തിരയുക

അപ്പവും മത്സ്യവും വർദ്ധിപ്പിച്ചേകുന്ന യേശു അപ്പവും മത്സ്യവും വർദ്ധിപ്പിച്ചേകുന്ന യേശു 

എന്തുകൊണ്ട് യേശുവിനെ അനുഗമിക്കണം?

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം John 6, 25-33 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പെന്തക്കുസ്തായ്ക്ക് ശേഷമുള്ള ഒന്നാം ഞായറാഴ്ചയിലെ സുവിശേഷഭാഗമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ നമ്മുടെ സുവിശേഷഭാഗം. ഗലീലിക്കടലിന്റെ ഒരു തീരത്തുള്ള തിബേരിയാസ് കരയിൽനിന്ന് മറുകരയിലുള്ള കഫർണാമിലേക്ക് പോയ യേശുവിനെത്തേടി ജനക്കൂട്ടം എത്തുന്നതിനെകുറിച്ചാണ് ഇവിടെ നാം വായിക്കുന്നത്.  ഈ ഭൂമിയിലെ ജീവിതമെന്ന സാഗരത്തിലൂടെ മറുകര തേടി യാത്ര ചെയ്യുന്നവരാണ് നമ്മളും. അതുകൊണ്ടുതന്നെ ഇന്നത്തെ നമ്മുടെ വിചിന്തനം, യേശുവിനെ തേടിയെത്തിയ ജനക്കൂട്ടവും നമ്മളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുകൂടി ചിന്തിക്കാൻ സഹായിക്കുന്നതായിരിക്കണം.

തിബേരിയാസ് കരയിൽനിന്ന് കഫർണാം പ്രദേശത്തേക്ക് യാത്ര ചെയ്യുവാൻ ഈ ജനക്കൂട്ടത്തെ പ്രചോദിപ്പിക്കുന്ന പ്രധാനപ്പെട്ട കാരണം യേശു എന്ന വ്യക്തിയാണ് . എന്നാൽ ആ വ്യക്തിയിലേക്ക് അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാരണങ്ങളിൽ ഒന്ന്, അവൻ അയ്യായിരത്തോളം പുരുഷന്മാർ വരുന്ന വലിയ ഒരു ജനക്കൂട്ടത്തെ വെറും അഞ്ച് ബാർലിയപ്പവും രണ്ടു മീനും കൊണ്ട് തൃപ്തിപ്പെടുത്തി എന്നതാണ്. ചില ആളുകളെ സംബന്ധിച്ച് ജനക്കൂട്ടം യേശുവിന്റെ പിന്നാലെ പോകുന്നതിന് രണ്ടാമതൊരു കാരണമുണ്ട്. അത്, റോമൻ അധിപത്യത്തിനെതിരെ പോരാടാൻ തങ്ങൾക്ക് ശക്തനായ ഒരു പ്രവാചകനെ, ഒരു നേതാവിനെ യേശുവിൽ അവർ കണ്ടു എന്നതാണ്. ഇനി വേറൊരു കൂട്ടർക്കാണെങ്കിൽ, യേശുവിന്റെ പ്രവൃത്തികളിൽ ഏതെങ്കിലുമൊരു വീഴ്ച കണ്ടുപിടിക്കാനും, അതുവഴി അവനെ കുടുക്കിലാക്കാനുമാണ് താല്പര്യം. ഇക്കാരണങ്ങളാലാണ് നാം സുവിശേഷത്തിൽ പിന്നീട് കാണുന്നതുപോലെ അവർ യേശുവിൽനിന്ന് വീണ്ടും അടയാളങ്ങൾ ചോദിക്കുക.

വെറും സാധാരണമായ ഒരു ചോദ്യമാണ് ഈ ജനക്കൂട്ടം യേശുവിനോട് ആദ്യം ചോദിക്കുന്നത്: "റബ്ബീ, അങ്ങ് എപ്പോൾ ഇവിടെയെത്തി?" (വാ. 25). കടലിനോട് മല്ലിട്ടിരുന്ന തന്റെ ശിഷ്യരെ സഹായിച്ച്, അവർക്കൊപ്പം സഞ്ചരിച്ച് സുരക്ഷിതത്വത്തിലേക്ക് അവരെ എത്തിച്ച കഥ പറയുന്നതിനേക്കാൾ, യേശു അവർക്ക് നൽകുന്ന ഉത്തരം, യേശുവിനെക്കുറിച്ച് അന്വേഷിക്കുന്ന ഓരോ മനുഷ്യനും ഒരു വിചിന്തനത്തിനുള്ള കാരണമാണ്. "അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്" (വാ. 26). ഇവിടെ ആദ്യചോദ്യം ഇതാണ്: എന്തുകൊണ്ടാണ് നീ യേശുവിനെ അന്വേഷിക്കുന്നത്? ഇസ്രായേൽ ജനതയ്ക്ക് റോമാ സാമ്രാജ്യത്തിന്റെ അധീനതയിൽനിന്നെന്നപോലെ, നിന്റെ ജീവിതത്തിൽ നിന്നെ വഴിമുട്ടിക്കുന്ന, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളിലും സന്ദർഭങ്ങളിലും നിനക്ക് ലഭിച്ചേക്കാവുന്ന താൽക്കാലിക ഉത്തരങ്ങൾക്കു വേണ്ടിയോ, അധ്വാനിക്കാതെ ലഭിക്കുന്ന അപ്പത്തിനുവേണ്ടിയോ അതോ യേശുവിലൂടെ മാത്രം ലഭ്യമാകുന്ന നിത്യ ജീവനുവേണ്ടിയോ? ജനക്കൂട്ടം യേശുവിനെ തേടിയത്, നശ്വരമായ, ഇല്ലാതായിപ്പോകുന്ന അപ്പത്തിനുവേണ്ടിയാണ്. ദൈവിക ചിന്തയും സാന്നിധ്യവുമില്ലാത്ത ഈ ലോകജീവിതമെന്ന ഗലീലിക്കടലിന്റെ, തീരങ്ങളിൽനിന്ന്, യേശുവിന്റെ സാന്നിധ്യമുള്ള മറുകരയിലേക്ക് നിന്നെ നയിക്കുന്ന യഥാർത്ഥ കാരണമെന്തെന്ന് നീ തിരിച്ചറിയണം. ഇവിടെ ജനക്കൂട്ടത്തിനോടും നിന്നോടും യേശുവിനുള്ള ഉപദേശമിതാണ് "നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ" (വാ. 27). ഭൗമികതയിൽനിന്ന് സ്വർഗ്ഗീയതയിലേക്ക്, ഭക്ഷണത്തിൽനിന്ന് നിത്യജീവനിലേക്ക് ചിന്തയും മനസ്സുമുയർത്തുവാനാണ് ദൈവം നമ്മെ വിളിക്കുന്നത്. തന്നെ രാജാവാക്കാൻ പരിശ്രമിക്കുന്ന മനുഷ്യരുടെ മുന്നിൽ യേശു തന്നെത്തന്നെ “മനുഷ്യപുത്രൻ” എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ യേശുവിന്റെ തുടർന്നുള്ള വാക്കുകൾ പ്രധാനപ്പെട്ടവയാണ്. "എന്തെന്നാൽ പിതാവായ ദൈവം അവന്റെ മേൽ അംഗീകാരമുദ്ര വച്ചിരിക്കുന്നു" (വാ. 27).  രണ്ടു കാര്യങ്ങൾക്കാണ് ഇവിടെ ഉറപ്പു ലഭിക്കുന്നത്. ഒന്ന്, അവൻ ദൈവത്തിന്റെ സ്വന്തമാണ്, രണ്ട് അവന്റെ പ്രവൃത്തികൾ ദൈവത്തിന്റെ പ്രവൃത്തികൾ തന്നെയാണ്. ദൈവമാണ് ലോകത്തിന് മുന്നിൽ അവനെ അംഗീകരിക്കുന്നത്..

രണ്ടാമതായി ജനക്കൂട്ടം യേശുവിനോട് ചോദിക്കുന്ന ചോദ്യം കുറച്ചുകൂടി അർത്ഥമുള്ളതാണ് "ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്ത് ചെയ്യണം?" (വാ. 28). പലപ്പോഴും, നമ്മുടെയൊക്കെ ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമാണിത്. യേശുവിന്റെ ഉത്തരം എന്നാൽ ഒറ്റനോട്ടത്തിൽ അത്ര എളുപ്പമുള്ളതല്ല. "അവിടുന്ന്, അതായത് ദൈവം അയച്ചവനിൽ വിശ്വസിക്കുക" (വാ. 29). ദൈവഹിതമറിയണമെന്ന് ആഗ്രഹിക്കുന്നവൻ ആദ്യം ചെയ്യേണ്ടത്, അവനിലും ദൈവപുത്രനായ ക്രിസ്തുവിലും വിശ്വസിക്കുക എന്നതാണ്. എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുക എന്നതിലേക്ക് ദൈവഹിതത്തെ നമുക്ക് തളച്ചിടാനാകില്ല. മറിച്ച് യേശുവിന്റെ വാക്കുകളെ അക്ഷരംപ്രതി പാലിച്ചുകൊണ്ട്, അവനിൽ, അതായത് അയക്കപ്പെട്ടവനിൽ വിശ്വസിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. ക്രിസ്തു ദൈവപുത്രനാണെന്ന് നിങ്ങൾക്ക് യഥാർത്ഥ വിശ്വാസമുണ്ടെങ്കിൽ, ദൈവഹിതത്തിനെതിരായി ഒന്നും ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കില്ല. സ്നേഹമായ ക്രിസ്തുവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ, അവനെതിരായ പ്രവൃത്തികൾ നിന്നിലുണ്ടാകില്ല. നിന്നെ സ്നേഹിക്കുന്ന പിതാവിനെയും, അവന്റെ ക്രിസ്തുവിനെയും പൂർണ്ണഹൃദയത്തോടെ നീ സ്നേഹിക്കുന്നെങ്കിൽ, അവരുടേതല്ലാത്ത പ്രവൃത്തികൾ നിന്നിൽ ഉളവാകില്ല. ആത്മാർത്ഥതയുള്ളവരാണെങ്കിൽ, തന്നെ സ്നേഹിക്കുന്ന, താൻ സ്നേഹിക്കുന്ന ഒരു പിതാവിന്റെ മുന്നിലിരുന്ന് ഒരു മകനോ മക്കൾക്കോ എങ്ങനെയാണ് അവനെതിരായി പെരുമാറാനാകുക? പിതാവിന്റെ മനസ്സും ഹൃദയ ഇംഗിതങ്ങളും അറിയുന്നവരാണ് യഥാർത്ഥ പുത്രനും പുത്രിയും.

യേശുവിന്റെ വചനത്തിന്റെ പൊരുൾ തങ്ങൾക്ക് ഏറെക്കുറെ പിടികിട്ടിയെന്നും, അവൻ തന്നെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന്  കുറച്ചെങ്കിലും അവർ മനസ്സിലാക്കിയെന്നും തോന്നിപ്പിക്കുന്ന ഒരു ചോദ്യമാണ് മൂന്നാമതായി ജനം നടത്തുന്നത്. "ഞങ്ങൾ കണ്ട്, നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണ് നീ ചെയ്യുക" (വാ. 30). അവരുടെ ഈ വാക്കുകൾ യഥാർത്ഥത്തിൽ ഒരേസമയം, അവരുടെ ദൈവവിശ്വാസത്തിലുള്ള ദാരിദ്ര്യത്തെയും, ദൈവത്തെക്കുറിച്ചുള്ള അജ്ഞതയെയുമാണ് വെളിവാക്കുന്നത്. മരുഭൂമിയിൽവച്ച് മോശയിലൂടെ നൽകപ്പെട്ട മന്നാ അപ്പത്തിന്റെ കഥകളിൽ സ്വപ്നംകണ്ടുറങ്ങുന്ന ഒരു വിശ്വാസമാണ് ഈ ജനക്കൂട്ടത്തിന്റേത്. അതുപോലെ ഒരു അത്ഭുതംകൂടി, ഒരു അടയാളം കൂടിയാണ് അവർ പ്രതീക്ഷിക്കുന്നത്. അവർക്ക് വേണ്ടത് ഈ ലോകത്തിൽ സ്വാതന്ത്ര്യം നൽകുന്ന അധികാരത്തിന്റെ അടയാളമാണ്, അവരുടെ വിശപ്പകറ്റുന്ന, അപ്പമേകുന്ന, തങ്ങളുടെ ഇഹലോക ആഗ്രഹങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായിക്കുന്ന ഒരു നേതൃത്വത്തെയാണ്. ക്രൈസ്തവരെന്ന് അഭിമാനിക്കുന്ന നമ്മുടെ ഉള്ളിലും, ഭക്ഷണവും, സമ്പത്തും, ഭവനവും, ആരോഗ്യവും, സുഖജീവിതവും, സംരക്ഷണവും ഒക്കെ നൽകുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് പലപ്പോഴും നാം കൊണ്ടു നടക്കുന്നത്. ചിന്തിക്കുവാൻ കഴിവുള്ള ജീവിതങ്ങൾക്ക് യഥാർത്ഥ വഴി കാണിച്ചുകൊടുക്കുന്ന രണ്ട് ഉത്തരങ്ങളാണ് യേശു നൽകുക; ഒന്നാമതായി, മോശയല്ല, അവന്റെ ഇടപെടലിലൂടെ ദൈവമാണ് മരുഭൂമിയിൽ തന്റെ ജനത്തിന് അപ്പം നൽകിയത്. രണ്ടാമതായി, പിതാവായ ദൈവം, ഇതാ ജീവൻ നൽകുന്ന അപ്പമായ തന്നെ, യേശു എന്ന യഥാർത്ഥ അപ്പത്തെ തന്റെ ജനത്തിന് നിത്യജീവൻ ലഭിക്കുന്നതിനുവേണ്ടി നൽകിയിരിക്കുന്നു.

ഇന്നത്തെ സുവിശേഷം നമ്മിൽ ചില ചോദ്യങ്ങളുയർത്തണം. ഒന്നാമതായിത്തന്നെ എന്തുകൊണ്ടാണ് യേശു എന്ന ഒരു വ്യക്തിക്ക് പിന്നാലെ നാം ചരിക്കുന്നത്? നമുക്കായി അപ്പം വർദ്ധിപ്പിക്കാൻ, നമുക്ക് സുഖസൗകര്യങ്ങൾ നൽകാൻ അവന് സാധിക്കുമെന്ന ചിന്തയാണോ നമ്മെ നയിക്കുന്നത്? ജീവിതത്തിൽ, നമ്മെ അടക്കിഭരിക്കുന്ന ശക്തികളെ, നമ്മുടെ സംശയങ്ങളെ, ഭീതികളെ, അനിശ്ചിതത്വങ്ങളെ, മേധാവിത്വങ്ങളെ ഒക്കെ ഇളക്കിമാറ്റുവാൻ, ഇല്ലാതാക്കി മാറ്റാൻ കഴിവുള്ള ഒരു അത്ഭുതശക്തിയാണോ നാം അവനിൽ തേടുന്നത്? മോശയിലൂടെയെന്നതുപോലെ, മറ്റു പലരിലൂടെയും അവൻ നടത്തുന്ന അത്ഭുതങ്ങളാണോ അവനിലേക്ക് നമ്മെ അടുപ്പിക്കുന്നത്? മറ്റു ദൈവസങ്കല്പങ്ങളെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട ദൈവസങ്കല്പം എന്ന ചിന്തയാണോ യേശുവിനെ തേടാൻ നമ്മെ പ്രേരിപ്പിക്കുക? അതോ, പിതാവായ ദൈവം അയച്ച ജീവനുള്ള അപ്പമാണ് യേശു എന്ന ബോധ്യമാണോ നമ്മെ യേശുവിനോട് ചേർത്തുനിറുത്തുന്നത്? അവനിലൂടെയാണ്, ദൈവം തന്റെ സ്നേഹം മനുഷ്യമക്കൾക്ക് വ്യക്തമായി വെളിപ്പെടുത്തുന്നതെന്ന് നാം വിശ്വസിക്കുന്നുണ്ടോ? അവന്റെ ജീവിതസമർപ്പണമാണ് നമുക്ക് ജീവനേകിയതെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? കൂടുതൽ ആഴമുള്ള വിശ്വാസം നമുക്കെകണമേയെന്ന് നമുക്ക്  ആഗ്രഹിച്ച് പ്രാർത്ഥിക്കാം. ദൈവത്തെ ആഴത്തിൽ അറിഞ്ഞ്, കൂടുതലായി മനസ്സിലാക്കി, പൂർണ്ണമായി അവനെ സ്നേഹിച്ച്, അവനെ പിഞ്ചെല്ലുന്നവരിൽ തന്റെ അനുഗ്രഹങ്ങൾ ദൈവം അളവുകളില്ലാതെ ചൊരിയും. ഉലയുന്ന തിരമാലകളിൽ നമ്മുടെ ജീവിതതോണി ഉലയുമ്പോൾ ശാന്തതയുടെ മറുതീരങ്ങളിലേക്ക് ദൈവം നമ്മെ നയിക്കട്ടെ. പിതാവായ ദൈവമേകുന്ന ജീവന്റെ അപ്പമായ യേശുവിനെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധാത്മാവ് വിശുദ്ധിയുള്ളതാകട്ടെ. ബാഹ്യമായ പ്രവൃത്തികളിലും കടമകളിലും മാത്രം ഒതുങ്ങാതെ, ആത്മാർത്ഥമായ സ്നേഹത്തോടെ ദൈവത്തോട് ചേർന്ന്, അവിടുത്തെ ഹിതമറിഞ്ഞ് ജീവിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2022, 13:45