തിരയുക

തെക്കൻ സുഡാനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോ തെക്കൻ സുഡാനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോ 

പാപ്പായുടെ സുഡാൻയാത്ര ലോകത്തിനുള്ള സമാധാനസന്ദേശം: ബിഷപ് എഡ്‌വേഡ്‌ കുസാല

ഫ്രാൻസിസ് പാപ്പാ ജൂലൈ ആദ്യം തെക്കൻ സുഡാനിലേക്ക് നടത്തുന്ന യാത്ര ലോകത്തിനുള്ള സമാധാനസന്ദേശമായിരിക്കുമെന്ന് ബിഷപ് എഡ്‌വേഡ്‌ കുസാല.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ അഞ്ചുമുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ തെക്കൻ സുഡാനിൽ ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്ര നടക്കാനിരിക്കെ, ചരിത്രത്തിലാദ്യമായി ഒരു പാപ്പാ തങ്ങളുടെ നാട്ടിലെത്തുന്നത്, സമാധാനത്തിന്റെ സന്ദേശവുമായാണെന്ന്, തെക്കൻ സുഡാനിലെ ടോംബുര യാമ്പിയോ രൂപതാധ്യക്ഷൻ ബിഷപ് എഡ്‌വേഡ്‌ കുസാല അഭിപ്രായപ്പെട്ടു. സുഡാനുമാത്രമല്ല, ലോകത്തിനു മുഴുവനുമായുള്ള ഒരു സമാധാനസന്ദേശമായിരിക്കും പാപ്പായുടെ യാത്ര.

ആശയവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയിൽ നടത്തിയ ഒരു അഭിമുഖസംഭാഷണത്തിൽ തെക്കൻ സുഡാനിൽനിന്നുള്ള ബിഷപ് കുസാല രാജ്യത്ത് നിലവിൽ ആപേക്ഷികമായ സമാധാനം നിലനിൽക്കുന്നുണ്ട് എങ്കിലും, വിമതരായ ആളുകളുള്ള പ്രദേശങ്ങളിൽ ഇപ്പോഴും അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. പരിശുദ്ധ പിതാവിന്റെ യാത്രയെക്കുറിച്ചുള്ള വാർത്ത തന്നെ രാജ്യത്ത് സമാധാനം കൊണ്ടുവന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആംഗ്ലിക്കൻ സഭാ തലവനും സ്കോട്ലൻഡ്സഭയുടെ മോഡറേറ്ററുമൊപ്പം തങ്ങളുടെ രാജ്യത്ത് എത്തുന്ന പാപ്പാ, തെക്കൻ സുഡാനിലെ തൊണ്ണൂറ് ശതമാനത്തോളം വരുന്ന ക്രൈസ്തവരുടെയിടയിൽ ഐക്യവും സൗഹൃദചർച്ചകളും കൊണ്ടുവരാനും, സമാധാനസ്ഥാപനത്തിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശം നൽകാനും,  സഹായിക്കുമെന്ന് ബിഷപ് കുസാല അഭിപ്രായപ്പെട്ടു. പാപ്പായെ സ്വീകരിക്കാൻ വേണ്ടി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഒരുക്കങ്ങളും ടോംബുര യാമ്പിയോ രൂപതാധ്യക്ഷൻ വിശദീകരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2022, 13:44