തിരയുക

നിണസാക്ഷി മരിയ അഗുസ്തീന റീവസ് ലോപെസ് , പെറുവിലെ നവവാഴ്ത്തപ്പെട്ടവൾ, 07/05/2022 നിണസാക്ഷി മരിയ അഗുസ്തീന റീവസ് ലോപെസ് , പെറുവിലെ നവവാഴ്ത്തപ്പെട്ടവൾ, 07/05/2022 

പെറുവിൽ ഒരു നിണസാക്ഷി സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!

മാവോയിസ്റ്റുകൾ വധിച്ച സന്ന്യാസിനി മരിയ അഗുസ്തീന റീവസ് ലോപെസ് ഇനി വാഴ്ത്തപ്പെട്ടവൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിണസാക്ഷി മരിയ അഗുസ്തീന റീവസ് ലോപെസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

തെക്കെ അമേരിക്കൻ നാടായ പെറുവിൽ ശനിയാഴ്ച (07/05/22) ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം.

ഫ്രാൻസീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയായി മെക്സിക്കോയിലെ മേരിദ അതിരൂപതയുടെ മെത്രാപ്പോലീത്ത കർദ്ദിനാൾ  ബൽത്തസാർ എൻറീക്കെ പൊറാസ് കർദോസ ആയിരുന്നു കാർമ്മികൻ.

പെറുവിലെ കോറകോറ എന്ന സ്ഥലത്ത് 1920 ജൂൺ 13-നായിരുന്ന നവവാഴ്ത്തപ്പെട്ട രക്തസാക്ഷി മരിയ അഗൊസ്തീന റീവസ് ലോപെസിൻറെ ജനനം. അന്തോണിയ ലൂസ്മീല എന്നായിരുന്നു അന്നത്തെ അവളുടെ പേര്.

1941-ൽ നല്ല ഇടയൻറെ ഉപവിയുടെ നാഥ എന്ന സന്ന്യാസിനീസമൂഹത്തിൽ ചേർന്ന മരിയ അഗുസ്തീന  1949 ഫെബ്രുവരി 8-ന് നിത്യവ്രത വാഗ്ദാനം നടത്തി.

അടുക്കള ജോലി മുതൽ അദ്ധ്യാപികവരെ വിവിധ തലങ്ങളിൽ സേവനം ചെയ്ത അവൾ  “തിളങ്ങുന്ന സരണി”  എന്നർത്ഥം വരുന്ന “സെന്തേരൊ ലുമിനോസൊ” മാവോയിസ്സ് വിപ്ലവ പ്രസ്ഥാനം ശക്തിയാർജ്ജിച്ച കാലഘട്ടത്തിൽ, 1988-ൽ, പെറുവിലെ തന്നെ യുനീൻ പ്രദേശത്തുള്ള ല ഫ്ലോറിദയിലേക്ക് പ്രേഷിതയായി അയയ്ക്കപ്പെട്ടു. മാവോയിസ്റ്റ് ഭീകരപ്രവർത്തനങ്ങളാൽ അപകടകരമായ അവസ്ഥ നിലനിന്നിരുന്ന അവിടെ തദ്ദേശീയ ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായി,നവവാഴ്ത്തപ്പെട്ട മരിയ അഗൊസ്തീന പ്രവർത്തനമാരംഭിച്ചു. എന്നാൽ ആ പ്രേഷിതത്വം അധികനാൾ മുന്നോട്ടുകൊണ്ടുപോകാൻ അവൾക്കായില്ല.

1990 സെപ്റ്റംബർ 27-ന് “സെന്തേരൊ ലുമിനോസൊ” മാവോയിസ്സ് വിപ്ലവ പ്രസ്ഥാനത്തിലെ ഒരു യുവസംഘം, ലാളിത്യം, വിരക്തി, ആർദ്രത, പ്രസന്നത, മനോഗുണം എന്നിവ കൈമുതലാക്കിയിരുന്ന   മരിയ അഗൊസ്തീന റീവസ് ലോപെസിനെ വധിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2022, 20:24