ഗർഭഛിദ്രം പ്രോൽസാഹിപ്പിക്കുന്ന ബൈഡന്റെ നയം വളരെ അസ്വസ്ഥാജനകമെന്ന് അമേരിക്കൻ ആർച്ച് ബിഷപ്പ് വില്യം ലോറി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഗർഭസ്ഥ ശിശുക്കൾക്ക് അവരുടെ ഏറ്റവും മാനുഷികവും പൗരപരവുമായ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശം നിഷേധിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുവാൻ അമേരിക്കയുടെ പ്രസിഡണ്ടിന്റെ അധികാരം ഉപയോഗിക്കുവാനുള്ള തീരുമാനത്തെ അദ്ദേഹം അപലപിച്ചു. വെള്ളിയാഴ്ച പ്രസിഡണ്ട് ബൈഡൻ പുറത്തിറക്കിയ ഗർഭച്ഛിദ്രത്തിന് ഇടവഴി തീർക്കുന്ന "പ്രത്യുൽപ്പാദന ആരോഗ്യ സേവനങ്ങൾ " എന്നു വിശേഷിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ ഉത്തരവിന് മറുപടിയായാണ് ആർച്ച് ബിഷപ്പ് പ്രസ്താവന നടത്തിയത്.
ജീവനെ തെരഞ്ഞെടുക്കുക
അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പിന്തുണയും പരിചരണവും വർദ്ധിപ്പിക്കേണ്ടതിന് പകരം, പ്രസിഡണ്ടിന്റെ അധികാരം പ്രതിരോധിക്കാൻ കഴിയാത്ത, നിശബ്ദരായ മനുഷ്യരുടെ നാശം സുഗമമാക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ആർച്ച് ബിഷപ്പ് ലോറി, മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന വഴിവിട്ട് ജീവൻ തെരഞ്ഞെടുക്കാൻ ബൈഡനോടു ആവശ്യപ്പെട്ടു. ഓരോ മനുഷ്യന്റെയും ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുന്നതിനും കുട്ടികളുടെ ജനത്തിനു മുമ്പും ശേഷവും ഗർഭിണികളെയും രക്ഷാകർത്തരായ അമ്മമാരെയും കുട്ടികളെയും പരിപാലിക്കാനുള്ള പൂർണ്ണ പിന്തുണ ഉറപ്പാക്കാൻ ഈ ഭരണകൂടത്തോടും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടുമൊത്ത് പ്രവർത്തിക്കാൻ കത്തോലിക്കാ സഭ തയ്യാറാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം അമേരിക്കയുടെ സുപ്രിം കോടതി ഗർഭച്ഛിദ്രത്തെ നിയമപരമാക്കിയിരുന്ന രണ്ട് മുൻ ഉത്തരവുകൾ റദ്ദാക്കിയിരുന്നു. അതിനെ തുടർന്നാണ് പ്രസിഡണ്ട് ബൈഡന്റെ നടപടി.
ദൈവത്തിന്റെ മഹത്തായ സ്നേഹത്തിന്റെ പദ്ധതിയെ സേവിക്കുക
മുറിവുകൾ ഉണക്കുവാനും സാമൂഹിക ഭിന്നതകൾ നികത്താനും യുക്തിസഹജമായ പരിചിന്തനവും സംവാദവും വഴി വിവാഹത്തേയും കുടുംബത്തേയും പിൻതുണക്കുന്ന ഒരു സമൂഹവും സാമ്പത്തിക നയവും തീർത്ത് തന്റെ കുഞ്ഞിനെ ഒരു സ്നേഹത്തിന്റെ പ്രപഞ്ചത്തിലേക്ക് കൊണ്ടുവരാൻ എല്ലാ സ്ത്രീകളെയും സഹായിക്കാൻ മെത്രാൻ സമിതി സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. മത നേതാക്കൾ എന്ന നിലയിൽ മനുഷ്യ വ്യക്തിയോടുള്ള ദൈവത്തിന്റെ മഹത്തായ സ്നേഹ പദ്ധതിയെ സേവിക്കാനും, ജീവിക്കാനും, സ്വാതന്ത്രത്തിനും, സന്തോഷം പിൻതുടരാനും എല്ലാവർക്കും ഉറപ്പു നൽകുന്ന അമേരിക്കയുടെ വാഗ്ദാനം നിറവേറ്റുവാനും നമ്മുടെ സഹപൗരന്മാരുമായി പ്രവർത്തിക്കുവാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുൻ പ്രസ്താവന സൂചിപ്പിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് വില്യം ലോറി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: