കർദ്ദിനാൾ തഗ്ലെ: ദൈവത്തിൻറെ നിയമം അകലങ്ങളിലല്ല, ഹൃദയങ്ങളിലാണ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കർത്താവിൻറെ നിയമം ഇനിമേൽ ശിലാഫലകങ്ങളിലായിരിക്കില്ല ഹൃദയത്തിലായിരിക്കും എഴുതപ്പെടുകയെന്ന് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ.
കത്തോലിക്കാ ഉപവിപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ അദ്ധ്യക്ഷനും റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയുടെ ഗ്രാൻ ചാൻസലറുമായ അദ്ദേഹം പത്താം തീയതി ഞായറാഴ്ച (10/07/22) ടൻസാനിയായിലെ ദാർ എസ് സലാമിലുള്ള മ്കാപ്പാ ദേശീയ സ്റ്റേഡിയത്തിൽ, കിഴക്കൻ ആഫ്രിക്കൻ നാടുകളിലെ മെത്രാൻ സംഘങ്ങളുടെ സമിതിയുടെ (AMECEA) ഇരുപതാം സമ്പൂർണ്ണ സമ്മേളനത്തിൻറെ ഉദ്ഘാടന ദിവ്യബലിയിൽ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.
ദൈവവചനം ഹൃദയത്തിൽ നിങ്ങൾക്ക് ശ്രവിക്കാൻ കഴിയുന്നതിന് ഞാൻ നിങ്ങളിൽ പുതിയൊരു ചൈതന്യം നിക്ഷേപിക്കും എന്ന എസക്കിയേൽ പ്രവാചകൻറെ വാക്കുകൾ അനുസ്മരിച്ച കർദ്ദിനാൾ തഗ്ലെ ദൈവത്തിൻറെ നിയമം വീദൂരത്തല്ലെന്നും ഹൃദയങ്ങളിലാണെന്നും ഉദ്ബോധിപ്പിച്ചു. പരിസ്ഥിതിപരിപാലനത്തിൽ വരുന്ന വീഴ്ചകളെക്കുറിച്ചും പരാമർശിച്ച അദ്ദേഹം ഇത്, സൃഷ്ടിയും മനുഷ്യനും തമ്മിൽ ഏതാണ്ടൊരു പിളർപ്പിനും ശത്രുതയ്ക്കും നിമിത്തമാകുന്നുണ്ടെന്ന് പറഞ്ഞു. സംഘർഷങ്ങളും അക്രമങ്ങളും ഭിന്നിപ്പുകളും ഇന്ന് നിരവധിയാണെന്ന വസ്തുതയും കർദ്ദിനാൾ തഗ്ലെ ചൂണ്ടിക്കാട്ടി.
കിഴക്കൻ ആഫ്രിക്കൻ നാടുകളിലെ മെത്രാൻ സംഘങ്ങളുടെ സമിതിയുടെ (AMECEA) പത്താം തീയതി ആരംഭിച്ച ഇരുപതാം സമ്പൂർണ്ണ സമ്മേളനം പതിനാറാം തീയതി സമാപിക്കും. (10-16/07/22). ടൻസാനിയായിലെ ദാർ എസ് സലാം ആണ് സമ്മേളന വേദി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: