തിരയുക

യേശുവും ശിഷ്യന്മാരും ലാസറിന്റെ നിദ്രയും യേശുവും ശിഷ്യന്മാരും ലാസറിന്റെ നിദ്രയും 

ദൈവത്തിനൊപ്പം സഞ്ചരിക്കേണ്ട വിശ്വാസജീവിതങ്ങൾ

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഒന്നുമുതൽ പതിനാറുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം John 11, 1-16 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യോഹന്നാന്റെ സുവിശേഷം പത്താമദ്ധ്യായത്തിൽ, അതായത് ഇന്നത്തെ സുവിശേഷത്തിന് തൊട്ടുമുൻപുള്ള ഭാഗത്ത്, ജെറുസലേമിൽനിന്ന് ജോർദ്ദാന്റെ മറുകരയിലേക്ക് പോകാൻ നിർബന്ധിതനാകുന്ന ക്രിസ്തുവിനെയാണ് നാം കണ്ടുമുട്ടുന്നത്. പിതാവായ ദൈവത്തിന്റെ പ്രവൃത്തികൾ ചെയ്യുന്ന ക്രിസ്തുവിൽ, ദൈവദൂഷണമാരോപിച്ച്, അവനെ കല്ലെറിയാൻ യഹൂദർ തയ്യാറാകുമ്പോഴാണ് ദൈവപുത്രന് യൂദയാ വിട്ടുപോകേണ്ടിവരുന്നത്. എന്നാൽ തന്റെ സുഹൃത്തായ ലാസറിന്റെ മരണവർത്തയറിഞ്ഞ ക്രിസ്തു, തിരികെ യൂദയായിലേക്ക് പോകാൻ തീരുമാനിക്കുന്നു. കാരണം ലാസറിന്റെ മരണം ദൈവമഹത്വത്തിനായുള്ളതാണ്. ക്രിസ്തുവിന്റെ സാന്നിധ്യം തിരികെ അരികിലെത്തുമ്പോൾ, ജീവന്റെ നാഥനായ ദൈവപുത്രൻ അരികിലെത്തുമ്പോൾ, ജീവനിലേക്ക് തിരികെ വരുവാനുള്ള ഒരു ഉറക്കം മാത്രമാണ് ലാസറിന്റെ മരണം. ജീവനേകുന്ന ദൈവം കൂടെയുണ്ടെങ്കിൽ, മരണം അവസാനമല്ല, മഹത്വത്തിലേക്കുള്ള വഴിയാണ്.

കല്ലെറിയപ്പെട്ടേക്കാമെന്ന ഭീഷണി നിലനിൽക്കുമ്പോഴും, സ്വന്തം സുരക്ഷയെക്കാൾ, സുഹൃത്തിന്റെ ജീവന് വിലനൽകുന്ന ക്രിസ്തുവിനെ കാണുമ്പോൾ, ദീദിമോസ് എന്ന് വിളിക്കപ്പെടുന്ന തോമസ് അവനൊപ്പം പോകാനുള്ള തീരുമാനമെടുക്കുന്നു. അവനൊപ്പം മരിക്കേണ്ടിവന്നാൽ, മരിക്കാനും തയ്യാറെന്ന് ഉറച്ച്, യൂദയായിലേക്ക് തിരികെപ്പോകുന്ന ക്രിസ്തുവിനൊപ്പം പോകാൻ മറ്റു ശിഷ്യന്മാരെ ക്ഷണിക്കുന്ന തോമസെന്ന ക്രിസ്തുശിഷ്യനെകുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിന്റെ അവസാനഭാഗത്ത്  വിശുദ്ധ യോഹന്നാൻ നമ്മോട് പറയുന്നത്.

"നമുക്കും അവനോടു കൂടെ പോയി മരിക്കാം" (യോഹ. 11,16) എന്ന തോമാശ്ലീഹായുടെ വാക്കുകളോടെയാണ് ഇന്നത്തെ സുവിശേഷം അവസാനിക്കുന്നത്. ഇന്നത്തെ വിചിന്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിന്തയും ഈയൊരു മനോഭാവവുമായി ബന്ധപ്പെട്ടുള്ളതാണ്. ദൈവത്തിനൊപ്പം ആയിരിക്കുകയും, അതും മരണത്തിന്റെ ഭീഷണിയുയരുന്ന ഇടങ്ങളിൽപ്പോലും, അവനെ പിരിയാതിരിക്കുകയും ചെയ്യുവാൻ തക്കവിധം വളരേണ്ട വിശ്വാസജീവിതം നമുക്കുണ്ടാകേണ്ട ആവശ്യകതയാണ് ഈ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നത്. ജീവനുള്ള, ജീവനേകുന്ന ദൈവമുണ്ടെങ്കിൽ, മരണത്തിന്റെ താഴ്വരകളിലും ഭയലേശമന്യേ നടക്കുവാനുള്ള മനോധൈര്യവും ശക്തിയുമുണ്ടാകുമെന്ന് വചനം നമുക്ക് ഉറപ്പുനൽകുന്നു. സ്വന്തം ജീവിതം യേശുവിനായി പൂർണ്ണമായി സമർപ്പിച്ച ഓരോ അപ്പസ്തോലന്മാരുടെയും ജീവിതവും അതുതന്നെയാണ് നമ്മോട് പറയുന്നത്. വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ഓരോ രക്തസാക്ഷികളും ഇതേ സത്യത്തിനു തന്നെയാണ് തങ്ങളുടെ ജീവിതത്തിൽ സാക്ഷ്യം നൽകിയത്. യേശുവുണ്ടെങ്കിൽ ഏതിടവും സുരക്ഷിതമാണെന്ന ബോധ്യം, തങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യം, യേശുവിന്റെ സുവിശേഷത്തിന്റെ സാക്ഷ്യത്തിന് പ്രാധാന്യം നൽകുന്നവരാക്കി അവരെ മാറ്റി.

യഹൂദവംശജയല്ലാതിരുന്നിട്ടും, തന്റെ ഭർത്താവ് മരിച്ചുപോയിട്ടും, നവോമി എന്ന തന്റെ അമ്മായിയമ്മയെ ഉപേക്ഷിച്ചുപോകാത്ത റൂത്ത് എന്ന ഒരു മോവാബ്യ സ്ത്രീയെക്കുറിച്ച് റൂത്തിന്റെ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിൽ നാം കാണുന്നുണ്ട്. "അമ്മ പോകുന്നിടത്തേക്ക് ഞാനും വരും; വസിക്കുന്നിടത്ത് ഞാനും വസിക്കും. അമ്മയുടെ ചർച്ചക്കാർ എന്റെ ചർച്ചക്കാരും, അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും! 'അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണം തന്നെ എന്നെ അമ്മയിൽനിന്ന് വേർപെടുത്തിയാൽ, കർത്താവ് എന്ത് ശിക്ഷയും എനിക്ക് നൽകിക്കൊള്ളട്ടെ" (റൂത്ത് 1, 16-17) എന്ന് പറയുവാൻ തക്ക സുകൃതിനിയും വിശ്വസ്‌തയുമായതിനാലാണ് പഴയനിയമത്തിലെ ഒരു പുസ്തകം തന്നെ യഹൂദവംശജയല്ലാതിരുന്ന ഒരു സ്ത്രീയുടെ പേരിൽ അറിയപ്പെടുന്നത്. വിശ്വസ്‌തത ജാതിയോ, മതമോ, വംശമോ ആയി ബന്ധപ്പെട്ടതല്ലെന്നും, അത് ഓരോ മനുഷ്യരുടെയും ഹൃദയത്തിന്റെ ആത്മാർത്ഥതയും, വിശുദ്ധിയുമാണ് വെളിവാക്കുന്നതെന്നുമുള്ള ഒരു സത്യമാണ് റൂത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.

ആത്മാർത്ഥതയുള്ള സൗഹൃദവും, അമൂല്യമായ വിശ്വസ്തതയും ദൈവത്തിന്റെ അനുഗ്രഹമാണ്. സുദൃഢമായ ജീവിതബന്ധങ്ങളെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകം ആറാം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ പതിനേഴുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട്. തങ്ങളുടെ സൗകര്യങ്ങൾ നോക്കി, ആവശ്യങ്ങൾ നോക്കി, ഐശ്വര്യത്തിൽ നമ്മോട് ഒട്ടിനിൽക്കുകയും, എന്നാൽ നമ്മുടെ തകർച്ചയുടെ നാളുകളിൽ നമ്മിൽനിന്ന് മാറുകയും, ആവശ്യമെങ്കിൽ നമുക്കെതിരെ തിരിയുകയും ചെയ്യുന്ന വ്യക്തികളെക്കുറിച്ച് പ്രഭാഷകൻ ഈ അദ്ധ്യായത്തിൽ പറയുന്നുണ്ട്. "വിശ്വസ്തനായ സ്നേഹിതൻ ബലിഷ്‌ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തിയവർ ഒരു നിധി നേടിയിരിക്കുന്നു. വിശ്വസ്തനായ സ്‌നേഹിതനെപ്പോലെ അമൂല്യമായ ഒന്നുമില്ല; അവന്റെ മാഹാത്മ്യം അളവറ്റതാണ്. വിശ്വസ്തനായ സ്നേഹിതൻ ജീവാമൃതമാണ്; കർത്താവിനെ ഭയപ്പെടുന്നവർ അവനെ കണ്ടെത്തും" (പ്രഭാ. 6, 14-16) എന്ന് പ്രഭാഷകൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

മാനുഷികമായ അർത്ഥത്തിൽ വിശ്വസ്ഥതയ്ക്കും, ആത്മാർത്ഥമായ സൗഹൃദത്തിനും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. ജീവിതത്തെ ഒരു അനുഗ്രഹമാക്കി മാറ്റാൻ വിശ്വസ്ഥതയ്ക്കും, ആത്മാർത്ഥതയ്ക്കും സാധിക്കും. എന്നാൽ ദൈവവുമായുള്ള ബന്ധത്തിലും ഈ രണ്ടു കാര്യങ്ങൾക്കും വളരെയേറെ പ്രാധാന്യമുണ്ട്. ഓരോ വിശ്വാസിയുടെയും അനുദിന ജീവിതവും, അവന്റെ വാക്കുകളും പ്രവൃത്തികളും, ദൈവതിരുമുൻപിൽ പ്രീതികരമാകണമെങ്കിൽ, നിസ്വാർത്ഥമായ സ്നേഹത്തോടെ, കറയില്ലാത്ത ആത്മാർത്ഥതയോടെ, ജീവനേകുവോളം വിശ്വസ്ഥതയോടെ ജീവിക്കണമെന്ന് അപ്പസ്തോലന്മാരുടെയും അനേകായിരം ക്രൈസ്തവരുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവം നമുക്കേകുന്ന അവസരങ്ങളും, നമ്മുടെ ജീവിതത്തിൽ നാം കണ്ടെത്തുവാൻ ദൈവം അനുവദിക്കുന്ന ഓരോ വ്യക്തികളും നമ്മിലെ ദൈവസ്നേഹത്തിന്റെ സുഗന്ധവും ഭംഗിയും തിരിച്ചറിയുവാൻ തക്ക വിധമുള്ള രീതിയിലുള്ളതാണോ നമ്മുടെ ജീവിതമെന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. കർത്താവായ ദൈവത്തിന്റെ നിശ്ചയമനുസരിച്ച്, ദൈവത്തിനുവേണ്ടി, ദൈവത്തോടൊപ്പം പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ മൂന്നാം അദ്ധ്യായം അഞ്ചുമുതൽ പതിനാലുവരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നുണ്ട്. വ്യക്തിയെന്ന നിലയിൽ സ്വന്തം മഹത്വമല്ല, ദൈവവിശ്വാസിയെന്ന നിലയിൽ, വിളിക്കപ്പെട്ടവരെന്ന നിലയിൽ, ഓരോ ക്രൈസ്തവന്റെയും ചുമതലയും കടമയും, ദൈവത്തിനൊപ്പം അവന്റെ കൂട്ടുവേലക്കാരായി ജോലി ചെയ്യുക എന്നതാണ്. നമ്മുടെ ഹൃദയവിചാരങ്ങളും നമ്മെയും അറിയുന്നവനാണ് ദൈവം. അതുകൊണ്ടുതന്നെ, നമ്മുടെ പ്രവൃത്തികളും, ജീവിതവും അവനു പ്രീതികരമായവയാകണം. അപ്രകാരമുള്ള ജീവിതങ്ങളെയാണ് ദൈവം വലുതായി കാണുന്നത്. ആത്മാർത്ഥതയും വിശ്വസ്തതയും ജീവിക്കുന്ന, ദൈവത്തോടും സഹോദരങ്ങളോടും ചേർന്ന് നിൽക്കുന്ന സത്യമുള്ള ജീവിതങ്ങൾ.

മനുഷ്യരായ നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ട ഇതേ സ്നേഹവും ആത്മാർത്ഥതയും, സുവിശേഷത്തിലുടനീളം ദൈവപുത്രനായ ക്രിസ്തുവിലും നാം കണ്ടുമുട്ടുന്നുണ്ട്. ലോകത്തിന്റെ രക്ഷയ്ക്കായി അയക്കപ്പെട്ട ക്രിസ്തു, തന്റെ പിതാവിനോടും, തന്നിൽ പിതാവർപ്പിച്ച നിയോഗത്തോടും എത്രമാത്രം വിശ്വസ്ഥതയോടെയാണ് ജീവിക്കുന്നതെന്ന് നാം കാണുന്നുണ്ട്. എന്നാൽ അതെ വിശ്വസ്തത, തന്നോട് ചേർന്ന് നിന്നവരോടും അവൻ കാണിച്ചിട്ടുണ്ട്. അങ്ങനെയൊരു സംഭവം കൂടിയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നത്. വെറും മാനുഷികമായ കണ്ണുകളോടെ നോക്കിയാൽ പോലും ഇന്നത്തെ സുവിശേഷം യേശുവിന്റെ ആത്മാർത്ഥതയെക്കുറിച്ച് നമ്മോട് പറയും. തന്നെ കല്ലെറിയാനും, ബന്ധിതനാക്കാനും ശ്രമിച്ച ആളുകളുള്ള ഒരിടത്തേക്ക്, മരണത്തിന്റെ പിടിയിലായ തന്റെ സുഹൃത്തിനെ അന്വേഷിച്ചുപോകുവാൻ തയ്യാറാകുന്ന യേശു. അതിനൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു ആത്മാർത്ഥസ്നേഹമാണ് തോമാസ്ലീഹായുടേത്. "അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം" (യോഹ. 11,16) എന്ന് പറഞ്ഞുകൊണ്ട്, ഗുരുവിനൊപ്പം പോകാൻ സഹശിഷ്യന്മാർക്ക് പ്രചോദനമേകുന്ന, മുന്നോട്ടിറങ്ങുന്ന, കുടിലതയും, വഞ്ചനയുമില്ലാത്ത സ്നേഹം.

മാനുഷികവും ബുദ്ധിപരവുമായ അർത്ഥതലങ്ങളെക്കാൾ ദൈവികവും ദൈവമനുഷ്യസ്നേഹത്തിലധിഷ്ഠിതവും ആണ് വിശുദ്ധഗ്രന്ഥത്തിന്റെ വാക്കുകളെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, വിശുദ്ധ യോഹന്നാൻ നൽകുന്ന സുവിശേഷസാക്ഷ്യത്തിന് മാനുഷികമായ തലത്തിനുമുയർന്ന ഒരു അർത്ഥമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം., ഉത്ഥിതനായ ക്രിസ്തുവിൽ, ദൈവപുത്രനായ യേശുവിൽ വിശ്വസിക്കുന്ന നമുക്ക് യേശു തിരികെ യൂദയായിലേക്ക് പോകുന്നത്, മരിച്ചുപോയ തന്റെ സുഹൃത്തിനോടും സഹോദരിമാരോടുമുള്ള മാനുഷികമായ സ്നേഹം മൂലം മാത്രമല്ല എന്നറിയാം. അവൻ തന്റെ സുഹൃത്തിന് ജീവനേകുന്ന സാമീപ്യമാകാനാണ് തിരികെപ്പോകുന്നത്. ദൈവത്തിന്റെ മഹത്വം വെളിവാക്കപ്പെടുന്നതിനുവേണ്ടി, നിദ്രയിൽനിന്ന് തിരികെയുണർത്താനാണ് യേശു ലാസറിനരികെയെത്തുന്നത്. സുവിശേഷത്തിന്റെ വാക്കുകളുടെ അർത്ഥമറിയുന്ന നമുക്ക് ഇന്നത്തെ സുവിശേഷത്തിന്റെ അവസാന വചനത്തിന്റെയും അർത്ഥം വിശ്വാസത്തിന്റെ, ചരിത്രത്തിന്റെ, കണ്ണുകളിലൂടെ നോക്കുമ്പോൾ വ്യക്തമായി കാണാനാകുന്നുണ്ട്. യേശുവിനായി ജീവനേകാൻ തയ്യാറായിത്തന്നെയാണ് തോമസ് മുന്നോട്ടിറങ്ങുന്നത്, അതിനുവേണ്ടിത്തന്നെയാണ് അവൻ മറ്റു ശിഷ്യന്മാരെയും ആഹ്വാനം ചെയ്യുന്നതും. ഈയൊരു ജീവസാക്ഷ്യം മറ്റ് അപ്പസ്തോലന്മാരുടെയും ജീവിതത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. പത്രോസിന്റെയും പൗലോസിന്റെയും, തോമസിന്റെയും ഒക്കെ ജീവിതത്തിൽ തുടങ്ങി, സഭയുടെ ചരിത്രത്തിലിന്നോളം വിശ്വസ്തതയോടെ ദൈവത്തിന് സാക്ഷ്യമേകിയ നിരവധി ജീവിതങ്ങളെ നാം കണ്ടുമുട്ടുന്നുണ്ട്.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, ഇന്നത്തെ ദൈവവചനങ്ങളിലൂടെ, പ്രത്യേകിച്ച് സുവിശേഷത്തിലൂടെ ദൈവം നമ്മെയും വിളിക്കുന്നുണ്ട്. ദൈവത്തോടും, ദൈവം നമുക്കരികെ ചേർത്തുനിറുത്തിയ ജീവിതങ്ങളോടും വിശ്വസ്തതയോടെ ജീവിക്കാൻ. മറ്റു ജീവിതങ്ങൾക്ക് ഏകുന്ന ആത്മാർത്ഥമായ സ്നേഹത്തോടെ, സൗഹൃദത്തോടെ, അവർക്ക് ബലിഷ്ഠമായ ഒരു സങ്കേതമാകുവാനും, ദൈവാനുഗ്രഹമാകുവാനും. ക്രിസ്തുവിനൊപ്പം ചേർന്ന് നടക്കാൻ. ഓരോ ക്രൈസ്തവസാക്ഷികൾക്കുമൊപ്പം ചേർന്ന് വിശ്വാസത്തിന് സാക്ഷ്യം നൽകാൻ, ദൈവത്തിന്റെ വയലിൽ ആത്മാർത്ഥതയോടെ സേവനം ചെയ്യാൻ. ഒപ്പം വിശ്വാസത്തിൽ നമുക്ക് മാതൃകകളായ അപ്പസ്തോലന്മാരുടെയും അനേകായിരം ക്രിസ്തുശിഷ്യരുടേയും ജീവിതമാതൃകയിൽ, ക്രിസ്തുവിന് വേണ്ടി ജീവിക്കാൻ, ക്രിസ്തുവിന് വേണ്ടി ജീവൻ പൂർണ്ണമായി സമർപ്പിക്കാൻ. നമ്മുടെ ഓരോ വിശുദ്ധ ബലിയർപ്പണങ്ങളും, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയുടെയും ആത്മാർത്ഥസ്നേഹത്തിന്റെയും പ്രതിഫലനങ്ങളാകട്ടെ. വിശ്വാസജീവിതത്തിൽ നമ്മുടെ സഹോദരങ്ങൾക്ക് മാതൃകയാകാൻ, ദൈവം നമ്മുടെ ജീവിതങ്ങളെയും ധന്യമാക്കട്ടെ, അനുഗ്രഹിക്കട്ടെ, ആമ്മേൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2022, 16:14