വിശുദ്ധ മേരി മേജർ ബസിലിക്ക വിശ്വാസസ്മാരകം, കർദ്ദിനാൾ സ്തനിസ്ലാവ് റെവ്കൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ മേരി മേജർ ബസിലിക്ക പരിശുദ്ധ കന്യകാമറിയത്തോടു ക്രൈസ്തവ തലമുറകൾക്കുള്ള വിശ്വാസത്തിൻറെയും സ്നേഹത്തിൻറെയും സാക്ഷ്യമാണെന്ന് ഈ പേപ്പൽ ബസിലിക്കയിലെ മുഖ്യപുരോഹിതനായ കർദ്ദിനാൾ സ്തനിസ്ലാവ് റെവ്കൊ (CARD.STANISLAW RYŁKO).
ഈ ബസിലിക്കയുടെ പ്രതിഷ്ഠയുടെ തിരുന്നാൾ ആയിരുന്ന ആഗസ്റ്റ് 5-ന് വെള്ളിയാഴ്ച (05/08/22) പ്രസ്തുത ദേവാലയത്തിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
റോമിലുള്ള നിരവധിയായ ദേവാലയങ്ങളിൽ വച്ച് സവിശേഷതയാർന്നതാണ് പാശ്ചാത്യദേശത്ത് പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിൽ സ്ഥാപിതമായ പ്രഥമ ബസിലിക്കയും ഏറ്റം പുരാതനമായ മരിയ ദേവാലയവും ക്രൈസ്തവലോകത്തിലെ മരിയൻ ദേവാലയങ്ങളുടെ അമ്മയും ആയ മേരി മേജർ ബസിലിക്കയെന്ന് കർദ്ദിനാൾ സ്തനിസ്ലാവ് റെവ്കൊ അനുസ്മരിച്ചു. നമ്മുടെ രക്ഷയ്ക്കു വേണ്ടി മനുഷ്യനായിത്തീർന്ന ദൈവസൂനുവിനെയും അവിടത്തെ അമ്മയെയുംക്കുറിച്ച് സംസാരിക്കുന്ന വിശ്വാസസ്മാരകമാണ് ഈ ദേവാലയമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വിശ്വാസത്തിൻറെയും ക്രിസ്തുവിനോടും അവിടത്തെ അമ്മയോടുമുള്ള സ്നേഹത്തിൻറെയും മഹാ പൈതൃകത്തിനു മുന്നിൽ എന്തു സംഭാവനയേകാനും ആ പൈതൃകം നമ്മുടെ കാലത്തിൽ സജീവമായിരിക്കുകയും നമ്മുടെ ജീവിതത്തെ സപർശിക്കുകയും ചെയ്യുന്നതിനും നമുക്ക് എന്തു ചെയ്യാൻ സാധിക്കുമെന്ന് ആത്മശോധന ചെയ്യുകയെന്ന വെല്ലുവിളി ഈ ദേവാലയത്തിൻറെ സമർപ്പണത്തിരുന്നാൾ നമ്മുടെ മുന്നിൽ ഉയർത്തുന്നുവെന്ന് കർദ്ദിനാൾ റെവ്കൊ ഓർമ്മിപ്പിച്ചു. ദൈവപുത്രൻ പിറന്നുവീണ കാലിത്തൊഴുത്തിൻറെ തിരുശേഷിപ്പും, റോമൻ ജനതയുടെ രക്ഷ, സാളൂസ് പോപുളി റൊമാനി എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുച്ചിത്രവും ഈ ദേവാലയത്തിൽ സൂക്ഷിക്കപ്പെടിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: