തിരയുക

ബിഷപ് പൗളോ മർത്തിനെല്ലി ബിഷപ് പൗളോ മർത്തിനെല്ലി 

ബിഷപ് പൗളോ മർത്തിനെല്ലി: ദക്ഷിണ അറേബ്യയിലെ പുതിയ അപ്പോസ്തോലിക വികാരി

മിലാൻ അതിരൂപതയുടെ സഹായമെത്രാനായിരുന്ന ബിഷപ് പൗളോ മർത്തിനെല്ലിയെ മെയ് 1-ന് ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക വികാരിയേറ്റിന്റെ പുതിയ അപ്പോസ്‌തോലിക വികാരിയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദക്ഷിണ അറേബ്യയിലെ മുൻ അപ്പോസ്തോലിക വികാരിയും കപ്പൂച്ചിൻ സഭാംഗവുമായിരുന്ന ബിഷപ് പോൾ ഹിൻഡർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ്, ഒമാൻ, ഐക്യ അറബ് എമിറേറ്റുകൾ, യെമെൻ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ മുഴവനും ചുമതല കപ്പുച്ചിൻ സഭാംഗം തന്നെയായ ബിഷപ് പൗളോ മർത്തിനെല്ലിയെ പാപ്പാ ഏല്പിച്ചത്.

പുതിയ ഉത്തരവാദിത്വം ലഭിച്ചതിനുശേഷം വത്തിക്കാൻ ന്യൂസുമായി സംസാരിച്ച തെക്കേ അറേബ്യയിലെ പുതിയ അപ്പസ്തോലിക വികാരി, വിവിധ ജനതകളെ ഉൾക്കൊള്ളുന്ന ഒരു സഭയെ കെട്ടിപ്പടുക്കാനുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിച്ചു. സാഹോദര്യം എന്നാൽ മറ്റുള്ളവരെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുക എന്നതല്ല, മറിച്ച് അപരനിലെ വ്യത്യസ്തതയെ പൊതുവായ നന്മയെക്കരുതി സ്വാഗതം ചെയ്യുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മതം ഒരിക്കലും ചൂഷണത്തിനുള്ള മാർഗ്ഗമാകരുതെന്നും, മറിച്ച് അത് എപ്പോഴും അനുരഞ്ജനത്തിനുള്ള ഒരു മാർഗ്ഗമായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പായുടെ “ഫ്രത്തെല്ലി തൂത്തി”യിലെ വാക്കുകളെ അധികരിച്ച്, മതങ്ങൾ നന്മയുടെ ജീവിതം പ്രോത്സാഹിപ്പിക്കണമെന്നും, രാഷ്ട്രീയപരമായ ഉദ്ദേശങ്ങൾക്കുവേണ്ടി മതം ഉപയോഗിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി നാലിന് അബുദാബിയിൽവച്ച്, ഫ്രാൻസിസ് പാപ്പായും ഷെയ്ഖ് അഹമ്മദ് എൽ-തയ്യബ് ഇമാമും ഒപ്പുവച്ച "ലോകസമാധാനത്തിനും, സഹവാസത്തിനുമായുള്ള, മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ"യും പാപ്പായുടെ ഫ്രത്തെല്ലി തൂത്തിയും, തന്റെ അജപാലനപ്രവർത്തനത്തിന് പ്രചോദനത്തിന്റെ ഉറവിടമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിം ഭൂരിപക്ഷരാജ്യങ്ങളായ ഇവിടെ ഏതാണ്ട് പത്തുലക്ഷത്തോളം കാതോലിക്കാവിശ്വാസികളാണുള്ളത്. അവരിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരാണ്. 1916 മുതൽ ഫ്രാൻസിസ്കൻ സഭാംഗങ്ങളാണ് ഈ പ്രദേശങ്ങളിലെ അജപാലനചുമതലയുടെ മേൽനോട്ടം വഹിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 May 2022, 16:05