തിരയുക

ഫാ. സ്റ്റീഫൻ ഓജപ്പ, എംഎസ്പി, ഫാ. ഒലിവർ ഒക്‌പാര - കാറ്റ്‌സിനയിലെ സെന്റ് പാട്രിക് കാത്തലിക് പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വെദീകർ. ഫാ. സ്റ്റീഫൻ ഓജപ്പ, എംഎസ്പി, ഫാ. ഒലിവർ ഒക്‌പാര - കാറ്റ്‌സിനയിലെ സെന്റ് പാട്രിക് കാത്തലിക് പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വെദീകർ. 

നൈജീരിയ: കറ്റ്‌സിനയിൽ തോക്കുധാരികൾ രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി

വടക്കൻ നൈജീരിയയിലെ ഒരു ഇടവകയിൽ ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികൾ മിന്നലാക്രമണം നടത്തി രണ്ട് വൈദീകരേയും രണ്ട് ആൺകുട്ടികളെയുമുൾപ്പെടെ നാല് പേരെ തട്ടികൊണ്ട് പോയി.

സി. റൂബനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വടക്കൻ നൈജീരിയയിലെ സോകോട്ടോ കത്തോലിക്കാ രൂപതയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് വൈദികരെ ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികൾ അവരുടെ വസതി ആക്രമിച്ചതിന് ശേഷം തട്ടിക്കൊണ്ടുപോയി.

മെയ് 25ന് പുലർച്ചെ കാറ്റ്‌സിനയിലെ വിശുദ്ധ പാട്രിക് കത്തോലിക്കാ ദേവാലയത്തിൽ അതിക്രമിച്ച് കയറി, ഫാ. സ്റ്റീഫൻ ഒജപ, ഫാ. ഒലിവർ ഒക്‌പാര എന്നീ വൈദീകരെയും തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത രണ്ട് ആൺകുട്ടികളെയും തട്ടിക്കൊണ്ട് പോയതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഇരകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ

സോകോടോ രൂപതയുടെ സാമൂഹ്യ മാധ്യമ ഡയറക്ടർ ഫാ. ക്രിസ് ഒമോട്ടോഷോ, സംഭവം സ്ഥിരീകരിക്കുകയും വിശ്വാസികളോടു തട്ടിയെടുക്കപ്പെട്ടവരുടെ  സുരക്ഷിതമായ മടങ്ങി വരവിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

“ഇന്ന്, 2022 മെയ് 25 അർദ്ധരാത്രിയോടെ, കത്‌സിന സംസ്ഥാനത്തെ കഫൂർ പ്രാദേശിക ഭരണകൂട പ്രദേശത്തുള്ള  ഗിദാൻ മൈകാംബോയിലെ വിശുദ്ധ പാട്രികിന്റെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിലെ റെക്‌റുടെ ഒദ്യോഗിക വസതിയിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി ഇടവക വികാരി ഫാ.സ്റ്റീഫൻ ഒജപ, എംഎസ്പിയെയും അദ്ദേഹത്തിന്റെ സഹവികാരി ഫാ.   ഒലിവർ ഒക്പാരയെയും ഭവനത്തിലെ രണ്ട് ആൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി " എന്ന് പ്രസ്താവനയിൽ പറയുന്നു. തട്ടിയെടുത്ത നാല് പേരും എവിടെയാണെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. "അവരുടെ സുരക്ഷിതത്വത്തിനും മോചനത്തിനും വേണ്ടി ദയവായി പ്രാർത്ഥിക്കുക," എന്ന്  ഫാ. ഒമോട്ടോഷോ പറഞ്ഞു.

വടക്കൻ നൈജീരിയയിലെ അരക്ഷിതാവസ്ഥയും തട്ടിക്കൊണ്ടുപോകലുകളും

സഭാസ്ഥാപനങ്ങളെയും പുരോഹിതരെയും സന്യാസിനി സന്യാസികളെയും ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകളുടെയും ആക്രമണങ്ങളുടെയും നീണ്ട നിരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇന്നലെ നടന്നത്.

കുഡെൻഡയിലെ സെന്റ് ജോൺ ദേവാലയ വസതിയിൽ നിന്ന് മാർച്ചുമാസം തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്ന കടുന അതിരൂപതയിൽ സെന്റ് ജോൺ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് അകേതെ ബാക്കോ ഈ മാസം ആദ്യം തടങ്കലിൽ വച്ച് മരിച്ചതായി അതിരൂപത അറിയിച്ചിരുന്നു.

ബോക്കോ ഹറാം ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും നാടോടികളായ ഇടയന്മാരും പ്രാദേശിക തദ്ദേശീയ കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകളും മൂലം  നൈജീരിയയിൽ,  പ്രത്യേകിച്ച് അതിന്റെ വടക്കൻ പ്രദേശത്ത്, കഴിഞ്ഞ വർഷങ്ങളിൽ സുരക്ഷാ വെല്ലുവിളികൾ ഉണ്ട്.

അടുത്തകാലത്തായി, കൊള്ളക്കാർ എന്നറിയപ്പെടുന്ന അജ്ഞാത തോക്കുധാരികൾ, നൈജീരിയൻ അധികാരികൾക്കും സുരക്ഷാ പ്രവർത്തകർക്കും ആശങ്കയേകുന്നു. നിരവധി തട്ടിക്കൊണ്ടുപോകലുകൾക്കും കൊലപാതകങ്ങൾക്കും ഉൾനാടൻ ഗ്രാമങ്ങളിൽ നടക്കുന്ന മിന്നലാക്രമണങ്ങൾക്കും ഈ കൊള്ളക്കാർ ഉത്തരവാദികളാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2022, 13:11