തിരയുക

ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന്റെ ഞായർദിനത്തിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ദൈവകാരുണ്യത്തിന്റെ ഞായർദിനത്തിൽ - ഫയൽ ചിത്രം 

ദൈവകാരുണ്യത്തിന്റെ ഞായർ

ദൈവകാരുണ്യത്തിന്റെ ഞായർ ആഘോഷവുമായി ബന്ധപ്പെട്ട ചിന്താമലരുകൾ
ദൈവികകാരുണ്യത്തിന്റെ ഞായർ വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കരുണയുടെ ജപമാലയ്ക്ക് ദൈവസ്നേഹവും

"ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത്, പിതാവേ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയുണ്ടാകേണമേ". കരുണക്കൊന്ത ചൊല്ലിയിട്ടുള്ള നമുക്കൊക്കെ ഹൃദയത്തിൽ ഏറെ പതിഞ്ഞ, ആഴമേറിയ ശരണത്തിന്റെയും വേദനയുടെയും ഒപ്പം ആശ്വാസത്തിന്‍റെയും വികാരങ്ങളുണർത്തുന്ന പ്രാർത്ഥനാവരികളാണിവ. ലോകത്തിന് മുഴുവൻ രക്ഷ നൽകാനായി മനുഷ്യനായി അവതരിച്ച്, സഹനത്തിന്റെ വഴിയിലൂടെ മാനവപാപങ്ങളുടെ ഭാരമാകുന്ന കുരിശും പേറി, കാൽവരിമലയുടെ ഉയരത്തിൽ നാട്ടപ്പെട്ട കുരിശിൽ, ദൈവമക്കളായ നമുക്കൊക്കെ നവജീവൻ നൽകുവാനായി, നമ്മുടെ പാപപരിഹാരബലിയായി, സ്വജീവൻ പിതാവിന് സമർപ്പിച്ച യേശുവിനെയാണ് കരുണക്കൊന്ത എന്നറിയപ്പെടുന്ന ഈ ജപമാലപ്രാർത്ഥനയുടെ വരികൾ ഉരുവിട്ട് പ്രാർത്ഥിക്കുമ്പോൾ നാം ഓർമ്മിക്കുന്നത്. ഒപ്പം ക്രൂശിതനായ ക്രിസ്തുവിലൂടെ മാനവരാശിയിലേക്ക് ഒഴുകപ്പെട്ട ദൈവത്തിന്റെ കരുണയെയും.

പഴയനിയമവും കാരുണ്യവും 

പഴയനിയമത്താളുകളിലെ ദൈവസങ്കല്പം പുതിയനിയമത്തിലെ ദൈവസങ്കല്പത്തിൽന്ന്‌ കുറെയൊക്കെ വ്യത്യാസമുള്ളതാണ്. പഴയനിയമത്തിൽ ദൈവം നിർദ്ദാക്ഷിണ്യം എന്നാൽ നീതിപൂർവ്വം വിധിക്കുന്നവനും, കുറ്റങ്ങൾക്ക് ശിക്ഷയും, നന്മയ്ക്ക് അർഹമായ പ്രതിഫലവും നല്കുന്നവനാണ്. വിജാതീയരുടെ മുന്നിൽ സംരക്ഷകനായ ദൈവമായിരുന്നു യാഹ്‌വെയെങ്കിലും, തന്റെ ജനത്തിന്റെ കുറ്റങ്ങൾക്ക് അവരെ കഠിനമായി ശിക്ഷിച്ച ഒരു ദൈവമായാണ് അവൻ പലപ്പോഴും അറിയപ്പെടുന്നത്. എന്നാൽ, ഒരൽപം ശ്രദ്ധയോടെ പഴയനിയമത്തിലൂടെ കടന്നുപോകുമ്പോൾ, കാരുണ്യത്തിന്റെ മുഖമുള്ള ഒരു ദൈവത്തെയും നാം കണ്ടുമുട്ടുന്നുണ്ട്. ജനത്തിന്റെ അകൃത്യങ്ങൾക്കനുസരിച്ച് അവരെ ശിക്ഷിക്കാത്ത ഒരു ദൈവം. പാപത്തിലാണ്ടുകിടന്ന ജനത്തെ ശിക്ഷിക്കുന്നെങ്കിലും, അവരിൽ കരുണ തോന്നുന്ന ഒരു ദൈവം. അടിമത്തത്തിന്റെ ഈജിപ്തിൽനിന്ന് തന്റെ ജനത്തെ ശക്തമായ കരങ്ങളോടെ, സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ദൈവം. മരുഭൂമിയുടെ ചൂടിൽ, ഇസ്രായേൽ ജനത്തിന് ദൈവത്തോടുള്ള പ്രതിപത്തിയുരുകി ഇല്ലാതാകുമ്പോൾ അവരെ ശിക്ഷിക്കുന്നെങ്കിലും, വാഗ്ദത്തനാട്ടിലേക്ക് അവരെ എത്തിക്കുന്ന ദൈവം. ഒപ്പം രക്ഷയുടെ വാഗ്ദാനങ്ങൾ നൽകുന്ന, കൂടെ വസിക്കുന്ന ഒരു ദൈവം. അങ്ങനെ ശിക്ഷിക്കുന്ന ഒപ്പം ക്ഷമിക്കുന്ന, നീതിപൂർവ്വം വിധിക്കുന്ന എന്നാൽ കരുണ കാണിക്കുന്ന ഒരു ദൈവമാണ് പഴയനിയമത്തിലേത്. എങ്കിലും, തന്റെ വിശ്വസ്തരെ അനുഗ്രഹിക്കുന്ന, ദുഷ്ടരെ തലമുറകളോളം ശിക്ഷിക്കുന്ന ഒരു ദൈവത്തിന്റെ മുഖമാണ് പലപ്പോഴും പഴയനിയമത്തിലെ പിതാവായ ദൈവത്തിന്റേത്.

പിതാവിന്റെ കരുണയായ യേശു

പാപത്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ജനത്തിന് രക്ഷയുടെ വാഗ്ദാനം നൽകിയ ദൈവം, തന്റെ പുത്രനിലൂടെയാണ് ഈ രക്ഷാകരകർമ്മം തുടർന്നുകൊണ്ടുപോകുന്നത്. മാനവകുലത്തോടുള്ള ദൈവകരുണയുടെ ഏറ്റവും ഉദാത്തമായ, ഒപ്പം വ്യക്തമായ അടയാളമാണ് മനുഷ്യനായി അവതരിച്ച, യേശു എന്ന ദൈവപുത്രൻ. പിതാവിന്റെ കാരുണ്യമാണ് പുത്രനിലൂടെ ലോകത്തിലേക്ക് മുഴുവനും ഒഴുകിയിറങ്ങുന്നത്. പിതാവിനെത്തന്നെയാണ് ഈയൊരർത്ഥത്തിൽ പുത്രനിൽ നാം കാണുന്നത്. യോഹന്നാന്റെ സുവിശേഷം പതിനാലാം അദ്ധ്യായം ഒൻപതാം വാക്യത്തിൽ യേശു തന്നെ നമ്മോട് പറയുന്നുണ്ട്:  "എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു". തുടർന്ന് വരുന്ന പത്താം വാക്യത്തിൽ, യേശു വീണ്ടും പറയുന്നു, "ഞാൻ നിങ്ങളോട് പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്". ഈ തിരുവചങ്ങൾ നമ്മോട് പറയുന്നത്, യേശുവിന്റെ വാക്കുകളിലും പ്രവൃത്തികളിലും വെളിവാക്കപ്പെടുന്ന കരുണയും സ്നേഹവുമൊക്കെ, പിതാവായ ദൈവത്തിന്റെ കരുണയും സ്നേഹവും തന്നെയാണെന്നാണ്.

അനന്തമായ കാരുണ്യം

ദൈവത്തിന്റെ അളവുകളില്ലാത്ത കരുണയാണ് ക്രിസ്തുവിന്റെ ഉത്ഥാനഞായറിന് ശേഷമുള്ള ഞായറാഴ്ച സഭ ആഘോഷിക്കുന്നത്. സൃഷ്ടിയുടെ നിമിഷം മുതൽ ദൈവത്തിന്റെ സ്നേഹം നമുക്ക് അനുഭവിക്കാൻ സാധിക്കും. അവന്റെ കരുണയാണ് തന്റെ ജനത്തിന് നിലനിൽപ്പിനും അതിജീവനത്തിനും കാരണമാകുന്നത്. പിതാവിന്റെ സ്നേഹത്തിന്റെയും കരുണയുടെയും പാരമ്യമാണ് മനുഷ്യനായി അവതരിക്കുന്നത്. അർഹിക്കാത്ത കരുണയാണ് ദൈവം മനുഷ്യരിലേക്ക് ഒഴുക്കുന്നത്. ദൈവത്തിൽനിന്നകന്ന് പാപത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന മനുഷ്യന് എവിടെയാണ് കരുണയ്ക്ക് അർഹത എന്ന ഒരു ചോദ്യത്തിനുമുന്നിലാണ് ദൈവകാരുണ്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കപ്പെടുന്നത്. ശിക്ഷയ്ക്ക് പകരം സമ്മാനവും, തടവറയ്ക്ക് പകരം സ്നേഹത്തോടെ പിതാവിന്റെ ഭവനത്തിൽ പുത്രസ്ഥാനവും. ഇതാണ് ദൈവസ്നേഹം. ആത്മാർഥമായി ഒന്ന് ചിന്തിച്ചാൽ ദൈവത്തിന്റെ കാരുണ്യമില്ലെങ്കിൽ, നമ്മിലാർക്കാണ് ജീവിക്കാനാകുക? നിസ്സാരരും പാപികളുമായ മനുഷ്യവംശത്തിൽ ദൈവത്തിന്റെ അനന്തമായ കരുണയാണ് ജീവനായി മാറുന്നത്.

കരുണയുടെ ഞായർദിനസ്ഥാപനം

വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഉയിർപ്പ്തിരുന്നാളിന് ശേഷമുള്ള ഞായറാഴ്ച ദൈവിക കാരുണ്യത്തിന്റെ ഞായറായി മാറ്റിവച്ചത്. പോളണ്ടിൽനിന്നുള്ള വിശുദ്ധ ഫൗസ്തിന കോവാൽസ്‌ക എന്ന സന്ന്യാസിനിയ്ക്ക് പ്രത്യക്ഷപ്പെട്ട അവസരങ്ങളിൽ ക്രിസ്‌തുതന്നെ ആവശ്യപ്പെട്ടതാണ് തന്റെ കരുണ പ്രത്യേകമായി ആഘോഷിക്കപ്പെടണമെന്നത്. "ഞാൻ കരുണയും സ്നേഹവും മാത്രമാണ്" എന്ന് തനിക്ക് ലഭിച്ച ദർശനത്തിൽ ക്രിസ്തുവിലൂടെ ശ്രവിച്ചത് വിശുദ്ധ ഫൗസ്തിന തന്റെ ഡയറിയിൽ 1273-ആം നമ്പറിൽ കുറിച്ചുവച്ചിട്ടുണ്ട്. അനുകമ്പയുടെ നാളങ്ങൾ തന്നിൽ എരിയുന്നതും, അവ ആത്മാക്കളുടെമേൽ ചൊരിയാൻ താൻ ആഗ്രഹിക്കുന്നതും ഫൗസ്തിനയ്ക്ക് ക്രിസ്തു വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ട് (ഡയറി. 1190). ഇന്നത്തെ കാലഘട്ടത്തിന് വേണ്ട ശക്തമായ ഒരു സന്ദേശമായാണ് ഇതിനെ കണക്കാക്കുന്നത്. വിശ്വാസത്തോടെ തന്റെ കരുണയിലേക്ക് തിരികെവരാതെ മനുഷ്യകുലം സമാധാനം കണ്ടെത്തുകയില്ലെന്ന് അവിടുന്ന് പറയുന്നു (ഡയറി. 300). കാരുണ്യത്തിന്റെ ഈ തിരുന്നാൾദിനം, എല്ലാ ആളുകൾക്കും പ്രത്യേകിച്ച് പാപികൾക്ക്, ഒരു അഭയമായി മാറണമെന്നത് ദൈവഹിതമായിരുന്നു. രണ്ടായിരാമാണ്ടിലെ ജൂബിലി വർഷത്തിൽ ഏപ്രിൽ മുപ്പതിനാണ് വിശുദ്ധ ഫൗസ്തിന വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഉയിർപ്പ് തിരുന്നാളിന് ശേഷമുള്ള ഞായർ ദൈവികകാരുണ്യത്തിന് സമർപ്പിക്കപ്പെട്ട ദിനമായി ആഘോഷിക്കുവാൻ തീരുമാനിക്കപ്പെട്ടത്. കുരിശിൽ തറയ്ക്കപ്പെട്ട് ജീവിതം നമുക്കായി നൽകിയ ക്രിസ്തുവിന്റെ ഹൃദയം മനുഷ്യക്രൂരതയുടെ അവസാനഅടയാളമായി കുന്തത്താൽ കുത്തിത്തുറക്കപ്പെടുമ്പോൾ, അവിടെനിന്ന് പുറപ്പെടുന്നത് കരുണയുടെ വർഷമായിരുന്നു എന്ന മനോഹരമായ സത്യമാണ്, ദൈവത്തിന്റെ കരുണയെ ഒരു ആഘോഷമാക്കി മാറ്റാൻ സഭയെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. ക്രിസ്തുവിലുള്ള നവജീവിതമാണ് കുരിശിലെ ക്രിസ്തുവിന്റെ പാർശ്വത്തിൽനിന്ന് രക്തവും വെള്ളവുമായി ഒഴുകുന്നത്. തെറ്റ് ചെയ്ത മനുഷ്യർക്ക് മേൽ കരുണ ചൊരിയുന്ന ദൈവസങ്കല്പം ക്രിസ്തുവിലാണ് വ്യക്തമായി നാം കാണുന്നത്. പാപങ്ങൾ കഴുകിക്കളഞ്ഞ് മനുഷ്യനെ പുതുസൃഷ്ടിയാക്കുന്ന ദൈവസ്നേഹമാണിവിടെ നാം കാണുന്നത്. പാപത്തിന്റെ അടിമത്തത്താൽ അനാഥമാക്കപ്പെട്ട മനുഷ്യവർഗ്ഗത്തിന് കാരുണ്യത്തിന്റെയിടവും അഭയസ്ഥാനവുമാണ് അവന്റെ തുറക്കപ്പെട്ട ഹൃദയം. കാരുണ്യത്തിന്റെ ഞായർ ദിനത്തിൽ, കർത്താവിന്റെ ഉയിർപ്പിന്റെ എട്ടാംദിനം കൂടിയാണ് പൂർത്തിയാകുന്നത്.

കരുണയുടെ ഞായർ ജീവിതത്തിൽ 

കരുണയുടെ ഞായറിനെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, പല ചിന്തകളാണ് നമുക്ക് മുന്നിലുള്ളത്. ഭൂമിയിലെ അളവുകോലുകൾക്ക് ഉപരിയാണ് ദൈവികമായ സ്നേഹവും കരുണയും. അളവുകളില്ലാത്ത സ്നേഹവും, തുലനം ചെയ്യാനാകാത്ത കരുണയും. ഈയൊരു ക്ഷമിക്കുന്ന സ്നേഹമാണ് ചരിത്രത്തിലിന്നോളം മനുഷ്യരെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്. അർഹിക്കാത്തയിടങ്ങളിൽപ്പോലും കരുണ ചൊരിയുന്ന ദൈവമായതിനാലാണ്, മാനവഹൃദയങ്ങളിൽ ക്രിസ്തുവിന് കരുണയുടെ മുഖമാകാൻ സാധിക്കുന്നത്. വിശ്വാസമുള്ള ഒരു മനുഷ്യനും ദൈവത്തിന്റെ സ്നേഹവും കരുണയും ഉദാസീനതയോടെ സ്വീകരിക്കാനാകില്ല.

കരുണയുടെ ഞായർ നമുക്ക് നൽകുന്ന ഒരു പ്രധാനപ്പെട്ട സന്ദേശം, ദൈവകാരുണ്യത്തെ തിരിച്ചറിയാൻ പരിശ്രമിക്കുകയും നിരന്തരം ദൈവകരുണയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിന്റെ പതിനെട്ടാം വാക്യത്തിൽ കർത്താവ് അരുളിചെയ്യുന്നുണ്ട്; "വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും". ഏശയ്യാ പ്രവാചകൻ തന്നെ തന്റെ അൻപത്തിയൊൻപതാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തിൽ പറയുന്നു "രക്ഷിക്കാൻ കഴിയാത്തവിധം കർത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേൾക്കാനാവാത്തവിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല". കരുണ തന്നെയായ ദൈവം അനന്തമായ കരുണ നമ്മിൽ ചൊരിയാൻ തയ്യാറാണ്. അവിടുത്തെ കാരുണ്യത്തിൽ ആശ്രയിക്കുകയും, ദൈവത്താൽ ക്ഷമിക്കപ്പെടുവാൻ, അവിടുത്തെ കരുണയ്ക്ക് പാത്രങ്ങളാകുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുകയുമാണ് നാം ചെയ്യേണ്ടത്.

രണ്ടാമത്തെ ഒരു ചിന്ത, ദൈവത്തിന്റെ പ്രവൃത്തികൾ നമ്മിലുണ്ടാക്കേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. ക്ഷമിക്കുന്ന സ്നേഹമായ ദൈവത്തെ തിരിച്ചറിയുന്ന നമുക്ക്, കരുണ സ്വീകരിക്കാൻ മാത്രമല്ല, അത് മറ്റുള്ളവർക്ക് നൽകുവാനും സാധിക്കണം. മറ്റൊരു ക്രിസ്തുവായി, പിതാവിന്റെ കരുണയുടെ മുഖമാകാനുള്ള ഒരു വിളികൂടിയാണ് ഈയൊരർത്ഥത്തിൽ കരുണയുടെ ഞായർ നമുക്ക് മുന്നിൽ വയ്ക്കുന്നത്. വിശുദ്ധ ലൂക്കയുടെ സുവിശേഷം ആറാം അദ്ധ്യായം ഇരുപത്തിയൊമ്പതാം വാക്യത്തിൽ യേശു നമ്മോടു പറയുന്നുണ്ട്, "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ".

സ്നേഹമല്ലാതെ, മറ്റ് ഉപാധികളില്ലാതെ ക്ഷമിക്കുന്ന ഒരു ദൈവത്തിന്റെ മക്കളെന്ന നിലയിൽ, കാരുണ്യത്തിനും ക്ഷമയ്ക്കും അതിരുകൾ തീർക്കാതിരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിൽ നാം ചെയ്യേണ്ടത്. ധൂർത്തപുത്രന്റെ ഉപമയിലെ പിതാവിന്റെ സ്നേഹം ദൈവപിതാവിന്റെ അളവുകളില്ലാത്ത കരുണയുടെ ഉദാഹരണമാണ്. "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്" എന്ന് പാപിനിയായ സ്ത്രീയോട് പറയുന്ന ക്രിസ്തുവിന്റെ വാക്കുകൾ ദൈവകാരുണ്യത്തിന്റെ യഥാർത്ഥ സ്വഭാവമാണ് വിളിച്ചുപറയുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ പതിനെട്ടാം അദ്ധ്യായം മുപ്പത്തിമൂന്നാം വാക്യത്തിലൂടെ നമ്മോടും ക്രിസ്തു പറയുന്നുണ്ട് "ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?" കരുണയുടെ ഞായർ നമ്മെ ദൈവത്തിന്റെ കാരുണ്യത്താൽ നിറയ്ക്കട്ടെ. ആ കാരുണ്യത്തിൽ നമ്മുടെ പാപക്കറകൾ കഴുകിക്കളയാനും, ഒപ്പം മറ്റുള്ളവരോട് ഹൃദയപൂർവം ക്ഷമിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഏപ്രിൽ 2022, 14:09