അനേകർക്കായി വിഭജിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരം: കോർപ്പുസ് ക്രിസ്റ്റി തിരുനാൾ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ കുർബാനയുടെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ തിരുനാളാണ് നാമിന്ന് ആഘോഷിക്കുന്നത്. യേശു അഞ്ച് അപ്പവും രണ്ടു മത്സ്യവും കൊണ്ട് അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയൊരു ജനക്കൂട്ടത്തിന് ഭക്ഷണമേകുന്ന ഒരു അത്ഭുതസംഭവത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോട് സംസാരിക്കുന്നത്. ഈ സുവിശേഷഭാഗം മനസ്സിലാക്കുന്നതിന് ഇതിന്റെ തൊട്ടു മുൻപുള്ള വചനഭാഗം നാം ശ്രദ്ധിക്കേണ്ടതുണ്ട്. ലൂക്കയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം തുടങ്ങുന്നത്, യേശു തന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരെ ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അയക്കുന്ന സംഭവം (വാ. 1-6) വിവരിച്ചുകൊണ്ടാണ്. അതിനുശേഷം വരുന്ന ഭാഗമാണ്, ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ ലൂക്ക എഴുതുന്നതിന്റെ സാഹചര്യം മനസിലാക്കാൻ നമ്മെ സഹായിക്കുക. യേശുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ഹേറോദേസ് ഉത്കണ്ഠാകുലനായി എന്ന് സുവിശേഷം പറയുന്നു (വാ. 7-9). യോഹന്നാൻ ഉയർപ്പിക്കപ്പെട്ടു എന്നും, ഏലിയാ പ്രത്യക്ഷപ്പെട്ടു എന്നും, പണ്ടത്തെ പ്രവാചകരിൽ ഒരുവൻ ഉയിർത്തുവന്നു എന്നുമൊക്കെ ആളുകൾ യേശുവിനെപ്പറ്റി പറയുന്നത് കേട്ടിട്ട്, ഹേറോദേസ് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഒൻപതാം വാക്യത്തിന്റെ രണ്ടാം ഭാഗത്താണ് നാം ഇത് കാണുന്നത്: "പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു". ഈ ചോദ്യങ്ങൾക്ക് ഉത്തരമായാണ് ലൂക്കാ സുവിശേഷകൻ ഒൻപതാം അദ്ധ്യായത്തിന്റെ നല്ലൊരു ഭാഗവും നീക്കിവയ്ക്കുന്നത്. യേശു ആരാണ് എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരത്തിൽ ഒന്നാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം കണ്ടെത്തുന്നത്. ദൈവത്തിന്റെ ശക്തി വസിക്കുന്ന, ദൈവജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന, അവരുടെ വിശപ്പകറ്റുന്ന ദൈവപുത്രനാണ് യേശു.
യേശുവിന്റെ നിർദ്ദേശപ്രകാരം അപ്പസ്തോലന്മാർ പോയി "ഗ്രാമങ്ങൾ തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു (വാ. 6). ശിഷ്യന്മാർ മടങ്ങിവന്നു കഴിഞ്ഞപ്പോൾ യേശു "അവരെ ബെത്‌സയ്ദാ പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതറിഞ്ഞ് ജനങ്ങൾ അവന്റെ പിന്നാലെ ചെന്നു. തന്റെ പിന്നാലെ വന്ന ജനത്തെ യേശു സ്വീകരിച്ച് ദൈവാരാജ്യത്തെപ്പറ്റി അവരോട് പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു" (വ 10-11) എന്ന വിവരണത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്.
അഞ്ചപ്പവും രണ്ടു മത്സ്യവും കൊണ്ട് യേശു അയ്യായിരം പുരുഷന്മാരടങ്ങുന്ന വൻ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന സംഭവം വിവരിക്കുന്ന ഇന്നത്തെ സുവിശേഷഭാഗത്തിനു ശേഷമാകട്ടെ, യേശു ദൈവപുത്രനാണെന്ന പത്രോസിന്റെ വിശ്വാസപ്രഖ്യാപനമാണ് വരുന്നത്. തുടർന്ന് യേശു തന്നെത്തന്നെ സഹിക്കുന്ന, പീഡനമനുഭവിക്കുന്ന മനുഷ്യപുത്രനായി അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ യേശു ആരെന്ന് ഹേറോദോസിലൂടെ ഉയരുന്ന, ചരിത്രത്തിലിന്നോളം തുടരുന്ന, ഒരു ചോദ്യത്തിനുള്ള ഉത്തരങ്ങളിലൂടെയാണ് ഈ അദ്ധ്യായം നമ്മെ കൊണ്ടുപോകുന്നത്.
ഇന്നത്തെ സുവിശേഷഭാഗത്തേക്ക് കടന്നുവരുമ്പോൾ, യേശുവിന്റെ ചില പ്രവൃത്തികളാണ് നമ്മുടെ വിചിന്തനത്തിന് വിധേയമാകേണ്ടത്. താൻ അയച്ച അപ്പസ്തോലന്മാരുടെ കൂടിയായിരുന്ന ജനം തന്റെ പിന്നാലെ വരുമ്പോൾ, സുവിശേഷം പറയുന്നു, "അവൻ അവരെ സ്വീകരിച്ച്, ദൈവാരാജ്യത്തെപ്പറ്റി അവരോട് പ്രസംഗിക്കുകയും രോഗശാന്തി ആവശ്യമായിരുന്നവരെ സുഖപ്പെടുത്തുകയും ചെയ്തു" (വാ. 11). തന്നെ തേടി വരുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത സ്നേഹമാണ് ക്രിസ്തു. സുവിശേഷം പ്രസംഗിക്കാനായി അയച്ച ശിഷ്യന്മാർ ഒരുപക്ഷെ ക്ഷീണിതരായി തിരികെ വന്നപ്പോൾ അവരോടൊപ്പം ബെത്സയ്ദാ പട്ടണത്തിലേക്ക് പോയ യേശു, എന്നാൽ തന്റെ പിന്നാലെ ജനം വരുന്നത് കണ്ടപ്പോൾ അവരെ മടക്കി വിടാതെ, സ്വീകരിക്കുന്നു. ക്രിസ്തുവിന്റെ ഒരു പ്രത്യേകത ഇതാണ്; തന്റെ പിന്നാലെ വരുന്നവരെ, സ്വീകരിക്കാനുള്ള മനസ്സ്. യേശു, രണ്ടാമത് ചെയ്യുന്ന പ്രവൃത്തി, അവൻ അവരുടെ ആത്മാവിന്റെ ദാഹമറിഞ്ഞ് അവരോട് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു എന്നതാണ്. ദൈവപുത്രന്റെ കടമയിലൊന്നാണ്, പിതാവിന്റെ സുവിശേഷമാറിയിക്കുക എന്നത്. യേശുവിന്റെ അടുത്ത പ്രവൃത്തി, "രോഗശാന്തി ആവശ്യമായിരുന്നവരെ അവൻ സുഖപ്പെടുത്തുന്നു എന്നതാണ്".
ക്രൈസ്തവവിശ്വാസം പേറുന്ന നമുക്കും ഉണ്ടാകേണ്ട ചില ഗുണങ്ങളാണ് നാം ഇവിടെ കണ്ടുമുട്ടുന്നത്. ബുദ്ധിമുട്ടുകളുടെയും, വിഷമങ്ങളുടെയും, ഇടയിലും, മറ്റുള്ളവരെ സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള ഒരു മനസ്സ് ഉണ്ടാവുക എന്നതുതന്നെയാണ് ആദ്യം നമുക്കുണ്ടാകേണ്ടത്. ശിഷ്യന്മാർ ചെയ്തതുപോലെ, മറ്റുള്ളവരെ യേശുവിലേക്ക് ആകർഷിക്കുവാനും, നയിക്കുവാനും പറ്റുന്ന ഒരു ജീവിതശൈലി സുവിശേഷം നമ്മിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തിലും, ലഭിക്കുന്ന ഓരോ അവസരങ്ങളിലും മറ്റുള്ളവരോട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാനും, അവർക്ക് സൗഖ്യദായകനായ യേശുവിലേക്കുള്ള ചൂണ്ടുപലകകളാകാനും നമുക്ക് സാധിക്കണം.
ഒൻപതാം അദ്ധ്യായത്തിന്റെ പന്ത്രണ്ടു മുതലുള്ള വാക്യങ്ങളിൽ, ജനത്തിനുവേണ്ടിയുള്ള ശിഷ്യന്മാരുടെ സഹതാപത്തിന്റെ പ്രവൃത്തിയാണ് നാം കാണുക. ജനങ്ങളെ തിരികെ പറഞ്ഞയയ്ക്കുവാൻ യേശുവിനോട് അവർ ആവശ്യപ്പെടുന്നു. പകൽ അസ്തമിച്ചു, വിജനപ്രദേശമാണ്, ഭക്ഷണം കിട്ടണമെങ്കിൽ ഗ്രാമങ്ങളിലേക്കും നാട്ടിന്പുറങ്ങളിലേക്കും പോകണം. തങ്ങളിൽത്തന്നെ ആശ്രയിക്കുകയും, മാനുഷികമായി ചിന്തിക്കുകയും ചെയ്യുമ്പോൾ, എന്നാൽ അതെ സമയം സഹതാപത്തിന്റെ ചിന്തകൾ മനസ്സിൽ ഇനിയും അവശേഷിക്കുകയും ചെയ്യുമ്പോൾ ഏതൊരു മനുഷ്യനും ചെയ്തേക്കാവുന്ന പ്രവൃത്തിയാണിത്. ഇവിടെ നമുക്ക് ശിഷ്യന്മാരെ പൂർണ്ണമായും കുറ്റപ്പെടുത്താനുമാകില്ല. കാരണം, യേശു എന്താണ് ചെയ്യാൻ പോവുകയെന്നോ, എന്ത് ചെയ്യാൻ അവനു സാധിക്കുമെന്നോ വ്യക്തമായ ഒരു ധാരണ ഇനിയും അവർക്കില്ല. അതുകൊണ്ടുതന്നെയാണ്, ജനങ്ങളെ പറഞ്ഞയക്കാൻ അവർ യേശുവിനെ ഉപദേശിക്കുന്നത്. എന്നാൽ യേശു അവരെ പരീക്ഷിക്കുന്ന രീതിയിൽ ഒരു ഉത്തരമാണ് നൽകുന്നത്. നിങ്ങൾ തന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ.
വചനം കേട്ട് ക്രിസ്തുവിലേക്ക് വരുന്നവരുടെ ഹൃദയത്തിന്റെ ദാഹവും വിശപ്പും അകറ്റുക, ഓരോ ക്രിസ്തുശിഷ്യന്റെയും ചുമതലയായി മാറുന്നുണ്ട്. ആളുകളെ തമാശകൾ പറഞ്ഞു ചിരിപ്പിക്കാനോ, വാക്ചാതുരിയിൽ മയക്കാനോ, വിനോദിപ്പിക്കാനോ ഒക്കെ എളുപ്പമായേക്കാം, എന്നാൽ അവരുടെ ജീവിതത്തിൽ ദൈവത്തിനായുള്ള ദാഹവും വിശപ്പും അറിയുകയും, ക്രിസ്തുവിലേക്ക് അവരെ നയിക്കാനും, ക്രിസ്തുവിനാൽ അവരെ നിറയ്ക്കാനും, സംതൃപ്തരാക്കാനും നമ്മുടെ ജീവിതം കൊണ്ട് നമുക്കും സാധിക്കണമെന്ന് സുവിശേഷം നമ്മോട് പറയുകയാണ്.
തന്റെ പിന്നാലെ വരുന്ന ജനത്തിന്റെ ആത്മീയമായ ദാഹവും വിശപ്പും തിരിച്ചറിയുന്ന യേശു അവരുടെ മനസ്സിലും ഹൃദയത്തിലും, സ്വർഗ്ഗത്തിന്റെ സുവിശേഷം നിറച്ചെങ്കിൽ, അവൻ അവരുടെ ശാരീരികമായ വിശപ്പിനേയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവൻ തന്റെ ശിഷ്യന്മാരോട് ജനക്കൂട്ടത്തെ അമ്പതുവീതമുള്ള പന്തികളായി ഇരുത്താൻ ആവശ്യപ്പെടുന്നത്. ക്രിസ്തു നൽകുന്നത് ഒരു വിരുന്നാണ്. ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ നൽകി പറഞ്ഞയക്കുക എന്നതിനേക്കാൾ, എല്ലാം ക്രമപ്പെടുത്തി, തയ്യാറാക്കി, ഒരു വിരുന്നിലേക്കാണ് ജനക്കൂട്ടത്തെ അവൻ ക്ഷണിക്കുന്നത്. ഈ സ്വർഗ്ഗീയമായ വിരുന്നിൽ വിളമ്പപ്പെടുന്നത്, ദൈവം വാഴ്ത്തിയ ഭക്ഷണമാണ്. കണ്ണുകൾ സ്വർഗ്ഗത്തിലേക്ക്, തന്റെ പിതാവിന്റെ പക്കലേക്ക് ഉയർത്തി അവൻ, ദൈവം നൽകിയ അപ്പത്തെയും മത്സ്യത്തെയും ഓർത്ത് വാഴ്ത്തി ആശീർവദിച്ചു മുറിച്ചതിന് ശേഷം അത് ജനത്തിന് നൽകുവാനായി തന്റെ ശിഷ്യന്മാരെ യേശു ഏൽപ്പിക്കുന്നു. ഓരോ ശിഷ്യനും തിരിച്ചറിയേണ്ടതും, പ്രവർത്തിക്കേണ്ടതും ഇപ്രകാരമാണ്. ദൈവത്തിന്റെ ദാനമായ ക്രിസ്തുവിനെ, ദാഹിച്ചും വിശന്നും തേടിയെത്തുന്ന ജനത്തിന് നന്ദി നിറഞ്ഞ ഹൃദയത്തോടെ, നിറഞ്ഞ മനസ്സോടെ വിളമ്പുക. ക്രിസ്തുവിനെ വിളമ്പുന്ന വിരുന്നൊരുക്കുക!
ജനക്കൂട്ടത്തിന് തൃപ്തിവരുവോളം ഭക്ഷണം നൽകുന്ന യേശുവിനെക്കുറിച്ചാണ് പതിനേഴാം വാക്യം നമ്മോട് പറയുന്നത്. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ലോകത്തിന് മുഴുവൻ രക്ഷയായി നൽകപ്പെട്ട വിരുന്നാണ് ക്രിസ്തു. അവനെ എല്ലാവർക്കും തൃപ്തിയാകുവോളം എത്തിക്കുകയാണ്, ഓരോ ക്രിസ്തുശിഷ്യന്റെയും കടമ. ഇനിയും ക്രിസ്തു ലോകമെങ്ങും പ്രഘോഷിക്കപ്പെട്ടിട്ടില്ലെങ്കിൽ, അത് നമ്മുടെ കൂടി കുറവായി നാം കണക്കാക്കണം. കാരണം, മതിയാകുവോളം വിളമ്പുവാനായി ദൈവം ദാനമായി നമ്മുടെ ജീവിതത്തിലേകിയ ക്രിസ്തുവിനെ, ഓരോ ഹൃദയങ്ങളിലേക്കുമെത്തിക്കാനുള്ള നമ്മുടെ കടമ നാം മറന്നതുകൊണ്ടാകണം പലപ്പോഴും ക്രിസ്തു ഇനിയും പലയിടങ്ങളിലും അന്യനായി നിൽക്കേണ്ടിവരുന്നത്. സഭയിൽ സ്ഥാനമാനങ്ങൾ നേടുന്നതിനേക്കാൾ, സ്വന്തം കഴിവുകളും, വിദ്യാഭ്യാസയോഗ്യതയും, ബുദ്ധിശക്തിയുമൊക്കെ, മറ്റുള്ളവരുടെ മുന്നിൽ കാണിച്ചുകൊടുക്കുന്നതിനേക്കാൾ, ക്രിസ്തുവിനെ ലോകത്തിനു നൽകാൻ ഓരോ ക്രൈസ്തവനും പരിശ്രമിച്ചിരുന്നെങ്കിൽ! ക്രിസ്തുവിന്റെ പേരിൽ, ക്രിസ്തുവിനെ തേടി വന്നുചേർന്ന ജനം എത്രയോ ഇടങ്ങളിലാണ്, ക്രിസ്തുവിനെ ഹൃദയത്തിൽ തൃപ്തിയാകുവോളം സ്വീകരിക്കാതെ തിരികെപ്പോകേണ്ടിവന്നിട്ടുള്ളത്.
പ്രിയപ്പെട്ടവരെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ തിരുനാൾ നാം ഇന്ന് ആഘോഷിക്കുമ്പോൾ, അഞ്ചപ്പവും രണ്ടു മത്സ്യവും അനേകായിരങ്ങൾക്ക് തൃപ്തിയാകുവോളം ആശീർവദിച്ചു മുറിച്ചു നൽകിയ ഈ സംഭവത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മുടെയിടയിൽ, നമുക്കായി വിളമ്പപ്പെടുന്ന ക്രിസ്തുവിനായി, വിശുദ്ധ കുർബാനയിൽ നമ്മോടൊപ്പമായിരിക്കുന്ന ദൈവപുത്രനായി എത്രമാത്രം നമ്മുടെ ഹൃദയം ദഹിക്കുന്നുണ്ട്, വിശക്കുന്നുണ്ട്? വചനത്തിലൂടെ നമ്മുടെ ഹൃദയങ്ങളിലെത്തുന്ന യേശു എത്രമാത്രം നമ്മിലൂടെ നമ്മുടെ സഹോദരങ്ങളിലേക്ക്, അതിലുപരി, ക്രിസ്തുവിനെ അറിയാത്ത മനുഷ്യരിലേക്ക് നമ്മുടെ വാക്കുകളിലൂടെ എത്തുന്നുണ്ട്? ഇന്നത്തെ വചനചിന്ത മാമ്മോദീസാ വഴി നാമെല്ലാവരും സ്വീകരിച്ച ഒരു വിളിയെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കേണ്ടത്. ക്രൈസ്‌തവർ, ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് അവനെ പിഞ്ചെല്ലുന്നവർ, ആയി ജീവിക്കുന്നതിനായുള്ള ഒരു വിളിയെക്കുറിച്ച്. നമ്മുടെ അനുദിനജീവിതത്തിൽ യഥാർത്ഥ ക്രൈസ്തവികത ജീവിക്കുന്ന ഏതൊരുവനും, മറ്റൊരു അപ്പസ്തോലനായി, യേശുവിന്റെ സുവിശേഷം അറിയിക്കുന്നവനായി മാറാതിരിക്കാനാകില്ല. ക്രിസ്തുവിലേക്ക്, വിശുദ്ധകുർബാനയിലൂടെ നമ്മുടെ ഇടയിൽ വസിക്കുന്ന ദൈവപുത്രനിലേക്ക് എല്ലാ മനുഷ്യരെയും എത്തിക്കുവാനായി, അവന്റെ സുവിശേഷം ജീവിതത്തിന്റെ ഓരോ നിമിഷവും പ്രഘോഷിക്കുവാൻ നമ്മെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: