തിരയുക

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം 

ദേവസഹായംപിള്ളയുടെ വിശുദ്ധപദ പ്രഖ്യാപനം, ഭാരതസഭയ്ക്ക് പ്രഥമ അല്മായ വിശുദ്ധൻ!

മാർപ്പാപ്പാ വിവിധ രാജ്യക്കാരായ പത്തു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുൾപ്പടെ പത്തു വാഴ്ത്തപ്പെട്ടവരെ മാർപ്പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കും.
ഞായറാഴ്ച (15/05/22) രാവിലെ 10 മണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ തൻറെ മുഖ്യകാർമ്മകിത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലി മദ്ധ്യേ ആയിരിക്കും ഫ്രാൻസീസ് പാപ്പാ ഈ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുക.
ഭാരതീയനായ പ്രഥമ അല്മായ വിശുദ്ധനായിരിക്കും നിണസാക്ഷിയായ ദേവസഹായം പിള്ള.
അദ്ദേഹത്തിനു പുറമെ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്നവരിൽ 5 വാഴ്ത്തപ്പെട്ടവർ ഇറ്റലിക്കാരാണ്, 3 പേർ ഫ്രഞ്ചു സ്വദേശികളും ഒരാൾ ഹോളണ്ടുകാരനുമാണ്.
ഹോളണ്ടു സ്വദേശിയും നാസികളുടെ ക്രുരതയുടെ ഇരയുമായ വൈദികൻ ടിറ്റൊ ബ്രാന്ത്സ്മാ (Tito Brandsma), ക്രിസ്തീയ സിദ്ധാന്തത്തിൻറെ പുരോഹിതർ എന്ന സന്ന്യാസസമൂഹത്തിൻറെ സ്ഥാപകനായ ഫ്രഞ്ചു വൈദികൻ സേസർ ദെ ബ്യുസ് (César de Bus) നിർദ്ധന സഹോദരികളുടെ സന്ന്യാസിനിസമൂഹത്തിൻറെയും തിരുക്കുടുംബത്തിൻറെ സഹോദരർ എന്ന സന്ന്യസ്തസമൂഹത്തിൻറെയും സ്ഥാപകനായ ഇറ്റലി സ്വദേശിയായ വൈദികൻ ലുയീജി മരീയ പലത്സോളൊ (Luigi Maria Palazzolo), ദൈവവിളികളുടെ സന്ന്യസ്തസമൂഹം, ദൈവവിളികളുടെ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹം, സാർവ്വത്രിക പവിത്രീകരണത്തിൻറെ ദൈവവിളി പ്രേഷിതകൾ എന്ന അല്മായ സമർപ്പിതജീവിത സമൂഹം എന്നിവയുടെ സ്ഥാപകനായ ഇറ്റലി സ്വദേശിക്കാരൻ തന്നെയായ ജുസ്തീനൊ മരീയ റുസ്സൊളീല്ലൊ, യേശുവിൻറെ തിരുഹൃദയത്തിൻറെ സഹോദരീസഹോദരന്മാരുടെ സംഘടനയ്ക്ക് തുടക്കം കുറിച്ച ഫാൻസുകാരനായ സന്ന്യസ്തൻ ഷാള് ദെ ഫുക്കൂ (Charles de Foucauld), മറിയത്തിൻറെ സമർപ്പണത്തിൻറെ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകയായ ഫ്രഞ്ച് സ്വദേശിനി മരീ റിവിയെർ (Marie Rivier), ലൊവാനൊയിലെ കപ്പൂച്ചിൻ സഹോദരികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപക ഇറ്റലിക്കാരിയായ യേശു റുബാത്തൊയുടെ മരിയ ഫ്രാൻചെസ്ക (Maria Francesca di Gesù Rubatto), ഇറ്റലി സ്വദേശിനികൾ തന്നെയായ സന്ന്യാസിനികൾ യേശു സാന്തൊകനാലെയുടെ യേശുവിൻറെ മറിയം (Maria di Gesù Santocanale) മരിയ ദൊമേനിക്ക മന്തൊവാനി (Maria Domenica Mantovani) എന്നീ വാഴ്ത്തപ്പെട്ടവരാണ് ദേവസഹായം പിള്ളയ്ക്കു പുറമെ അന്ന് വിശുദ്ധ പദത്തിലേക്കുയർത്തപ്പെടുന്നത്.

1712 ഏപ്രിൽ 23ന്, അന്ന് കേരളത്തിൻറെ ഭാഗമായിരുന്ന, പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ദേവസഹായം പിള്ളയുടെ ജനനം.
മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായിരുന്നു നീലണ്ഠപിള്ള.
സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണപാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്ന നീലകണ്ഠപിള്ള മേയ്ക്കോട് കുടുംബത്തില്‍നിന്നും ഭാര്‍ഗ്ഗവിയമ്മ എന്ന പെണ്‍കുട്ടിയെ താലി ചാർത്തി. സമർത്ഥനും ബുദ്ധിമാനുയുമായിരുന്ന നീലണ്ഠപിള്ളയെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിലെ കാര്യവിചാരകനായി നിയമിച്ചു. അദ്ദേഹം കൊട്ടാരത്തിലെ കാര്യദർശിയായിരിക്കേയാണ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസം ആശ്ലേഷിക്കുകയും ദേവസഹായം പിള്ള എന്ന നാമം സ്വീകരിക്കുകയും ചെയ്തത്.

ക്രിസ്തുവാണ് ഏകരക്ഷകൻ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠപിള്ള തിരുവിതാംകൂറിൽ പ്രേഷിതനായിരുന്ന ഈശോ സഭാ വൈദീകൻ ജോണ്‍ ബാപ്റ്റിസ്റ്റ് ബുട്ടാരിയില്‍ നിന്നും 1745 മേയ് 17നാണ് ‘ലാസർ’ എന്നർത്ഥം വരുന്ന ‘ദേവസഹായം’ പിള്ള എന്ന പേരിൽ മാമ്മോദീസ സ്വീകരിച്ചത്. അധികം താമസിയാതെ ഭാര്യ ഭാര്‍ഗ്ഗവിയമ്മയും മാനസാന്തരപ്പെട്ടു ജ്ഞാനസ്നാനം സ്വീകരിച്ചു. ത്രേസ്യാ എന്നര്‍ത്ഥമുള്ള 'ജ്ഞാനപ്പൂ' എന്ന പേരാണ് അവള്‍ സ്വീകരിച്ചത്.
സവര്‍ണ്ണര്‍ മതം മാറുന്നതു നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറില്‍ രാജകോപത്തെ അവഗണിച്ചുകൊണ്ടു ക്രിസ്തുവിനുവേണ്ടി ജീവിച്ച ദേവസഹായംപിള്ളയ്ക്കു മാമ്മോദീസാനന്തര ഘട്ടം പീഡനകാലമായിരുന്നു.
തിരുവിതാംകൂറിൻറെ വിവിധ ഭാഗങ്ങളിൽ സുവിശേഷ വെളിച്ചവുമായെത്തിയ ദേവസഹായം പിള്ളയെ മതം മാറിയതിൻറെ പേരിൽ രാജദ്രോഹക്കുറ്റം ചുമത്തി തടവിലാക്കുകയും ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ കൊടിയ പീഢനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും അദ്ദേഹം അധികാരികളുടെ സമ്മർദ്ദത്തിനു വഴങ്ങിയില്ല.
കഴുത്തില്‍ എരുക്കിന്‍ പൂമാലയിട്ടു പോത്തിന്‍റെ പുറത്തിരുത്തി പരിഹാസപാത്രമായി തെരുവീഥിയിലൂടെ കൊണ്ടുനടന്നു. ശരീരം മുഴുവന്‍ ചാട്ടവാറുകൊണ്ട് അടിച്ചുപൊട്ടിച്ചു മുറിവുകളില്‍ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തി. കന്നുകാലികളെ കെട്ടിയിടുന്നതുപോലെ മരത്തില്‍ ചങ്ങലകൊണ്ടു ബന്ധിച്ചു പട്ടിണിക്കിട്ടു. എന്നിട്ടും അദ്ദേഹം ക്രിസ്തുവിശ്വാസത്തിൽ ഉറച്ചു നിന്നു.
"ഒറ്റവാക്കുകൊണ്ടു ലോകത്തെ ശിക്ഷിക്കുവാന്‍ ശക്തിയുള്ള കര്‍ത്താവേ! എനിക്ക് ഈ പീഡനങ്ങള്‍ സഹിക്കുവാന്‍ ബലം തരണമേ, ഇവരോടു ക്ഷമിച്ച് അവരെ മാനസാന്തരപ്പെടുത്തണമേ" എന്ന് ദേവസഹായംപിള്ള നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
നാലുവർഷത്തോളം തുറുങ്കലിലായിരുന്ന, നാല്പതുവയസ്സു പ്രായമുണ്ടായിരുന്ന ദേവസഹായം പിള്ളയെ രാജകല്പനയനുസരിച്ച് 1752 ജനുവരി 14-ന് ആറൽവായ്മൊഴി ഗ്രാമത്തിലെ കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.
2012 ഡിസംബർ 2-ന് ബെനഡിക്ട് പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2022, 12:45