തിരയുക

കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പാപ്പായുമൊത്ത്. കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പാപ്പായുമൊത്ത്. 

ശ്രീലങ്കൻ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കർദ്ദിനാൾ രഞ്ജിത്ത്

ശ്രീലങ്കയിലെ കത്തോലിക്കാ സഭാമേലധ്യക്ഷൻ, രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ പൊതു തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന ഒരു ഇടക്കാല സർക്കാർ ഉടനടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിലവിലെ നേതൃത്വത്തിന് പൊതുജന വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക കരകയറുമ്പോൾ, വ്യാപകമായ അഴിമതിയുടെയും സാമ്പത്തിക ദുരുപയോഗത്തിന്റെയും ആരോപണങ്ങൾക്കിടയിൽ, കൊളംബോയിലെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയാ രാജപക്സെ ഉടൻ രാജിവയ്ക്കണമെന്നും താത്കാലിക ഭരണം സ്ഥാപിക്കണമെന്നുമുള്ള ആഹ്വാനം വീണ്ടും ആവർത്തിച്ചു.

വിശ്വാസ്യത നഷ്ടപ്പെട്ടു

ചൊവ്വാഴ്ച ശ്രീലങ്കൻ തലസ്ഥാനത്തെ തന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സാമ്പത്തികമോ രാഷ്ട്രീയമോ ഭരണഘടനാപരമോ ആയ മാറ്റങ്ങൾ കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും  പൊതുജനം തള്ളിക്കളഞ്ഞ നിലയിലേക്ക്  രാജപക്സെ കുടുംബത്തിന്റെ വിശ്വാസ്യത, താഴ്ന്നതായി കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു.

"ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ദു:ഖകരമായ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കാൻ ശ്രീലങ്കൻ പ്രസിഡന്റിനോടും സർക്കാരിനോടും ഞാൻ ശക്തമായി ആവശ്യപ്പെടുന്നു. അവർക്ക് മേലിൽ അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ല." എന്ന് ശക്തമായ ഭാഷയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ തിരഞ്ഞെടുപ്പിന്റെ ആവശ്യകത

പ്രഗത്ഭരായ വിദഗ്ധരുടെ സഹായത്തോടെ, രാജ്യത്തെ ഏറ്റവും അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കുന്നതിനും ഒരു ഇടക്കാല സർക്കാർ ഉടനടി രൂപീകരിക്കണമെന്ന് കൊളംബോ ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു.

 "രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചെറിയ" വ്യത്യാസങ്ങൾ മാറ്റിവച്ച് "സുതാര്യത" യോടെ ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം പ്രതിപക്ഷ നേതാക്കളോടു ആവശ്യപ്പെട്ടു.

എല്ലാ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന ഒരു ഭരണം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാൻ  ക്ഷണിച്ചുകൊണ്ട്  പ്രസിഡന്റിന് കഴിഞ്ഞ ചൊവ്വാഴ്ച കർദിനാൾ കത്തയച്ചതായി ഏഷ്യാ ന്യൂസ് ഏജൻസി വെളിപ്പെടുത്തി.

2019ലെ ഈസ്റ്റർ ഞായർ നടന്ന സ്ഫോടന പരമ്പരയിൽ മൂന്ന് ദേവാലയങ്ങളും, മൂന്ന് ഹോട്ടലുകളും ആക്രമണത്തിനിരയാക്കപ്പെട്ടു. അതിൽ 277 പേർ കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനത്തെ പരാമർശിച്ച കർദ്ദിനാൾ രഞ്ജിത്ത്  രാജപക്സെയുടെ നേതൃത്വത്തിനെതിരെ ആവർത്തിച്ച് വിമർശനം ഉന്നയിച്ചിരുന്നു. സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ മന്ദഗതിയിലായപ്പോൾ മുതൽ ശ്രീലങ്കയിലെ കത്തോലിക്കാ സഭയുടെ മേലധ്യക്ഷനായ കർദ്ദിനാൾ രഞ്ജിത്ത്  രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ സത്യവും യഥാർത്ഥ കുറ്റവാളികളെയും മൂടിവെക്കുകയാണെന്ന് ആരോപിച്ചുവരുകയായിരുന്നു.

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി

2015-ൽ പരാജയപ്പെടുന്നതുവരെ ഒരു ദശാബ്ദക്കാലം രാജ്യം ഭരിച്ചിരുന്നത് ശക്തനായ മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരനായിരുന്നു. 2019-ലെ  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോടബയ രാജപക്സെ വിപുലമായ വോട്ടോടെ വിജയിച്ചു, “ അച്ചടക്കം” പുനഃസ്ഥാപിക്കുമെന്നും സുരക്ഷ ശക്തിപ്പെടുത്തുമെന്നും പ്രതിജ്ഞയെടുത്ത അദ്ദേഹം  എന്നാൽ അഴിമതി ആരോപണങ്ങൾക്കിടയിൽപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള കെടുകാര്യസ്ഥത അദ്ദേഹത്തിന്റെ ജനപ്രീതിയെ ഗുരുതരമായി ബാധിച്ചു.

2019-ൽ രാജ്യത്ത് സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ആരംഭിച്ചു. വർദ്ധിച്ചുവരുന്ന പൊതു കടവും, കോവിഡ് മഹാമാരിയും കാരണം ടൂറിസത്തിന് തകർച്ചയുണ്ടായി. അത് സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കി. ഭക്ഷ്യ-ഊർജ്ജ വില വർദ്ധനവിനെ 2022 ലെ യുക്രെയ്നിലെ യുദ്ധം രൂക്ഷമാക്കി. കടുത്ത കടം ക്രമാതീതമായി വർദ്ധിക്കുകയും കടം തിരിച്ചടവിന്റെ പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്തു.

തത്ഫലമായുണ്ടായ വിദേശ കറൻസി ക്ഷാമം കാരണം, മരുന്ന്, ഭക്ഷണം, ഇന്ധനം എന്നിവയുൾപ്പെടെ അവശ്യ ഇറക്കുമതിക്ക് പണം നൽകാൻ രാജപക്സെയുടെ സർക്കാരിന് കഴിഞ്ഞില്ല, ഇത് കഴിഞ്ഞ ആഴ്ചകളിൽ സ്ഥിതി കൂടുതൽ ദുർബലമാക്കുന്ന വൈദ്യുതി വെട്ടിക്കുറക്കലിലേക്ക് നയിച്ചു.

ഇന്ധനം ഇറക്കുമതി ചെയ്യാൻ സഹായിക്കണമെന്ന് രജപക്സെ റഷ്യയോടു ആവശ്യപ്പെട്ടു.

ഫെബ്രുവരി 24 ന് നടന്ന യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് മോസ്കോയുടെ കയറ്റുമതിയിൽ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തിയെങ്കിലും, പ്രതിസന്ധി മറികടക്കാനുള്ള തന്റെ ഏറ്റവും പുതിയ നീക്കത്തിൽ, കൂടുതൽ വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് റഷ്യയുമായി ചർച്ച നടത്തുകയാണെന്ന് പ്രസിഡന്റ് രാജപക്സെ പ്രഖ്യാപിച്ചു. “റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി തനിക്ക് വളരെ ഫലദായകമായ ഫോൺ സംഭാഷണം ഉണ്ടായിരുന്നു,” എന്ന് പ്രസിഡന്റ് ബുധനാഴ്ച ഒരു ട്വീറ്റിൽ എഴുതി.

“വിനോദസഞ്ചാരം, വ്യാപാരം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് നമ്മുടെ ഇരു രാജ്യങ്ങളും പങ്കിടുന്ന സൗഹൃദം പ്രബലപ്പെടുത്തുന്നതിൽ പരമപ്രധാനമാണെന്ന് ഞങ്ങൾ ഏകകണ്ഠമായി സമ്മതിച്ചു,” എന്ന് രാജപക്സെ കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്ക ഇതിനകം റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിട്ടുണ്ട്, കൂടുതൽ വാങ്ങലുകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും രാജപക്സെ സൂചിപ്പിച്ചു. കൂടുതൽ വിദേശ കറൻസി കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ശ്രീലങ്കൻ സർക്കാർ ഉദ്ദേശിക്കുന്നതായി ശ്രീലങ്കൻ ടൂറിസം മന്ത്രി പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജൂലൈ 2022, 13:25