തിരയുക

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ ഭൗതികശരീരം - അസ്സീസ്സിയിൽനിന്ന് - ഫയൽ ചിത്രം വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ ഭൗതികശരീരം - അസ്സീസ്സിയിൽനിന്ന് - ഫയൽ ചിത്രം 

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ ഭൗതികശരീരം വണക്കത്തിനായി തുറന്നുകൊടുത്തു.

ഇറ്റലിയിലെ അസ്സീസ്സി നഗരത്തിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ സ്ഥിതിചെയ്യുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ ഭൗതികശരീരം വിശ്വാസികളുടെ വണക്കത്തിനായി ജൂൺ ഒന്ന് മുതൽ തുറന്നുകൊടുത്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് വസ്ത്രങ്ങൾ അടക്കം എല്ലാം തന്റെ പിതാവിന് തിരികെ കൊടുക്കുവാനായി അവിടെയുള്ള മെത്രാസനമന്ദിരത്തിലേക്ക് കയറിയ വാതിൽ പൊതുദർശനത്തിനായി കഴിഞ്ഞ മാസം തുറന്നുകൊടുത്തതിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ, വാഴ്ത്തപ്പെട്ട കാർലോയുടെ ഭൗതികശരീരവും ആളുകൾക്ക് ദർശനത്തിനായി തുറന്നിട്ടു. ഏതാണ്ട് 800 വർഷങ്ങൾക്ക് ശേഷമാണ് മെത്രാസനമന്ദിരത്തിലേക്കുള്ള ചരിത്രപ്രധാനമായ പഴയ വാതിൽ ആളുകൾക്കായി തുറന്നുകൊടുത്തത്. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി നിരവധി ആളുകൾ വരുന്ന അവസരത്തിലാണ്, കൂടുതൽ ആളുകൾക്ക് ക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാർലോയുടെ കല്ലറ തുറക്കുവാൻ തീരുമാനമായത്.

ജൂൺ ഒന്ന് ബുധനാഴ്ച ഇവിടെയുള്ള തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിച്ചതിനു ശേഷം, അസ്സീസി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ദൊമെനിക്കോ സൊറെന്തീനോ ആണ് കാർലോയുടെ കല്ലറ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സ്ഥലവും, വാഴ്ത്തപ്പെട്ട കാർലോയുടെ ഭൗതികശരീരവും, ദൈവത്തെ കണ്ടുമുട്ടാൻ ജനങ്ങളെ സഹായിക്കുന്ന മാർഗ്ഗങ്ങളാണെന്ന് ബിഷപ് ദൊമെനിക്കോ പറഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾ യേശുവിലേക്ക് ആളുകളെ അടുപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ഈ തീർത്ഥാടനകേന്ദ്രത്തിലെത്തുന്ന ആളുകൾക്ക് കൂടുതലായി സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് തങ്ങളെത്തന്നെ തുറക്കാനും, വിശ്വാസത്തിന്റെ ശക്തമായ ഒരു അനുഭവം ജീവിക്കാനും സാധിക്കട്ടെ എന്ന് ആശംസിച്ചു. വാഴ്ത്തപ്പെട്ട കാർലോയുടെ കല്ലറ ഇനിമുതൽ  വിശ്വാസികൾക്കായി തുറന്നിരിക്കുമെന്ന് തീർത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു. ജൂൺ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ധാരാളം പേരെ, പ്രത്യേകിച്ച് യുവജനങ്ങളെ ഏറെ ആകർഷിച്ച വ്യക്തിത്വമായി വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ കല്ലറ തുറക്കുന്നതിനെക്കുറിച്ച് അസീസി രൂപത അറിയിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ജൂൺ 2022, 16:46