നൈജീരിയയിലെ എഡോയിലും കഡുനയിലും കത്തോലിക്കാ പുരോഹിതന്മാർ കൊല്ലപ്പെട്ടു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നൈജീരിയയിലെ എഡോ സംസ്ഥാനത്തിലെ ഓച്ചി രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന കത്തോലിക്കാ പുരോഹിതനായ ഫാ. ക്രിസ്റ്റഫർ ഒഡിയയെ തട്ടിക്കൊണ്ടുപോയവർ ഞായറാഴ്ച വധിക്കുകയായിരുന്നു. ദാരുണമായ ഈ വാർത്ത രൂപതയിലെ സാമൂഹ്യ ആശയവിനിമയ ഡയറക്ടർ ഫാ.പീറ്റർ എഗിയേലവ ഒപ്പിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.
"2022 ജൂൺ 26 ന് രാവിലെ 6.30 ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഞങ്ങളുടെ പുരോഹിതനായ റവ.ഫാ. ക്രിസ്റ്റഫർ ഒഡിയയുടെ മരണം ഭാരിച്ച ഹൃദയത്തോടെ, എന്നാൽ ദൈവഹിതത്തോടുള്ള പൂർണ്ണ വിധേയത്വത്തോടെ ഞങ്ങൾ അറിയിക്കുന്നു." എന്നാണ് പ്രസ്താവന വെളിപ്പെടുത്തിയത്.
എഡോ സംസ്ഥാനത്തിലെ ഉസൈറൂവിലെ ഇക്കാബിഗ്ബോയിലുള്ള വിശുദ്ധ മൈക്കിളിന്റെ കത്തോലിക്കാ ദേവാലയത്തിലേക്ക് ഞായറാഴ്ച ദിവ്യബലിയർപ്പിക്കാൻ പോകുന്നതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രസ്താവനയിൽ പറയുന്നു.
എറ്റ്സാക്കോ കിഴക്കൻ പ്രാദേശിയ ഗവൺമെന്റ് ഏരിയയിലെ ഇക്കാബിഗ്ബോയിലെ വിശുദ്ധ മൈക്കിൾ ദേവാലയ അഡ്മിനിസ്ട്രേറ്ററും വിശുദ്ധ ഫിലിപ്പ് കാത്തലിക് സെക്കൻഡറി സ്കൂൾ ജാട്ടു പ്രിൻസിപ്പലുമായിരുന്നു 41 കാരനായ ഫാ. ഒഡിയ 2012 ലാണ് പുരോഹിത്യം സ്വീകരിച്ചത്.
കടുനയിൽ പുരോഹിതൻ കൊല്ലപ്പെട്ടു
ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ, തീവ്രവാദികളെന്ന് സംശയിക്കുന്ന തോക്കുധാരികൾ കടുന സംസ്ഥാനത്ത് മറ്റൊരു വൈദികൻ ഫാ. വിറ്റുസ് ബോറോഗോയെയും വധിച്ചു. ചികുൻ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ കടുന-കാച്ചിയ റോഡരികിലുള്ള കുജനയിലെ പ്രിസൺ ഫാമിൽ ശനിയാഴ്ചയാണ് ദാരുണമായ ഈ സംഭവം നടന്നത്.
50-കാരനായ ഫാ. ബൊറോഗോ, കഡുന സംസ്ഥാനത്തെ പോളിടെക്നിക്കിലെ കത്തോലിക്കാ സമൂഹത്തിന്റം ചാപ്ളിനും നൈജീരിയൻ കത്തോലിക്കാ രൂപതാ വൈദീക സംഘടനയുടെ (എൻസിപിഡിഎ) ചെയർമാനുമായിരുന്നു.
കഡുന രൂപതയുടെ ചാൻസലർ ഫാ.ക്രിസ്റ്റ്യൻ ഇമ്മാനുവൽ പുറത്തുവിട്ട പ്രസ്താവനയിൽ, " ഭാരിച്ച ഹൃദയത്തോടെയാണെങ്കിലും ദൈവഹിതത്തിന് പൂർണ്ണമായി വിധേയപ്പെട്ട് കുജാമയിൽ കഡുന-കച്ചിയ റോഡിലെ പ്രിസൺ ഫാമിൽ ശനിയാഴ്ച തീവ്രവാദികൾ നടത്തിയ കടന്നാക്രമണത്തിൽ ഫാ.വിറ്റസ് ബൊറോഗോയെ വധിക്കപ്പെട്ടു എന്ന് അറിയിച്ചു.
രൂപതയുടെ മെത്രാൻ മാത്യു മാൻ-ഓസോ എൻഡഗോസോ, ഫാ. ബൊറോഗോയുടെ കുടുംബത്തോടും, കഡുന പോളിടെക്നിക്കിലെ എൻ.എഫ്.സി.എസ് കുടുംബത്തോടും, മുഴുവൻ കഡുന പോളിടെക്നിക് സമുഹത്തോടും അനുശോചനം രേഖപ്പെടുത്തി.
"അതേസമയം, പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃ മദ്ധ്യസ്ഥതയ്ക്കായി തങ്ങൾ അദ്ദേഹത്തിന്റെ ആത്മാവിനെ സമർപ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മശാന്തിക്കും ദുഃഖിതരായ കുടുംബത്തിനും, പ്രത്യേകിച്ച് മകന്റെ വേർപാടിൽ വിഷമിക്കുന്ന അമ്മയ്ക്കും സാന്ത്വനം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കടുനയിൽ കൊള്ളക്കാരുടെ കൈകളാൽ മരിച്ച രണ്ടാമത്തെ പുരോഹിതനാണ് ഫാ.ബൊറോഗോ. മെയ് മാസത്തിൽ, മറ്റൊരു പുരോഹിതനായ ഫാ. ജോസഫ് ബാക്കോയും തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിൽ വച്ച് മരിച്ചു.
തട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പുരോഹിതർ മോചിതരായി.
നൈജീരിയയിലെ കഡുന സംസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോയ കത്തോലിക്കാ പുരോഹിതന്മാരായ ഫാ.സ്റ്റീഫൻ ഒജാപ്പ, ഫാ.ഒലിവർ ഒക്പാര എന്നിവരെ കൊള്ളക്കാർ വിട്ടയച്ചു.
മെയ് 25ന് പുലർച്ചെയാണ് അജ്ഞാതരായ തോക്കുധാരികൾ കറ്റ്സിന സംസ്ഥാനത്തെ ഗിദാന് മെയ്കാംബോയിലെ വിശുദ്ധ പാട്രിക് കത്തോലിക്കാ പള്ളിയുടെ റെക്ടറിയിലേക്ക് ഇരച്ചുകയറിയത്. വൈദികർക്കൊപ്പം തട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും മോചിപ്പിച്ചിട്ടുണ്ട്.
സൊകോട്ടോ രൂപതയിലെ സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ് ഒമോട്ടോഷോ പുറത്തിറക്കിയ പ്രസ്താവനയിൽ വൈദികരുടെയും മറ്റ് രണ്ട് പേരുടെയും മടങ്ങിവരവ് സ്ഥിരീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: