ജൂൺ 24, വിശുദ്ധ ദേവസഹായം ഉപകാരസ്മരണദിനം: ഇന്ത്യയിലെ കുടുംബങ്ങളെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂൺ 7 ചൊവ്വാഴ്ച, ഭാരത കാതോലിക്കാമെത്രാൻ സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, യേശുവിന്റെ തിരുഹൃദയത്തിരുനാൾ ദിനമായ ജൂൺ 24-ആം തീയതി വൈകുന്നേരം 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കാനും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുവാനും തീരുമാനമായതായി അറിയിച്ചു.
തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥനാസമ്മേളനവും, ചടങ്ങുകളും കത്തോലിക്കാ ടെലിവിഷൻ ചാനലുകൾ വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും പ്രക്ഷേപണം ചെയ്യപ്പെടും.
മെത്രാൻസംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ ആർച്ച്ബിഷപ് ജോർജ് ആന്റണിസ്വാമി പ്രാർത്ഥനകൾക്ക് ആരംഭം കുറിക്കും. ലത്തീൻ മെത്രാൻസംഘത്തിന്റെ തന്നെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ ആർച്ച്ബിഷപ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ് അഭിവന്ദ്യ നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റെവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും. ബോംബെ ആർച്ച്ബിഷപ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും.
പ്രാർത്ഥനാചടങ്ങുകളുടെ ഭാഗമായി, ഗോവ, ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്തകർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച്ബിഷപ് അഭിവന്ദ്യ ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യആശീർവാദം നൽകും.
ഭാരതകത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ ലത്തീൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു. ഇതുവഴി, 132 ലത്തീൻ രൂപതകളിലായി 1 കോടി 80 ലക്ഷത്തോളം വിശ്വാസികളുള്ള സഭയുടെ കത്തോലിക്കാ സ്വഭാവത്തിനും, സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തിനും സാക്ഷ്യം നൽകാൻ സാധിക്കുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: