എസ്.ബി സ്വിയാറ്റോസ്ലാവ് ഷെവ്ചുക്: ആഗോള അപലപനത്തിന് അർഹമായതാണ് റഷ്യ നടത്തുന്ന യുദ്ധം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിൽ പ്രിയ സഹോദരീസഹോദരന്മാരേ, എന്ന് അഭിസംബോധന ചെയ്തു കൊണ്ട് നൽകിയ സന്ദേശത്തിൽ യുക്രേനിയൻ ജനതയും, രാജ്യവും തങ്ങൾക്കെതിരായി നാൽപ്പത്തിയഞ്ച് ദിവസമായി നീളുന്ന റഷ്യൻ ആക്രമണം അനുഭവിക്കുകയാണ് എന്ന് യുക്രേനിയൻ ഗ്രീക്ക്-കത്തോലിക് സഭയുടെ തലവനായ എസ്.ബി സ്വിയാറ്റോസ്ലാവ് ഷെവ്ചുക് സൂചിപ്പിച്ചു.
കഴിഞ്ഞ രാത്രിയും പകലും നാടകീയമായിരുന്നു എന്ന് സൂചിപ്പിച്ച എസ്.ബി സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നഗരങ്ങളിൽ റോക്കറ്റ് ആക്രമണങ്ങളും നിരപരാധികളുടെ മരണവും നാം കണ്ടുവെന്നും, ഖാർകിവീനും ഡോൺബാസിലും, തകർന്നടിഞ്ഞ മരിയുപോൾ നഗരത്തിന് ചുറ്റും, മാതൃരാജ്യത്തിന്റെ തെക്ക് ഭാഗത്തും കടുത്ത യുദ്ധങ്ങൾ നടക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞു.
യഥാർത്ഥത്തിൽ യുക്രെയ്നെതിരെ ശത്രു സമ്പൂർണ യുദ്ധം നടത്തുകയാണെന്ന് നേരത്തെ സൂചിപ്പിച്ചത് അനുസ്മരിച്ച യുക്രേനിയൻ ഗ്രീക്ക്-കത്തോലിക് സഭയുടെ തലവനായ എസ്.ബി സ്വിയാറ്റോസ്ലാവ് ഷെവ്ചുക് മനഃപൂർവ്വം സൈന്യത്തെ മാത്രമല്ല, നമ്മുടെ നഗരങ്ങളെയും ഗ്രാമങ്ങളെയും പ്രത്യേകിച്ച് സിവിലിയന്മാരെയും ലക്ഷ്യമിട്ടു ആസൂത്രിതവും ക്രമാനുഗതമായ യുദ്ധമാണ് നടക്കുന്നതെന്ന് വിശദീകരിച്ചു.
നമ്മുടെ ആത്മീയ ജീവിതത്തിൽ നാം നിരന്തരം പാപത്തിന്റെ പ്രതിഭാസത്തെ അഭിമുഖീകരിക്കുന്നു. പാപം എന്ന പദം എല്ലാ വ്യക്തികൾക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും അറിയാം. എന്നാൽ പാപം എന്നത് ബോധപൂർവ്വവും സ്വമേധയാ ഉള്ളതുമായ ദൈവകൽപ്പനയുടെയും മനുഷ്യജീവിതത്തിന്റെ ഒരു സുപ്രധാന തത്വമായ മനുഷ്യനും ദൈവവും, മനുഷ്യനും അയൽക്കാരനും തമ്മിലുള്ള ആശയവിനിമയത്തിലെ ലംഘനമാണെന്ന് ക്രിസ്തുവിന്റെ സഭ പഠിപ്പിക്കുന്നു എന്ന് സൂചിപ്പിച്ച അദ്ദേഹം ഒരു വ്യക്തി പൂർണ്ണ ബോധപൂർവ്വമല്ലാതെയും,സ്വമേധയാ അല്ലാതെയും തിന്മ ചെയ്യുമ്പോൾ, ആ പ്രവൃത്തിയുടെ, തിന്മയുടെ വ്യക്തിപരമായ ഉത്തരവാദിത്തം കുറവായിരിക്കാം. എന്നാൽ ഒരു വ്യക്തി മനഃപൂർവ്വം, ആസൂത്രിതമായി തിന്മ ചെയ്യുകയാണെങ്കിൽ, അതിന്റെ മുഴുവൻ ഉത്തരവാദിത്തവും അയാൾ വഹിക്കുന്നു. അപ്പോൾ ആ തിന്മ അവരുടെ മനസ്സിലും ആത്മാവിലും ഹൃദയത്തിലും തുളച്ചുകയറുകയും ഉള്ളിൽ നിന്ന് അവരെ നശിപ്പിക്കുകയും അവരെ പാപത്തിന്റെ അടിമയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. "പാപത്തിന്റെ ശംബളം മരണം" എന്ന് ദൈവവചനം നമ്മോടു പറയുന്നു. അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു ഭീകരമായ കുറ്റകൃത്യത്തിന് നമ്മൾ സാക്ഷ്യം വഹിച്ചുവെന്ന് ക്രാമാറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ നടന്ന ദുരന്തത്തെ അനുസ്മരിച്ച യുക്രേനിയൻ ഗ്രീക്ക്-കത്തോലിക് സഭയുടെ തലവനായ എസ്.ബി സ്വിയാറ്റോസ്ലാവ് ഷെവ്ചുക് ബോധപൂർവ്വവും, സ്വമേധയാ, ആസൂത്രണം ചെയ്ത, രണ്ട് റഷ്യൻ മിസൈലുകൾ ആ റെയിൽവേ ജംഗ്ഷനിലേക്ക് തൊടുത്തുവിടുകയും, ആക്രമണത്തിൽ 53 പേർ കൊല്ലപ്പെടുകയും, 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും വ്യക്തമാക്കി. അവരിൽ പലരുടെയും നില അതീവഗുരുതരമാണ്, അടുത്ത മണിക്കൂറുകളിലോ ദിവസങ്ങളിലോ മരിക്കാനിടയുമുണ്ട്. കൊല്ലപ്പെട്ടവർ സ്ത്രീകളും കുട്ടികളും, കനത്തതും തീവ്രവുമായ പോരാട്ടത്തിൽ പ്രദേശം വിട്ടുപോകാൻ ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ചവരും, ശത്രുക്കൾ യുദ്ധതടവുകാരാക്കാനും ബന്ദികളാക്കാനും ആഗ്രഹിച്ച സമാധാനപരമായ ജീവിതം നയിച്ചിരുന്ന ആളുകളുമായിരുന്നു.
വധിക്കപ്പെട്ടവർ സൈനികരല്ല. അവിടെ സൈനിക കേന്ദ്രവും ഉണ്ടായിരുന്നില്ല. അവർ സാധാരണക്കാരായിരുന്നു. മാത്രമല്ല, അവർ റഷ്യൻ സംസാരിക്കുന്ന ഡോൺബാസിലെ താമസക്കാരായിരുന്നു, അവരെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് റഷ്യ യുദ്ധം ചെയ്യുന്നത്.
മാനവികതയ്ക്കെതിരായ ഒരു പൊതു കുറ്റകൃത്യത്തിന്റെ ഉദാഹരണവും ആഗോള അപലപനത്തിന് അർഹമായതും നീതീകരിക്കപ്പെടാത്തതും വെറുപ്പുളവാക്കുന്നതുമായ ഒരു കുറ്റകൃത്യത്തിനാണ് നാം സാക്ഷ്യം വഹിച്ചതെന്ന് ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിച്ചു.
ഇന്ന് നാം നിരപരാധികളായ ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ന് നമ്മൾ മുറിവേറ്റവരെ സഹായിക്കാൻ ശ്രമിക്കുകയാണ്. യുദ്ധത്തിൽ നിന്ന് സ്വന്തം വീടുകളും നഗരങ്ങളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ എല്ലാവരോടും ഒപ്പം നിൽക്കുന്നു. ബോധപൂർവ്വം, സ്വമേധയാ നന്മ ചെയ്യുന്നതിനായി, മനുഷ്യന്റെ അന്തസ്സും മനുഷ്യജീവനും സംരക്ഷിക്കുന്നതിനായി ഇന്ന് നാം പാപത്തെ ചെറുക്കാൻ ശ്രമിക്കുന്നു. അദ്ദേഹം കൂട്ടി ചേർത്തു.
ഇന്ന് യുക്രെയ്ന് വേണ്ടിയും, അതിനെ രക്ഷിക്കുന്ന, യുക്രെയ്നിലെ ജനങ്ങളുടെ സമാധാനപരമായ ജീവിതവും ആരോഗ്യവും സ്വന്തം ജീവൻ കൊണ്ട് സംരക്ഷിക്കുന്ന നമ്മുടെ സൈന്യത്തിനായി പ്രാർത്ഥിക്കുന്നു എന്ന് സന്ദേശത്തിൽ സൂചിപ്പിച്ച യുക്രേനിയൻ ഗ്രീക്ക് - കത്തോലിക്കാ തലവൻ, "ദൈവമേ, യുക്രെയ്നെ അനുഗ്രഹിക്കണമേ! യുദ്ധം അവസാനിപ്പിക്കണമേ! ഞങ്ങളുടെ ജനങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ! ആസന്നമായ മരണത്തിൽ നിന്ന് ഓടിപ്പോയി വഴിയിലായിരിക്കുന്നവരെ അങ്ങളുടെ കാവൽമാലാഖമാർ വഴി സംരക്ഷിക്കണമെ! ദൈവമേ, യുക്രെയ്നിന് വിജയം നൽകേണമേ! ദൈവത്തിന്റെ അനുഗ്രഹം മനുഷ്യവർഗ്ഗത്തോടുള്ള അവിടുത്തെ കൃപയിലൂടെയും സ്നേഹത്തിലൂടെയും എപ്പോഴും, ഇന്നും, എന്നെന്നേക്കും, യുഗങ്ങളോളം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ, എന്ന പ്രാർത്ഥനയോടെയാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: