തിരയുക

നവവാഴ്ത്തപ്പെട്ട  ഈശോസഭാ വൈദികൻ യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ (1642-1704) നവവാഴ്ത്തപ്പെട്ട ഈശോസഭാ വൈദികൻ യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ (1642-1704) 

ഈശോസഭാ വൈദികൻ, വാഴ്ത്തപ്പെട്ട യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ !

പ്രേഷിത തീക്ഷ്ണതയാൽ ജ്വലിച്ചിരുന്ന വാഴ്ത്തപ്പെട്ട യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ ജർമ്മൻ സ്വദേശിയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജർമ്മൻ സ്വദേശിയായ ഈശോസഭാ വൈദികൻ യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ (Johann Philipp Jeningen) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

ജർമ്മനിയിലെ എൽവ്വാംഗെനിൽ (Ellwangen) ശനിയാഴ്ച ആയിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം. യുറോപ്പിലെ കത്തോലിക്കമെത്രാൻസംഘങ്ങളുടെ സംയുക്തസമിതിയുടെ അദ്ധ്യക്ഷനും ലക്സംബർഗ്ഗിലെ ലക്സംബർഗ് അതിരൂപതയുടെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹോള്ളെറിക്,  ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

തീക്ഷ്ണമതിയായ ജനകീയ പ്രേഷിതനായിരുന്ന നവവാഴ്ത്തപ്പെട്ട യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ 1642 ജനുവരി 5-ന് ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഐഹ്സ്റ്റാറ്റ് (Eichstätt) എന്ന സ്ഥലത്ത് ജനിച്ചു. ഒരു പുരോഹിതനാകണം എന്ന അഭിലാഷം അദ്ദേഹത്തെ ഈശോസഭായിലേക്കാനയിച്ചു. അങ്ങനെ ജെന്നിംഗെൻ 1663-ൽ ലാൻറ്സ്ബർഗ്ഗിലെ ഈശോസഭാസമൂഹത്തിൽ ചേർന്നു. വൈദിക പഠനാനന്തരം 1672 ജൂൺ 11-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം അഞ്ചു വർഷത്തിനു ശേഷം 1677 ഫെബ്രുവരി 2-ന് നിത്യവ്രത വാഗ്ദാനം നടത്തി.

പിന്നീട് 1680-ൽ വൈദികൻ ജെന്നിംഗെന്, എൽവ്വാംഗെനിലെ ദൈവമാതാവിൻറെ നാമത്തിലുള്ള ഒരു കപ്പേളയുടെ ചുമതല ലഭിച്ചു. ഒരു തീർത്ഥാടന കേന്ദ്രമായി വളർന്നുകൊണ്ടിരുന്ന അവിടെ സേവനമനുഷഠിക്കുമ്പോൾ തന്നെ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിച്ചിരുന്ന ജെന്നിംഗെൻ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ സുവിശേഷസന്ദേശപ്രചാരണ ദൗത്യവുമായി എത്തി. സമൂഹത്തിലെ എല്ലാതട്ടുകളിലും ഉള്ളവരിലേക്കും എത്തുന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രേഷിതജീവിത ശൈലി. 1704 ഫെബ്രുവരി 8-ന് വൈദികൻ യൊഹാൻ ഫിലിപ്പ് ജെന്നിംഗെൻ മരണമടഞ്ഞു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജൂലൈ 2022, 11:52