തിരയുക

ഉത്ഥിതനായ ക്രിസ്തു - ബോൾസാനോയിലെ വിശുദ്ധ മാർട്ടിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നുള്ള ചിത്രം ഉത്ഥിതനായ ക്രിസ്തു - ബോൾസാനോയിലെ വിശുദ്ധ മാർട്ടിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നുള്ള ചിത്രം  (©gabriffaldi - stock.adobe.com)

ഉത്ഥിതന്റെ മഹത്വത്തിലേക്ക് വിളിക്കപ്പെട്ടവർ

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനാറുമുതൽ ഇരുപത്തിനാലു വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം John 16, 16-24 - ശബ്ദരേഖ

ഫാ. അലക്സ് പീടികയിൽ, തിരുവല്ല

ഉയർപ്പ് തിരുനാളിന്റെ സന്തോഷത്തിലും പ്രത്യാശയിലും ഈ നാളുകളിൽ നാം ആയിരിക്കുന്നു. മരണത്തെ ജയിച്ച കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും അവനിലൂടെ സംലഭ്യമായ ഉയർപ്പിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്യുക എന്നതാണല്ലോ നമ്മുടെ വിശ്വാസ ജീവിതത്തിന്റെ ആധാരം. ലൗകിക ജീവിതത്തിലെ നിരവധിയായ പ്രതിസന്ധികൾ ക്രൈസ്തവരായ നമ്മെ അലട്ടുമ്പോഴും ലോകത്തിൽ ആയിരുന്നു കൊണ്ട് ലോകത്തിന്റെ അല്ലാതായിത്തീരുവാൻ ഉള്ള ഒരു ധർമ്മം നമുക്കുണ്ട് എന്ന് നാം മനസ്സിലാക്കണം. നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം നൈമിഷികമായ ഭൗതിക സുഖങ്ങൾ അല്ലെന്നും മഹത്വീകരിക്കപ്പെട്ടനായ ക്രിസ്തുവിനോടുകൂടെ ഉള്ള സ്വർഗീയ സന്തോഷം ആണെന്ന് നാം തിരിച്ചറിയുന്ന വേളയിൽ മാത്രമേ യഥാർത്ഥമായ ക്രിസ്തീയ അനുഭവം നമുക്ക് സംപ്രാപ്യമാകുകയുള്ളു.

ഇന്ന് ഉയിർപ്പിന് ശേഷമുള്ള അഞ്ചാം ഞായറാഴ്ചയാണ്. മലങ്കര ആരാധന ക്രമം അനുസരിച്ച് വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ സുവിശേഷം 16 ആം അദ്ധ്യായം 16 മുതൽ 24 വരെയുള്ള വചനഭാഗം ആണ് നാമിന്ന് ധ്യാനിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഉണ്ടാകേണ്ട ആന്തരിക പരിവർത്തനവും മഹത്വീകരണവും ആണ് യോഹന്നാൻ ശ്ലീഹ ഈ വചനഭാഗത്തിലൂടെ അവതരിപ്പിക്കുന്നത്.  മാമ്മോദീസയിലൂടെ പാപത്തിനു മരിച്ച് ക്രിസ്തുവിന്റെ ഉയർപ്പിൽ ഭാഗഭാക്കുകളാകേണ്ടവരായ നമ്മളുടെ ജീവിതത്തിൽ ഈ വചനഭാഗത്തിന് ഉള്ള പ്രസക്തി നമുക്ക് പരിശോധിക്കാം.

 ശിഷ്യന്മാരിൽ ഉത്ഥാനത്തിനുത്തിനുശേഷം സംഭവിക്കേണ്ട ആന്തരിക പരിവർത്തനമാണ് ഇവിടെ ചിന്താവിഷയം. യേശുവിന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാർ കണ്ടറിഞ്ഞതിൽ നിന്നും  കേട്ടറിഞ്ഞതിൽ നിന്നും അനുഭവിച്ചറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി ഉത്ഥാനത്തിലൂടെ മഹത്വീകരിക്കപ്പെട്ടവനായ മിശിഹായെ ഉൾക്കൊള്ളവാനുള്ള ആഹ്വാനമാണ് ഇവിടെ കാണുന്നത്. അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല വീണ്ടും അൽപസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും എന്ന് അവിടുന്ന് അരുളിചെയ്തതിന്റെ പൊരുൾ ശിഷ്യസമൂഹത്തിന്റെ ആന്തരികകണ്ണുകളെ തുറക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാട്ടുന്നു. യേശുവിന്റെ ശാരീരികമായുള്ള സാന്നിദ്ധ്യം ശിഷ്യ സമൂഹത്തിന് എത്രയധികം സന്തോഷം നൽകിയോ അതിലുപരി സന്തോഷവും പ്രത്യാശയും ഉത്ഥിതനായ ക്രിസ്തുവിൽ അവർക്ക് ലഭിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദുഃഖമാനമായ അവസ്ഥയെ അതിജീവിക്കുന്ന സന്തോഷത്തിലേക്കാണ് യേശു തന്റെ ശിഷ്യന്മാരെ ക്ഷണിക്കുന്നത്. ശിഷ്യഗണത്തിനു ഉണ്ടാകുന്ന ദുഃഖത്തെ വിശുദ്ധ യോഹന്നാൻ ശ്ലീഹാ സ്ത്രീയുടെ പ്രസവവേദനയോട് ഇവിടെ ഉപമിച്ചിരിക്കുന്നു. എന്നാൽ ഒരു മനുഷ്യൻ ലോകത്തിൽ ജനിക്കുന്നതുകൊണ്ട് ദുസ്സഹമായ ഈ വേദന ഏതു സ്ത്രീയും മറക്കുന്നു. ഉത്ഥാനത്തിലൂടെ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ രൂപാന്തരീകരണം നടക്കുന്നു. ലോകത്തിന് അപ്രാപ്യമായ ആത്മീയ സന്തോഷത്തിന്റെ അവിഭാജ്യഘടകമാണ് യേശുവിന്റെ പീഡാസഹനവും കുരിശുമരണവും. പിതാവിന്റെ മഹത്വത്തിലേക്ക് തന്നോടൊപ്പം ഈ ലോകത്തെയും ചേർക്കുവാൻ യേശു സഹിക്കുന്നതും കുരിശുമരണം വരിക്കുന്നതും  അത്യാവശ്യമായിരുന്നു. ജീവിതത്തിലെ വിഷമ ഘട്ടങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മരണത്തെ അതിജീവിച്ച ക്രിസ്തുവിനെ സ്വീകരിക്കാനും അതിൻഫലമായി ക്രിസ്തീയ സന്തോഷം പൂർണ്ണമാക്കുവാനും ലഭിക്കുന്ന ഓരോ അവസരങ്ങളാണ് നമ്മുടെ ജീവിതസഹനങ്ങൾ. ലോകത്തിന്റെ ദൃഷ്ടിയിൽ അത് നഷ്ടവും അർത്ഥശൂന്യവും ആണെങ്കിലും ഉത്ഥിതനായ ക്രിസ്തുവിൽ പ്രത്യാശയർപ്പിക്കുന്ന നമുക്ക് ജീവിതസഹനങ്ങൾ സ്വർഗീയസന്തോഷം പ്രദാനം ചെയ്യുന്ന നിമിഷങ്ങളാണ്. ദൈവത്തെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും ദൈവപരിപാലനയിൽ കൂടുതൽ ആശ്രയിക്കാനും നമ്മെ സഹായിക്കുന്ന ഒന്നായി ജീവിതസഹനത്തെ നാം കാണണം. എങ്കിൽ മാത്രമേ ലൗകികതലത്തിൽനിന്ന് ആത്മീയജീവിതത്തിന്റെ പടവുകൾ കയറുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനും നമ്മൾക്ക് കഴിയുകയുള്ളൂ.

ദുഃഖത്തെ സന്തോഷം ആക്കി മാറ്റുന്നത് നമ്മുടെ ബുദ്ധിക്കും പരിശ്രമത്തിനും ഉപരിയായ കാര്യമാണ്. ഉത്ഥാനത്തിലൂടെ മരണത്തെ ജയിച്ചവനായ ക്രിസ്തു  നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ചുകൊണ്ട് പിതാവായ ദൈവത്തിന്റെ മഹത്വത്തിൽ ആയിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ ഹെബ്രയർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായും രക്ഷിക്കാൻ കഴിയുന്ന യേശുവിലൂടെ മാത്രമാണ് സ്വർഗീയസന്തോഷത്തിന് നാം പ്രാപ്തരാകുക. യേശുവിലൂടെ പിതാവായ ദൈവത്തോട് അപേക്ഷകൾ നടത്താൻ പുതിയ ഇസ്രായേൽ ആയ, യേശുവിന്റെ രക്തത്താൽ വിലയ്ക്കുവാങ്ങപെട്ടവരായ നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മെത്തന്നെ ദൈവഹിതത്തിനു സമർപ്പിച്ചുകൊണ്ട് ഉത്ഥിതനായ മഹത്വീകരിക്കപ്പെട്ടവനായ ക്രിസ്തുവിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും സധൈര്യം നേരിടാൻ ദൈവം നമുക്ക് കൃപ തരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2022, 12:06