തിരയുക

2022-ലെ  ഫ്രാൻസിസ് സെവ്യർ കോണച്ചി സ്കോളർഷിപ്പ്  ജേതാക്കളായ ഹേയ്ഡൻ കുബ്ളറും, ജെദ്ദ എലിസണും. 2022-ലെ ഫ്രാൻസിസ് സെവ്യർ കോണച്ചി സ്കോളർഷിപ്പ് ജേതാക്കളായ ഹേയ്ഡൻ കുബ്ളറും, ജെദ്ദ എലിസണും.  

ഭൂമിയുടെ പരമ്പരാഗത സംരക്ഷകരാണ് തങ്ങൾ: 2022 ലെ ഫ്രാൻസിസ് സെവ്യർ കോണച്ചി സ്കോളർഷിപ്പ് ജേതാക്കൾ

ഓസ്ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റിയും പരിശുദ്ധ സിംഹാസനത്തിന്റെ ഓസ്ട്രേലിയൻ എംബസ്സിയും ചേർന്ന് തദ്ദേശിയർക്കായി നൽകുന്നതാണ് ഫ്രാൻസിസ് സെവ്യർ കോണച്ചി സ്കോളർഷിപ്പ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷത്തെ ജേതാക്കളായ ഹേയ്ഡൻ കുബ്ളറും ജെദ്ദ എലിസണും ആദിവാസികളെന്ന നിലയിൽ " നീണ്ട കാലങ്ങളായി സൃഷ്ടിയുടെ കാവൽക്കാരായിരുന്നു. " ഭൂമി ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് അതിനാൽതങ്ങൾ ഭൂമിയുടെ "ഉടമസ്ഥർ "എന്നതിനു വിപരീതമായി അതിന്റെ "പരമ്പരാഗത കാവൽക്കാരാണ് " എന്ന് പറയാൻ അവർ ആഗ്രഹിക്കുന്നു. ഗുറെംഗ് ഗുറെംഗ് താന്നാ ദ്വീപ് നിവാസിയായ ഹെയ്ഡനും,  ജെദ്ദാ അഭിമാനിയായ യുവിബാറാ സ്ത്രീയുമാണ്.

1849 ൽ ബനഡിക്ടൈൻ മിഷണറിയാകാനുള്ള പരിശീലനത്തിനായി റോമിലെത്തിയ ആദിവാസി വിദ്യാർത്ഥിയുടെ പേരിലാണ് കോണച്ചി സ്കോളർഷിപ്പ്. 12 ആം ജന്മദിനത്തിന് മുമ്പ് മരണമടഞ്ഞ ആ വിദ്യാർത്ഥിയെ പിയൂസ് ഒമ്പതാമൻ പാപ്പാ ബനഡിക്ടൈൻ സന്യാസവസ്ത്രം ധരിപ്പിച്ച് വി.പൗലോസിന്റെ ബസിലിക്കയിൽ അടക്കുകയും ചെയ്തു. ആദിവാസികൾക്കും ടോറസ് സ്ട്രെയ്റ്റ് ദ്വീപിലെ വിദ്യാർത്ഥികൾക്കുമാണ് ഈ അവാർഡ് നൽകുന്നത്. കോവിഡ് മൂലമുണ്ടായ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഹെയ്ഡനും ജെദ്ദയും ഒരുമിച്ചാണ് അവാർഡ് സ്വീകരിച്ചത്.

റോമിലേക്കുള്ള അവരുടെ യാത്ര അവരുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും കൂടുതൽ സുദൃഢമാക്കാൻ സഹായിച്ചെന്നും ഫ്രാൻസിസ്  കോണച്ചിയുടെ കാൽപ്പാടുകൾ പിൻതുടരാൻ കഴിഞ്ഞതിൽ അവർ ബഹുമാനിതരായി എന്നും അറിയിച്ചു. രണ്ടു പേരും അദ്ധ്യാപകരാകാൻ വേണ്ട പരിശീലനത്തിനായാണ് എത്തിയിട്ടുള്ളത്. ക്ലാസ് റൂമിൽ അവരുടെ  സംസ്കാരം ഉൾപ്പെടുത്തുന്നത് ഓസ്ട്രേലിയയിൽ പൊതുവെ കുറവായി കണ്ടുവരുന്ന സംസ്കാരത്തെക്കുറിച്ചുള്ള ബഹുമാനം പണിതുയർത്താൻ സഹായിക്കുമെന്നും ഓസ്ടേലിയക്കാർ അവരുടെ രാജ്യത്തിന്റെ ചരിത്രത്തിൽ റോമിലെ ജനങ്ങളെ പോലെ അഭിമാനമുള്ളവരാകേണ്ടതാണ് എന്നും അവർ അഭിപ്രായപ്പെട്ടു.

മൂന്നാഴ്ചത്തെ റോമിലെ പഠനത്തിനു ശേഷം ഹെയ്ഡനും ജെദ്ദയും റോമിലെ ജനങ്ങൾ അവരുടെ ചരിത്രത്തെക്കുറിച്ച് അഭിമാനിക്കുന്നതും പുരാതന സ്ഥലകളോടും ആരാധനാ സ്ഥലങ്ങളോടുമുള്ള അവരുടെ ബഹുമാനത്തെയും ശ്രദ്ധയോടെ നിരീക്ഷിച്ചു. അവരുടെ ക്ലാസ്സുമുറികളിൽ അവരുടെ സംസ്കാരം ലഭ്യമാക്കേണ്ടത് ഭാവിതലമുറയ്ക്കും ഓസ്ട്രേലിയക്കാർക്കും അവരുടെ ചരിത്രത്തെക്കുറിച്ച് അഭിമാനിക്കാൻ ഇടവരുത്തും. പഴമയുടെ ഒരു കെട്ടിക്കെടക്കലായല്ല, കത്തോലിക്കാ മതത്തെപ്പോലെ തങ്ങളുടെ സംസ്കാരവും ജീവിക്കുകയും എപ്പോഴും ശ്വസിക്കുകയും പരിണമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന  ഒന്നായി ചിന്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഹെയ്ഡൻ പറഞ്ഞു.

ഓസ്ട്രേലിയയിൽ ആദിവാസികളും, ടോറസ് സ്ട്രെയ്റ്റ് ദ്വീപ് ജനങ്ങളുമടങ്ങുന്ന രണ്ട് പ്രഥമ ദേശീയ സമൂഹങ്ങളാണുള്ളത്. ഇവിടത്തെ സംസ്കാരവും ജനങ്ങളുടെ തനിമയും സംരക്ഷിക്കുക എന്നാൽ  സുസ്ഥിരമായ രീതിയിൽ ഭൂമിയിൽ ജീവിക്കാൻ തങ്ങളെ അനുവദിച്ച സാംസ്കാരിക സമ്പ്രദായങ്ങളുടെ സംരക്ഷണമാണ് എന്ന് ഹൈഡൻ സൂചിപ്പിച്ചു. ഓസ്ട്രേലിയ പരിസ്ഥിതി വ്യതിയാനങ്ങളുടെ പരിണതഫലമനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  ആദിവാസികളും, ടോറസ് സ്ട്രെയ്റ്റ് ദ്വീപിലെ  ജനങ്ങളും എപ്പോഴും ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അവർ സ്വന്തം നേട്ടത്തിനായി ഭൂമിയിലെ സാധനങ്ങൾ ഒരിക്കലും നശിപ്പിക്കുന്നില്ല എന്ന് ഹെയ്ഡൻ ചൂണ്ടിക്കാണിച്ചു.

കടൽ ജലനിരപ്പുയരുന്നതും അതുമൂലം ടോറസ് സ്ട്രെയ്റ്റ് ദ്വീപിലെ ജനങ്ങൾ മുങ്ങിപ്പോകുന്നതിനെയും കുറിച്ചാണ് ജെദ്ദ സംസാരിച്ചത്. എന്നാൽ അത് ഒരു തരം ആളുകളെ മാത്രം ബാധിക്കുന്നതും അർഹിക്കുന്ന പരിഗണനയും അടിയന്തിരാവസ്ഥയും നേടിയെടുക്കാത്തതും ജെദ്ദ വേദനയോടെ വിവരിച്ചു. തങ്ങളുടെ തനിമ സംരക്ഷിക്കുക വഴി ഫ്രാൻസിസ് പാപ്പാ ലൗദാത്തൊസിയിൽ പരാമർശിക്കുന്നതുപോലെ, അവിഭാജ്യ പരിസ്ഥിതിയുടെ ഭാഗമായ, ഓസ്ട്രേലിയയുടെ പരിസ്ഥിതിയും സംരക്ഷിക്കാൻ കഴിയും. സ്വകാര്യ ഖനന കമ്പനികൾ തങ്ങളുടെ വിശുദ്ധ സ്ഥലങ്ങളും ചരിത്ര പ്രദേശങ്ങളും നശിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമല്ല  ആദിവാസികൾ കാട്ടാളന്മാരും നരഭോജികളുമാണെന്ന നുണകഥകൾ പരത്തിയ ദുഷ്ഫലങ്ങളെക്കുറിച്ചും ജെദ്ദയും ഹെയ്ഡനും സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 July 2022, 13:32