തിരയുക

ക്രിസ്തുവും ശിഷ്യരും ക്രിസ്തുവും ശിഷ്യരും 

ഭിന്നിപ്പുണ്ടാക്കുന്ന ക്രൈസ്തവവിശ്വാസം

വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം നാല്പത്തിയൊൻപത് മുതൽ അൻപത്തിമൂന്ന് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Luke 12, 49-53 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമുള്ള ദൈവപുത്രനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കാസുവിശേഷകൻ, സുവിശേഷത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ നാൽപ്പത്തിയൊൻപതു മുതൽ അൻപത്തിമൂന്നു വരെയുള്ള ഭാഗത്ത്, വിഭജനത്തിന്റെ അഗ്നിയുമായി വരുന്ന ക്രിസ്തുവിന്റെ കാര്യമാണ് നമ്മോട് പറയുന്നത്. സമാധാനവും ആശ്വാസവും പ്രതീക്ഷിച്ചിരുന്ന ഒരു ജനതയോടാണ്, സമാധാനം നൽകാനല്ല, ഭിന്നതകൾ ഉണ്ടാക്കാനാണ് താൻ ഈ ഭൂമിയിലേക്ക് കടന്നുവന്നിരിക്കുന്നതെന്ന് ക്രിസ്തു പറയുക. സമാധാനത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും മതമായി അറിയപ്പെടുന്ന ക്രൈസ്തവമതത്തിൽ ഇതുപോലെ ഒരു ചിന്തയ്ക്ക് എന്താണ് സ്ഥാനം എന്ന ഒരു ചോദ്യം പലപ്പോഴും നമ്മുടെ ഉള്ളിൽ കടന്നുവന്നിട്ടുണ്ടാകണം. എന്നാൽ ക്രിസ്തുവിന്റെ വചനം വളരെ വ്യക്തമാണ്; "ഭൂമിയിൽ സമാധാനം നൽകാനാണ് ഞാൻ വന്നിരിക്കുന്നതെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്ന് ഞാൻ നിങ്ങളോട് പറയുന്നു" (വാ. 51). ഈ ഭിന്നതയെക്കുറിച്ചുള്ള ചിന്തകൾക്ക് കാഠിന്യമേറ്റുന്നത്, ഒരു കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ പോലും, മാതാപിതാക്കളും മക്കളും തമ്മിൽ പോലും, ഭിന്നതയുണ്ടാകുമെന്ന യേശുക്രിസ്തുവിന്റെ വാക്കുകളാണ്.

ക്രിസ്തുവിന്റെ അധ്യയനത്തിന്റെ പശ്ചാത്തലം

ഇന്നത്തെ സുവിശേഷഭാഗത്തെ മനസിലാക്കാൻ, ഇത് എപ്പോൾ, ആരോടാണ് പറയപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ടതാണ്. പന്ത്രണ്ടാം അദ്ധ്യായത്തിന്റെ ആരംഭത്തിൽത്തന്നെ ഇത് വ്യക്തമാണ്; "പരസ്പരം ചവിട്ടേൽക്കത്തക്കവിധം ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ അവൻ ശിഷ്യരോട് പറയുവാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിൻ" (വാ. 1). ദൈവഹിതമനുസരിച്ചുള്ള ജീവിതത്തിൽ എന്തൊക്കെ ആവാം, എന്തൊക്കെ ആയിക്കൂടാ, എന്തൊക്കെയാണ് പ്രധാനപ്പെട്ടത്, അപ്രധാനമേത്, ഇങ്ങനെ, അന്തിമവിധിദിനത്തിൽ ഒരുക്കമുള്ളവരായി കണക്കാക്കപ്പെടുവാൻ എപ്രകാരം ജീവിക്കണമെന്ന പാഠങ്ങൾ പറഞ്ഞുകൊടുത്തതിന് ശേഷമാണ് ക്രിസ്തു, ഇന്നത്തെ വചനഭാഗം പറയുക. ജീവിതത്തിൽ പ്രധാനപ്പെട്ടത് ഏതെന്ന തീരുമാനമാണ് ഭിന്നതകൾക്ക് അടിസ്ഥാനമാവുക. ദൈവത്തിന് മുൻപിൽ മൂല്യമുള്ളവരാകാൻ, ഈ ഭൂമിയിലെ മൂല്യങ്ങൾ പ്രധാനപ്പെട്ടതാകണമെന്നില്ല എന്ന് ഈ ഒരു അദ്ധ്യായത്തിൽ യേശു വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. ഭൗമികമായ സമ്പത്ത് എപ്രകാരം വർദ്ധിപ്പിക്കണമെന്ന് പഠിക്കാനുള്ളതല്ല ക്രൈസ്തവവിശ്വാസം. ക്രിസ്തുവിന്റെ വാക്കുകളിൽ നാം ഇത് വായിച്ചിട്ടുണ്ട്; "മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്" (വാ. 15). ദൈവപരിപാലനയിൽ ആശ്രയം വച്ച് മുന്നോട്ടുപോകുവാൻ ഓരോ ക്രൈസ്തവനും, ഓരോ ദൈവവിശ്വാസിയും അറിഞ്ഞിരിക്കണം. സ്വർഗ്ഗത്തിലാണ് നിക്ഷേപമെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ്, നമുക്ക് ആവശ്യമുള്ളതെല്ലാം തരും. എന്നാൽ ഈയൊരു വിശ്വാസം കർത്താവിന്റെ വിശ്വസ്‌തരായ ഭൃത്യരായി, സദാ ജാഗരൂകരായി, ദൈവഹിതമനുസരിച്ച് ജിവിക്കാനും നമ്മെ പ്രേരിപ്പിക്കണം. അങ്ങനെ, വിശ്വാസം പ്രവർത്തികജീവിതത്തിൽ എപ്രകാരം അനുവർത്തിക്കണമെന്നതിനെക്കുറിച്ച് പഠിപ്പിച്ചതിന് ശേഷമാണ് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിൽ ഭിന്നതയുടെ ദിനങ്ങളെക്കുറിച്ച് പറയുക.

ദൈവാരാജ്യവും ഭിന്നതയും 

ക്രിസ്തു ദൈവരാജ്യത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നത് ഹൃദയങ്ങളിൽ വ്യത്യസ്ത വികാരവിചാരങ്ങളാണ് ഉണർത്തുന്നത്. ചിലരിൽ അത്, വിശുദ്ധയിലേക്കുള്ള മാറ്റത്തിനും, ഹ്രദയത്തിന്റെ പരിവർത്തനത്തിനും കാരണമാകുമ്പോൾ, മറ്റു ചിലരുടെ ഹൃദയങ്ങളെ കഠിനമാക്കാനാണ് അത് കാരണമാകുക. ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഏവർക്കും സ്വീകാര്യമാകണമെന്നില്ല. ചിലരിൽ അത് സ്വീകാര്യമാകുമ്പോൾ, മറ്റു ചിലരിൽ അത് ആന്തരികമായ സംഘർഷങ്ങൾക്കും, ചിലപ്പോഴൊക്കെ എതിർപ്പിനുമാണ് കാരണമാകുന്നത്. ഭൗമികമായ ജീവിതത്തെ മാത്രം പ്രധാനപ്പെട്ടതായി കാണുന്ന മനസ്സുകളിൽ ഭൂമിയിലെ മൂല്യങ്ങൾക്കും അളവുകോലുകൾക്കും അപ്പുറത്തേക്ക് നിൽക്കുന്ന ചിന്തകളെയും മൂല്യങ്ങളെയും പഠനങ്ങളെയും സ്വീകരിക്കാനോ, പലപ്പോഴും അവയെ അംഗീകരിക്കാനോ പോലും സാധ്യമല്ല. എന്നാൽ ദൈവികമായ മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം, ലൗകികതയുടെ മൂല്യങ്ങൾക്കും സുഖസൗകര്യങ്ങൾക്കും നിസ്സാരതയുടെ മുഖവും അതനുസരിച്ചുള്ള സ്വീകാര്യതയുമാകാം ഉണ്ടാവുക. ഇവിടെയാണ് ക്രിസ്തു മുൻകൂട്ടി അറിയിക്കുന്ന ഭിന്നതകൾക്ക് ആരംഭം കുറിക്കുന്നത്.

ക്രിസ്തു കൊണ്ടുവരുന്ന അഗ്നി 

"ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തി ജ്വലിച്ചിരുന്നെങ്കിൽ!" (വാ. 1). ക്രിസ്‌തു സുവിശേഷത്തിൽ പ്രതിപാദിക്കുന്ന അഗ്നി ഏതാണ്? യഹൂദമത ചിന്തയിൽ അഗ്നി, ന്യായവിധിയുടെ പ്രതീകമാണ്. ഈ ഭൂമിയിലേക്ക് കടന്നുവരുന്ന ക്രിസ്തു, ദൈവികമായ ന്യായവിധിയുടെ ഭാഗമായാണ് തന്റെ കടന്നുവരവെന്നാണ് ഈ വചനത്തിലൂടെ വിവക്ഷിക്കുന്നത് എന്ന് വ്യാഖ്യാനം ചെയ്യുന്നവരുണ്ട്. എന്നാൽ പരിശുദ്ധാത്മാവാകുന്ന അഗ്നിയെക്കുറിച്ചാണ് യേശു പറയുക എന്ന മറ്റൊരഭിപ്രായവും ഈ വചനത്തെക്കുറിച്ച് പറയാറുണ്ട്. ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തിയുടെ ഭാഗമായ കുരിശുമരണത്തിനും ഉയിർപ്പിനും ശേഷം വരുവാനിരിക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് കൊണ്ടുവരുന്ന ശുദ്ധീകരണത്തിന്റെ അഗ്നിയെക്കുറിച്ചാണ് ഈയൊരു വചനം എന്ന ഒരു വ്യാഖ്യാനമാണ് ഇങ്ങനെയൊരു അഭിപ്രായത്തിന് കാരണം. ഇനിയും മൂന്നാമതൊരു ചിന്ത വചനമെന്ന അഗ്നിയെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിന്റെ വചനങ്ങൾ ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതും, അതിലൂടെ സ്വർഗ്ഗരാജ്യം ലോകമെങ്ങും വ്യാപിക്കുന്നതും, വചനത്തിന്റെ അഗ്നി അനേകായിരം ഹൃദയങ്ങളിൽ മാനസാന്തരത്തിന്റെ, അനുരഞ്ജനത്തിന്റെ, ദൈവസ്നേഹത്തിന്റെ അഗ്നിയായി പെയ്തിറങ്ങുന്നതുമാണെന്ന ഒരു വ്യഖ്യാനമാണ് ഇതിന് കാരണം.

വ്യാഖ്യാനം ഏതു രീതിയിലും ആയിക്കൊള്ളട്ടെ, ക്രിസ്തു എന്ന ദൈവപുത്രനിലൂടെ മാനവകുലത്തിലേക്ക് പെയ്തിറങ്ങിയ അഗ്നി ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ ചിന്തകൾക്ക് മുന്നിൽ ദൈവവചനത്തിന്റെ ഇരുതലവാളായി അത് മനുഷ്യഹൃദയങ്ങളെ നന്മതിന്മകളിലൂടെ വിഭജിച്ചുകൊണ്ടിരിക്കുന്നു. അതെ, യേശു ഇന്നത്തെ സുവിശേഷത്തിൽ പറയുന്ന വിഭജനം നൂറ്റാണ്ടുകളിലൂടെ ക്രൈസ്തവവിശ്വാസത്തിന്റെ വെളിച്ചമെത്തുന്ന ഇടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യമാണ്.

കുരിശിലെ സ്‌നാനം 

കുരിശിൽ അർപ്പിക്കപ്പെടുന്ന ത്യാഗത്തിന്റെ ബലിയിലൂടെ പൂർത്തിയാക്കപ്പെടുന്ന തന്റെ രക്ഷാകരദൗത്യത്തെ ഒരു സ്‌നാനമായാണ് ക്രിസ്തു വിശേഷിപ്പിക്കുക. "എനിക്ക് ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്; അത് നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു!" (വാ. 50). ഈ ഒരു ത്യാഗം കുറച്ചു വേദനകൾ ഉള്ള ഒരു മരണം മാത്രമല്ല, മറിച്ച് വേദനകളിൽ മുങ്ങിക്കുളിച്ച ഒരു ബലിയാണ്. മനുഷ്യന് സഹിക്കാവുന്നതിനപ്പുറമുള്ള വേദനകളുടെ കുരിശുമരത്തിലെ ബലിയർപ്പണത്തെ എത്ര തീവ്രമായാണ് ക്രിസ്‌തു കാത്തിരിക്കുക! മാനവകുലത്തോടുള്ള ദൈവസ്നേഹം എത്രമാത്രം ആഴമേറിയതാണെന്ന് മനസ്സിലാക്കാൻ കുരിശിലെ ബലിയോളം പോന്ന മറ്റൊരു സംഭവമില്ല. ആ ബലിയിലൂടെ മനുഷ്യവംശത്തിനു മുഴുവൻ കരഗതമാകുന്ന രക്ഷയുടെ അമൂല്യതയ്ക്ക് മുന്നിൽ ക്രിസ്‌തു സന്തോഷപൂർവ്വമാണ് സഹനങ്ങളെ ഏറ്റെടുക്കുന്നത്. ഹെബ്രായർക്കുള്ള ലേഖനത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ് പറയുക: "അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു" *(ഹെബ്രാ. 12,2) സാധാരണ മനുഷ്യചിന്തകൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത, ലോകത്തിന് മുന്നിൽ ഭോഷത്തമായ ഈ ത്യാഗത്തിന്റെ ബലിയാണ് ഭൂമിയിൽ മാനവഹൃദയങ്ങളിൽ ഭിന്നതയ്ക്ക് കാരണമാവുക. ബലിയിലൂടെ ലഭ്യമാകുന്ന രക്ഷയെ സ്വീകരിച്ചവർക്ക് അവന്റെ മരണവും ഉത്ഥാനവും അർത്ഥപൂർണ്ണമാകുമ്പോൾ, വിശ്വാസമെന്ന അനുഗ്രഹം ഇനിയും ഹൃദയത്തിലേറ്റുവാങ്ങാൻ സാധിക്കാത്ത മനുഷ്യർക്ക് അത് അർത്ഥമില്ലാത്ത, മനസ്സിലാക്കാൻ സാധിക്കാത്ത, അംഗീകരിക്കാനാകാത്ത വെറുമൊരു മരണമായി മാറുന്നു. ഹൃദയങ്ങളിൽ മാറ്റം വരണമെങ്കിൽ, ക്രിസ്തുവിൽനിന്ന്, സഭയിലൂടെ, വചനത്തിലൂടെ, ആത്മാവിലൂടെ ലഭ്യമാക്കുന്ന സ്‌നാനത്തിലൂടെ, വിശ്വാസമെന്ന അനുഗ്രഹം മനുഷ്യർക്ക് ലഭ്യമാകണം. അപ്പോഴാണ് കുരിശിലെ സ്‌നാനത്തിന്റെ വിലയും, അർത്ഥവും, അനുഗ്രഹവും ജീവിതത്തിൽ ഏറ്റുവാങ്ങാൻ നമുക്ക് സാധിക്കുക.

വിശ്വാസം കൊണ്ടുവരുന്ന വിഭജനം 

ഇന്നത്തെ സുവിശേഷത്തിന്റെ അവസാന വചനങ്ങൾ ഏറെ സന്ദേഹമുളവാക്കുന്നവയാണ്. പിതാവായ ദൈവത്തിന്റെ സ്നേഹമായി കടന്നുവരുന്ന ക്രിസ്തുവിനെങ്ങനെയാണ് വിഭജനത്തിന്റെ കാരണമാകാൻ സാധിക്കുക? എപ്രകാരമാണ് "ഭിന്നിച്ചിരിക്കുന്ന അഞ്ചു പേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്ന് പേര് രണ്ടു പേർക്ക് എതിരായും രണ്ടുപേർ മൂന്ന് പേർക്ക് എതിരായും ഭിന്നിച്ചിരിക്കുമെന്ന്" (വാ. 52) ക്രിസ്തുവിന് പറയാൻ സാധിക്കുക? എപ്രകാരമാണ് ദൈവവചനവും ക്രൈസ്തവവിശ്വാസവും ഭിന്നതയ്ക്ക് കാരണമാകുക? ഒരുപക്ഷെ ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം, വിശ്വാസം കൊണ്ടുവരുന്ന ഈയൊരു വിഭജനമാണ്"

പലപ്പോഴും ദൈവസ്നേഹത്തിന്റെയും ക്ഷമയുടെയും, പരസ്പര അംഗീകാരത്തിന്റെയും ഒക്കെ അരൂപിയിലാണ് ക്രൈസ്തവമതത്തെയും, ക്രൈസ്തവരെയും ലോകം മുഴുവൻ കാണുക. എന്നാൽ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ, പരസ്പരവിട്ടുവീഴ്ചയ്ക്കും, അനുനയങ്ങൾക്കും ഇടം നൽകാനാകാത്ത ഒരു സത്യമാണ് ക്രൈസ്തവികത. ക്രിസ്തുവിന്റെ സ്‌നാനം സ്വീകരിക്കുകയെന്നാൽ, അവന്റെ വചനം അംഗീകരിക്കുകയെന്നാൽ, അവൻ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയെന്നാൽ, വിട്ടുവീഴ്ചകൾക്കിടം നൽകാത്തവിധം ദൈവഹിതമനുസരിച്ച് ജീവിക്കാൻ തയ്യാറാവുക എന്നതാണ്. അപ്രകാരമുള്ള ഒരു ജീവിതത്തിൽ, ക്രിസ്തുവിനെ പിഞ്ചെല്ലുന്നുവെന്ന് അവകാശപ്പെടുകയും, ജീവിതത്തിൽ വിശ്വാസത്തിനെതിരായി പ്രവൃത്തിക്കുകയും ചെയ്യുന്ന മനുഷ്യരോട് ഒരു യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിൽ സന്ധിസംഭാഷണങ്ങൾക്കും, വിട്ടുവീഴ്ചകൾക്കും, ഒത്തുതീർപ്പുകൾക്കും ഒന്നും സ്ഥാനമില്ലെന്ന് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നുണ്ട്. പിതൃപുത്രബന്ധമോ, സഹോദരബന്ധമോ, സൃഷ്ടാവായ ദൈവവുമായുള്ള ബന്ധത്തിന് മുന്നിൽ തടസമായി നിൽക്കരുത് എന്ന കഠിനമായ എന്നാൽ, സത്യസന്ധമായ വസ്‌തുത നാം ജീവിക്കാൻ ആരംഭിക്കുമ്പോൾ, ക്രിസ്തുവിന്റെ വചനങ്ങൾ സത്യമാകുന്നുവെന്ന് നമുക്ക് മനസ്സിലാകും. പലപ്പോഴും നമ്മുടെ സഭകളിലും, ഇടവകകളിലും, കുടുംബങ്ങളിലുമൊക്കെ സമാധാനമുണ്ടാകുവാൻ വേണ്ടി നാം പലതരം വിട്ടുവീഴ്ചകൾക്കു തയ്യാറാകുന്നുണ്ട്. എന്നാൽ വിശ്വാസത്തിന്റെ കാര്യത്തിലുള്ള വിട്ടുവീഴ്ചകൾ അനുവദിക്കാത്ത ഒരു വിശ്വാസമാണ് ക്രൈസ്തവവിശ്വാസം. കാരണം സൃഷ്ടാവായ ദൈവത്തിലും, രക്ഷകനായ ക്രിസ്തുവിലും, സഹായകനായ, ശക്തിനൽകുന്ന പരിശുദ്ധാത്മാവിലും ഉള്ള വിശ്വാസം പണയം വയ്ക്കാൻ നാം തയ്യാറാകുമ്പോൾ ഇല്ലാതാകുന്നത് ദൈവത്തിലുള്ള സത്യവിശ്വാസമാണ്, ക്രൈസ്തവസഭയുടെതന്നെ അന്തഃസത്തയാണ്.

വിശ്വാസം ജീവിക്കുക

ഇന്നത്തെ സുവിശേഷം അതുകൊണ്ടു തന്നെ നമുക്ക് ഒരു വിചിന്തനത്തിന് കാരണമാകണം. ക്രിസ്തുവിന്റെ ജീവനിലൂടെ നാം നേടിയ രക്ഷയെ എത്രമാത്രം വിലമതിക്കുന്നവരാണ് നമ്മൾ? അവൻ പകർന്നുതന്ന ജീവിതമാർഗ്ഗം നാം എത്രമാത്രം പിന്തുടരുന്നുണ്ട്? യഥാർത്ഥ ക്രൈസ്തവവിശ്വാസം ആവശ്യപ്പെടുന്ന വിട്ടുവീഴ്ചകളില്ലാത്ത ആധ്യാത്മികജീവിതം നമുക്കുണ്ടോ? ക്രൈസ്തവവിശ്വാസത്തിനെതിരെയുള്ള പ്രബോധനങ്ങൾക്ക് നേരെ കണ്ണടച്ച്, ക്രൈസ്തവധർമ്മികത പണയം വച്ച്, ക്രിസ്തുവിനും സത്യവിശ്വാസത്തിനും സഭയ്ക്കും എതിർസാക്ഷ്യമായി മാറുന്ന ആളുകൾക്കും സാഹചര്യങ്ങൾക്കും നേരെ നമ്മുടെ മനോഭാവം എന്താണ്? വിശ്വാസം പൂർണ്ണമായി ജീവിക്കുന്ന, ക്രിസ്തുവിനോട് ചേർന്ന് നിൽക്കുന്ന, ദൈവത്തിനെതിരായ ചിന്തകളോട് വിട്ടുവീഴ്ചകളില്ലാത്ത ജീവിതത്തിനുടമകളായി, ആത്മാവ് നൽകുന്ന കരുത്തിൽ വിശ്വാസജീവിതം കുറവുകളില്ലാതെ നയിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2022, 14:03