത്തഭൂമിയാണ് അവർ നിരസിച്ചുകളയുന്നത്. ഈയൊരു വചനം ഓരോ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളവും ഒരു ആത്മവിചിന്തനത്തിന് കാരണമാകേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെട്ട നിങ്ങളും ഞാനും, ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്കനുസരിച്ചാണോ ജീവിക്കുന്നത്?

പ്രിയപ്പെട്ടവരേ, ഇന്നത്തെ സുവിശേഷത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ സൂക്ഷിക്കാനും, അത് നൽകുന്ന വലിയ വിളിക്കനുസരിച്ച് പ്രതികരിക്കാനും നമുക്ക് പരിശ്രമിക്കാം. ഇടുങ്ങിയ വാതിലിലൂടെ സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ വേണ്ടി, നമ്മുടെ ജീവിതങ്ങളെ കുറച്ചുകൂടി ഭംഗിയുള്ളതാക്കാം. അനാവശ്യമായി നമ്മുടെ ജീവിതത്തെ ഈ ഭൂമിയോട് ബന്ധിച്ചിടുന്ന എല്ലാത്തിനെയും ഒഴിവാക്കി, ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ ചേർത്തുപിടിക്കാം. ക്രിസ്തുവിന്റെ സാന്നിധ്യം നമ്മിൽ ഒരു പ്രേരണ മാത്രമായി തീരാതെ, അവനെ ഉള്ളിൽ സ്വീകരിച്ച, അവനെ ഹൃദയത്തിൽ സാംശീകരിച്ച മനുഷ്യരായി, ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കുന്ന മനുഷ്യരായി നമുക്ക് മാറാം. ദൈവം അനുവദിച്ചു തരുന്ന ഓരോ അവസരങ്ങളും ദൈവരാജ്യത്തെ മുന്നിൽ കണ്ട്, രക്ഷയുടെ അവസരങ്ങളാക്കി മാറ്റുവാൻ വേണ്ടി നമുക്ക് അധ്വാനിക്കാം. നന്മയ്ക്കായുള്ള പ്രവൃത്തികളെ, രക്ഷയ്ക്കായുള്ള അവസരങ്ങളെ, നാളെകളിലേക്ക് തള്ളിവിടാതെ, ജീവനിലേക്കുള്ള വാതിൽ കടക്കുവാൻ ഇന്നുതന്നെ പരിശ്രമിക്കുവാൻ തുടങ്ങാം. അവസരങ്ങൾ പാഴാക്കിക്കളയാതെ, വിവേകപൂർവ്വം ജീവിക്കാം. ദൈവരാജ്യത്തിൽ മുൻപന്മാരാകുവാൻവേണ്ടി പരിശ്രമിച്ചുകൊണ്ട്, സുവിശേഷത്തിന്റെ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന മനുഷ്യർക്കൊപ്പം, ദൈവരാജ്യത്തെ ലക്ഷ്യമാക്കി ഈ നിമിഷം മുതൽ നമുക്കും സഞ്ചരിച്ചു തുടങ്ങാം. രക്ഷയുടെ വാതിൽക്കൽ നമുക്കായി കാത്തിരിക്കുന്ന ദൈവത്തിന്റെ വിളിക്കനുസരിച്ച് നമ്മുടെ ചുവടുകൾ വയ്ക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഓഗസ്റ്റ് 2022, 21:07