തിരയുക

ദൈവദാസി മരിയ സെലിൻ കണ്ണനായിക്കൽ (1931-1957 ) ദൈവദാസി മരിയ സെലിൻ കണ്ണനായിക്കൽ (1931-1957 ) 

ദൈവദാസി മരിയ സെലിൻ കണ്ണനായിക്കൽ!

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം ഒരു നിണസാക്ഷിത്വവും മരിയ സെലിൻ കണ്ണനായിക്കലിൻറെയുൾപ്പടെ അഞ്ച് ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കുന്ന ആറു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവദാസി മരിയ സെലിൻ കണ്ണനായിക്കലിൻറെ വീരോചിത പുണ്യങ്ങൾ മാർപ്പാപ്പാ അംഗീകരിച്ചു.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചേല്ലൊ സെമെറാറൊയ്ക്ക് വെള്ളിയാഴ്ച (05/08/22) വത്തിക്കാനിൽ, പേപ്പൽ ഭവനത്തിൽ അനുവദിച്ച കൂടിക്കാഴ്ചാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ അംഗീകാരം നലകിയത്.

തദ്ദവസരത്തിൽ പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ച്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം, മരിയ സെലിൻ ഉൾപ്പടെയുള്ള 5 ദൈവദാസരുടെ വിരോചിത പുണ്യങ്ങളും ഹങ്കറിയിൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട വൈദികൻ പീറ്റർ പോൾ ഓറോസിൻറെ രക്തസാക്ഷിത്വവും അംഗീകരിക്കുന്ന 6 പുതിയ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്‌ച പുറപ്പെടുവിക്കുകയും ചെയ്തു.

അമലോത്ഭവ മറിയത്തിൻറെ ഊർസുലിൻ സന്ന്യസിനി സമൂഹത്തിലെ അംഗമായ ദൈവദാസി മരിയ സെലിൻ കണ്ണനായ്ക്കൽ തൃശൂർ രൂപതയിലെ കുണ്ടന്നൂർ ഇടവകക്കാരിയാണ്. 1931 ഫെബ്രുവരി 13-നായിരുന്നു ജനനം. കണ്ണനായിക്കൽ പൊറിഞ്ചു (ഫ്രാൻസീസ്) പ്ലെമേന (ഫിലോമിന) ദമ്പതികളുടെ രണ്ടാമത്തെ മകളായിരുന്നു മരിയ.

അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച മരിയയ്ക്ക് യേശുവിനായി സ്വയം സമർപ്പിക്കണമെന്ന ആഗ്രഹം തീവ്രമായതോടെ ഊർസുലിൻ സന്ന്യാസിനി സമൂഹത്തിൽ ചേർന്നു. യേശുനാഥൻറെ പീഢാനുഭവങ്ങളോടുള്ള അതീവ ഭക്തിയോടെ, അനുസരണത്തിൻറെയും സഹനത്തിൻറെയും ത്യാഗതമനോഭാവത്തിൻറെയും ജീവിതത്തിലുടെ, വ്യതിരിക്തയായി നിന്ന അവൾ 1957 ജൂൺ 20-ന് വ്രതവാഗ്ദാനം നടത്തി. എന്നാൽ അന്ന് മരിയയ്ക്ക് യേശുനാഥൻറെ ഒരു ദർശനമുണ്ടായി. അവളുടെ ആരോഗ്യം തനിക്ക് സമ്മാനമായി വേണമെന്നും അവളെ സ്വർഗ്ഗത്തിലേക്കാനയിക്കാൻ താൻ ഉടൻ വരുമെന്നും അവിടന്ന് ദർശനത്തിൽ മരിയയോടു പറഞ്ഞു. വെറും മുപ്പത്തിയഞ്ചു ദിനങ്ങൾ മാത്രമെ അതിനായി അവൾക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ. 1957 ജൂലെ 26-ന് മരിയ സെലിൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മരിയ സെലിനയ്ക്കു പുറമെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കപ്പെട്ട നാലു ദൈവദാസർ ഇവരാണ്:

1. കൊളൊമ്പിയ സ്വദേശിയായ രൂപതാവൈദികൻ ഹെസൂസ് അന്തോണിയൊ ഗോമെസ് (1895-1971),

2. ഇറ്റലിക്കാരനായ കപ്പൂച്ചിൻ ചെറുസഹോദരസമൂഹാംഗവും ഫ്രാൻസിസ്ക്കൻ പുഞ്ചിരി പ്രസ്ഥാനത്തിൻറെയും ഉണ്ണിയേശുവിൻറെ ചെറുദാസികളുടെ സന്ന്യാസിനി സമൂഹത്തിൻറെയും സ്ഥാപകനുമായ ഊമിലെ ദ ജേനൊവ (1898-1969),

3. സ്പെയിൻ സ്വദേശിയും യേശുവിൻറെ ഹൃദയത്തിൻറെ രൂപതാപ്രവർത്തകരായ വൈദികരുടെ സഖ്യത്തിൽപ്പെട്ട പുരോഹിതനും, പുരോഹിതനായ യേശുക്രിസ്തുവിൻറെ ദാസികൾ എന്ന സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്ഥാപകനുമായ ജൊവാന്നി സാഞ്ചെസ് ഹെർണാണ്ടസ് (1902-1975),

4. പരിശുദ്ധതമ രക്ഷകൻറെ സന്ന്യസ്തസമൂഹാംഗമായ വൈദികൻ, ബ്രസീൽ സ്വദേശി വിത്തോറിയൊ കൊഹേല്യൊ ജ് അൽമെയ്ഡ് (1899-1987).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഓഗസ്റ്റ് 2022, 09:58