തിരയുക

സ്റ്റെല്ല മാരിസ് പോർട്ട് ചാപ്ലെയിൻ, അപിന്യ താജിത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു. സ്റ്റെല്ല മാരിസ് പോർട്ട് ചാപ്ലെയിൻ, അപിന്യ താജിത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു. 

സ്റ്റെല്ല മാരിസ് തുറമുഖ ചാപ്ലിന് യുഎസ് അവാർഡ് നൽകി ആദരിച്ചു

മനുഷ്യക്കടത്തിനിരയായവരെയും മത്സ്യത്തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിലുള്ള അശ്രാന്ത പരിശ്രമത്തിന് തായ്‌ലൻഡിലെ സ്റ്റെല്ല മാരിസ് തുറമുഖ ചാപ്ലിന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അംഗീകാരം നൽകി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തായ്‌ലൻഡിലെ ചാന്തബുരി രൂപതയിലെ സ്റ്റെല്ല മാരിസ് ഡെപ്യൂട്ടി ഡയറക്ടർ അപിന്യ താജിത്തിനാണ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് 2022 (Trafficking in Persons Report Hero Award) ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് റിപ്പോർട്ട് ഹീറോ അവാർഡ് ലഭിച്ചത്. ജൂലൈ 19ന് വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ. ബ്ലിങ്കനിൽ നിന്ന് അപിന്യ ആദരം ഏറ്റുവാങ്ങി.

വിശ്രമരഹിത ജോലി

2005 മുതൽ ആഗോള നാവിക ശൃംഖലയായ സ്റ്റെല്ല മാരിസുമായി സഹകരിച്ച് പ്രവർത്തിച്ച അപിന്യ, മനുഷ്യക്കടത്ത് എന്ന വിപത്തിനെ അവസാനിപ്പിക്കാൻ കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിച്ച് വരുന്നു.

തായ്‌ലൻഡ്, ഇന്തോനേഷ്യ, കംബോഡിയ, ബർമ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യബന്ധന മേഖലയിലെ നൂറുകണക്കിന് തൊഴിലാളികളെ അവർ സഹായിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളെ കടത്തുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും തായ്‌ലൻഡിലുടനീളം വിദ്യാലയങ്ങൾ സന്ദർശിച്ച് ഓരോ വർഷവും 10,000-ത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചിട്ടുണ്ട്.

തനിക്ക് ലഭിച്ച ബഹുമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ “ഈ അവാർഡ് തനിക്ക് തികച്ചും അപ്രതീക്ഷിതമായതാണെന്നും അത് ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ട് " എന്നും അപിന്യ പറഞ്ഞു.

മനുഷ്യക്കടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെയും കടൽ യാത്രക്കാരെയും പിന്തുണയ്ക്കാൻ സ്റ്റെല്ല മാരിസ് തായ്‌ലൻഡിലെ നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഇരകളെ തിരിച്ചറിയാനും അവരെ രക്ഷപ്പെടുത്താനും സമൂഹത്തിലേക്ക് പുനഃക്രമീകരിക്കാനും തങ്ങൾ സഹായിക്കുന്നതായി അവർ പറഞ്ഞു. അവരുടെ ജീവിതം പുനർനിർമ്മിക്കാൻ അവരെ സഹായിക്കുന്നതിന് തങ്ങൾ പരിശീലനവും നിയമോപദേശത്തിലേക്കുള്ള പ്രവേശനവും ധനസഹായവും നൽകുന്നതായും വെളിപ്പെടുത്തി.

ഇരകൾ അഭിമുഖികരിക്കുന്ന എല്ലാ പ്രക്രിയകളിലും സ്റ്റെല്ല മാരിസ് ഇടപ്പെടുന്നു, അതിനാൽ അവർ ഒറ്റയ്ക്ക് പോരാടുന്നില്ല. തന്റെ സമർപ്പണത്തിന്റെ ഭാഗമായി ഒരു ശീതീകരിച്ച ചരക്ക് കപ്പലിൽ നിന്ന് ഒമ്പത് നാവികരെ രക്ഷിക്കാൻ അപിന്യ സഹായിച്ചതായി വെളിപ്പെടുത്തി.

തങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരുടെ കുടുംബങ്ങളുടെ അടുത്ത് എത്താൻ മാർഗ്ഗമില്ലെന്നും പറഞ്ഞ് ജീവനക്കാർ സഹായത്തിനായി അഭ്യർത്ഥിച്ച് തനിക്ക് ഒരു ഇമെയിൽ അയച്ചിരുന്നതായും അപിന്യാ അറിയിച്ചു. തന്നിലെ മാതൃത്വം ഉണരുകയും പുറത്തുപോയി അവരെ രക്ഷിക്കാൻ സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തത് അപിന്യാ പങ്കു വച്ചു.

ജീവനക്കാരെ രക്ഷപ്പെടുത്തുകയും, കേസ് വിജയകരമായി വിചാരണ ചെയ്യുക മാത്രമല്ല, നാവികർക്ക് അവരുടെ ശമ്പളകുടിശ്ശികയും നഷ്ടപരിഹാരവും ലഭിക്കാൻ ഇടയാക്കുകയും അവരെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചയക്കാനും കഴിഞ്ഞു” എന്നും ഓർമ്മിച്ചു.

“ഞങ്ങൾ മക്കളെ അവരുടെ അമ്മമാർക്കും പിതാവിനെ മക്കൾക്കും ഭർത്താക്കന്മാരെ ഭാര്യമാർക്കും തിരികെ നൽകുന്നു. കടൽ യാത്രക്കാർ കാഴ്ചയിൽ നിന്ന് അകലെയായിരിക്കാം, പക്ഷേ അവർ മനസ്സിന് പുറത്തല്ല"

മനുഷ്യക്കടത്ത് ചെറുക്കുക

വികസ്വര രാജ്യങ്ങളിൽ മാത്രമല്ല, മനുഷ്യക്കടത്ത് ഇപ്പോഴും എല്ലായിടത്തും നടക്കുന്നുണ്ടെന്ന് ആളുകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് അപിന്യ ഊന്നിപ്പറഞ്ഞു. അത് ഇല്ലാതാക്കാൻ നമ്മൾ ഓരോരുത്തരും സഹായിക്കണമെന്നും അവർ പറഞ്ഞു.

“നമുക്ക് എളുപ്പമായിട്ടുള്ളവയെക്കാൾ ശരിയായത് ചെയ്യാം. നാവികരുടെയും മത്സ്യത്തൊഴിലാളികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള എല്ലാ സമുദ്ര ഉടമ്പടികളും എല്ലാ രാജ്യങ്ങളിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഒരുമിച്ച് പ്രവർത്തിച്ചാൽ അത് അസാധ്യവുമല്ല.”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2022, 13:05