തിരയുക

ഈസ്റ്റർ ദിന സ്‌ഫോടനത്തിൽ മരിച്ചവരുടെ മൃതസംസ്കാരച്ചടങ്ങിൽനിന്ന് ഈസ്റ്റർ ദിന സ്‌ഫോടനത്തിൽ മരിച്ചവരുടെ മൃതസംസ്കാരച്ചടങ്ങിൽനിന്ന് 

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ശ്രീലങ്കയിലെ ഈസ്റ്റർദിന സ്ഫോടനം

2019 ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനങ്ങളെക്കുറിച്ചുള്ള പല ചോദ്യങ്ങളും ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണെന്ന് കർദ്ദിനാൾ മാൽക്കം രഞ്ജിത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇരുപത്തിയഞ്ച് ലക്ഷം ഡോളറുകൾ ചിലവഴിച്ച്, മൂന്ന് വർഷങ്ങൾകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ 88 പേജുകൾ ഉള്ള ഒരു റിപ്പോർട്ട് ശ്രീലങ്കൻ സർക്കാർ പുറത്തിറക്കിയെങ്കിലും, ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് ശ്രീലങ്കൻ കർദ്ദിനാൾ അഭിവന്ദ്യ മാൽക്കം രഞ്ജിത് അഭിപ്രായപ്പെട്ടു. ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം (Aid to the Church in Need) എന്ന പ്രസ്ഥാനത്തിന്റെ, പൊതുകാര്യവകുപ്പ് ഡയറക്ടർ മാർക്ക് ഫൊൺ റീഡ്മാൻ, ജർമനിയിലെ അവരുടെ ആസ്ഥാനം സന്ദർശിച്ച കർദ്ദിനാളുമായി നടത്തിയ അഭിമുഖസംഭാഷണത്തിലാണ്, നിലവിലെ അന്വേഷണങ്ങളിൽ പൂർണ്ണതൃപ്തിയില്ലെന്നും, അന്നത്തെ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ട 269 ആളുകൾക്കും, പരിക്കേറ്റ 500 പേർക്കും നീതിലഭിച്ചതായി തങ്ങൾ കരുതുന്നില്ലെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടത്. അന്വേഷണറിപ്പോർട്ടനുസരിച്ച് ഇരുപത്തിയഞ്ച് ആളുകളുടെമേലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ചോദ്യങ്ങളോട് പ്രതികരിക്കവേ, സംഭവങ്ങളുടെ സത്യം അറിയാൻ ശ്രീലങ്കയിലെ കത്തോലിക്കാസമൂഹം ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. വളരെയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നുമാത്രമല്ല, മതങ്ങൾ തമ്മിൽ വിരോധമുണ്ടാകാനും ഈയൊരു സംഭവം കാരണമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.  രാഷ്ട്രീയനേട്ടം കൊയ്യാൻ ഈ സംഭവത്തെ ഉപയോഗിച്ചവരുണ്ട് എന്ന് അഭിപ്രായപ്പെട്ട കർദ്ദിനാൾ, ഈ അപകടവുമായി ബന്ധപ്പെട്ട് തങ്ങളെ സഹായിച്ചവരിൽ മുസ്ലിം സമുദായവുമുണ്ടായിരുന്നുവെന്ന് പറഞ്ഞു.

88 പേജുകളുള്ള റിപ്പോർട്ടിൽ 25 പേർക്കെതിരായി 23000 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിപ്പോർട്ട് അതിൽത്തന്നെ നല്ലതാണെങ്കിലും, അതിലെ ശുപാർശകൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതപരമായ ലക്ഷ്യത്തോടെയല്ല ഈ അക്രമം നടന്നിരിക്കുന്നത് എന്ന റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയപരമായ ഉദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിൽ സ്പർദ്ധ വളർത്തുവാനുള്ള ഒരു ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽനിന്നുള്ള മുന്നറിയിപ്പും, ഇസ്ലാമികഹീവ്രവാദഗ്രൂപ്പുകൾ നടത്തിയിരുന്ന പരിശീലനക്യാമ്പുകളെ സംബന്ധിച്ച അറിയിപ്പും രാജ്യത്തെ അധികാരികൾക്ക് ലഭിച്ചിരുന്നു എന്ന വാർത്തകളെ അടിസ്ഥാനമാക്കി സംസാരിക്കവെ, അന്വേഷണറിപ്പോർട്ടുകൾ പ്രകാരം അക്രമസാധ്യതകളെക്കുറിച്ച് മുൻപേതന്നെ അറിവ് ലഭിച്ചിരുന്നതായി പറയപ്പെടുന്നു എങ്കിലും, അത് യഥാസമയം ജനങ്ങളെ അറിയിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു എന്ന് കർദ്ദിനാൾ പറഞ്ഞു.

സത്യം അറിയുവാനാണ് ശ്രീലങ്കയിലെ ആളുകൾ ആഗ്രഹിക്കുന്നതെന്നും, അന്വേഷണകമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടണമെന്നും പറഞ്ഞ കർദ്ദിനാൾ, അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൈവം തങ്ങൾക്ക് നീതി നടപ്പിലാക്കിത്തരുന്നതിനുവേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഏപ്രിൽ 2022, 17:05