ദൈവനാമത്തിൽ വരുന്ന ക്രിസ്തുവും ഓശാനഞായറും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഈശോയുടെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഓശാനഞായർ. ജനതകളുടെ പ്രതീക്ഷകൾ പൂർത്തീകരിക്കുവാൻ ദൈവനാമത്തിൽ വരുന്ന രാജാവാണ് ക്രിസ്തുവെന്നാണ് വചനം പറയുന്നത്. വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ പത്തൊൻപതാം അദ്ധ്യായം മുപ്പത്തിയെട്ടാം വാക്യം പറയുന്നു, "കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹീതൻ, സ്വർഗ്ഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം എന്ന് അവർ ആർത്തുവിളിച്ചു" (ലൂക്ക 19,38).
എളിമയുടെ കഴുതപ്പുറം
ക്രിസ്തു ജെറുസലത്തേക്ക് പ്രവേശിക്കുന്നത്, രക്ഷാകർമ്മത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ജീവിക്കുവാനായാണ്. അവൻ ദേവാലയം സ്ഥിതിചെയ്യുന്ന, അതായത്, ദൈവസാന്നിദ്ധ്യമുള്ള ജെറുസലേമിലെത്തി ജനങ്ങളോട് വീണ്ടും ദൈവത്തെക്കുറിച്ച് കൂടുതലായി പഠിപ്പിക്കുവാൻ പോവുകയാണ്. ഒപ്പം സ്വജീവിതം രക്ഷയ്ക്കായി നൽകുവാനും. തികച്ചും വ്യത്യസ്ഥമായ ഒരു ജെറുസലേം പ്രവേശനമാണ് ക്രിസ്തുവിന്റേത്. വിജയശ്രീലാളിതരായി യുദ്ധശേഷം സ്വന്തം രാജ്യത്തെത്തുന്ന രാജാക്കന്മാർക്ക് കിട്ടുന്ന സ്വീകരണവുമായാണ് പലരും ക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തെ താരതമ്യം ചെയ്യുന്നത്. എന്നാൽ ക്രിസ്തുവിന്റെ യഥാർത്ഥ യുദ്ധം ഇനിയും അതിന്റെ ഉച്ചകോടിയിലേക്കെത്താനിരിക്കുന്നതേയുള്ളൂ. രക്ഷ നൽകാനെത്തിയ ക്രിസ്തുവിന്റെ ജീവരക്തം ഇനിയും കാൽവരിയിൽ ഒഴുക്കപ്പെടാനിരിക്കുന്നതേയുള്ളൂ. എങ്കിലും അവൻ വിശുദ്ധ നഗരത്തിലേക്കെത്തുമ്പോൾ സ്വീകരിക്കപ്പെടുക ഒരു രാജാവിനെപ്പോലെയാണ്. ഇതിന്റെ ഒരു കാരണം ക്രിസ്തു ഇന്നുവരെ പ്രവർത്തിച്ച അത്ഭുതങ്ങളാണ്. ഒരുപാട് മനസ്സുകളിൽ അവന് ഇതിനോടകം ഒരു രാജകീയപരിവേഷം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.
കഴുതപ്പുറത്ത് എഴുന്നെള്ളുക എന്ന പ്രവൃത്തി തന്നെ വ്യത്യസ്തമാണ്. ചില തിരഞ്ഞെടുപ്പുകൾ അങ്ങനെയാണ്. സാധാരണ ചിന്തകൾക്ക് അതീതമായി ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ മാറുന്നുണ്ട് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈയൊരു തിരഞ്ഞെടുപ്പ്. പഴയനിയമത്തിലും പലപ്പോഴും ദൈവത്തിന്റെ ഇടപെടലുകൾ ഇതുപോലെയായിരുന്നു. ചുരുക്കം ചില അവസരങ്ങളിൽ, ശക്തമായ ഇടപെടലുകളുമായി ദൈവത്തെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ചരിത്രത്തിൽ നാം കാണുന്നുണ്ടെങ്കിലും, പലപ്പോഴും അവന്റേത് നിർമ്മലമായ, ശാന്തതയുടേതായ ഒരു സാന്നിധ്യമാണ്. ജനത്തിന്റെ കർക്കശ്യങ്ങളുടെ മുന്നിൽപ്പോലും അലിവുള്ളവനായി, മനുഷ്യന്റെ ആഗ്രഹങ്ങളുടെ, പ്രാർത്ഥനകളുടെ മുന്നിൽ താഴ്ന്നുകൊടുക്കുന്ന, ചെവിചായ്ക്കുന്ന ഒരു സാന്നിധ്യമാണത്.
വിശ്വാസികളായ നമുക്കും ദൈവത്തിന്റെ ഈ വ്യത്യസ്തത അന്യമല്ല. നമ്മുടെ കുറവുകളിലും, തെറ്റുകളിലും ക്ഷമിക്കുന്ന, നമ്മോടൊപ്പം ആയിരിക്കുന്ന, മനസ്സിലാക്കാൻ സാധിക്കുന്ന ഒരു സാന്നിധ്യമാണ് പലപ്പോഴും ദൈവം. ലാളിത്യത്തിന്റെ കഴുതപ്പുറങ്ങളിലാണ് ദൈവമുള്ളത്. ആഢ്യത്തത്തിന്റെ കുതിരപ്പുറങ്ങളിലും, ആഡംബരത്തിന്റെ അലങ്കാരങ്ങൾക്കിടയിലും ദൈവത്തെ കാണാൻ ശ്രമിക്കുന്ന കണ്ണുകളോടും മനസ്സുകളോടും, എളിമയുടെ പാഠങ്ങൾ പറഞ്ഞുതന്നുകൊണ്ടാണ് യേശു ജെറുസലത്തേക്ക് പ്രവേശിക്കുന്നത്.
ക്രിസ്തുവിലർപ്പിക്കുന്ന പ്രത്യാശ
വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലും, ലൂക്കയുടെ സുവിശേഷം പത്തൊൻപതാം അധ്യായത്തിലും, യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിലുമാണ് ജെറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശം വിവരിക്കപ്പെടുന്നത്. യേശുവിനായി കഴുതക്കുട്ടിയെ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ഭാഗം വായിക്കുമ്പോഴും, പിന്നീട് യേശു ജെറുസലത്തേക്ക് പ്രവേശിക്കുമ്പോഴുമൊക്കെ പ്രത്യേകമായി നമ്മുടെ ശ്രദ്ധയാകർഷിച്ചേക്കാവുന്ന ഒരു കാര്യമുണ്ട്. ശിഷ്യർ കഴുതക്കുട്ടിയെ യേശുവിന്റെ അടുത്ത് കൊണ്ടുവരുമ്പോൾ, തങ്ങളുടെ വസ്ത്രങ്ങൾ എടുത്ത് അതിന്റെ പുറത്ത് വിരിക്കുന്നുണ്ട്. ജനങ്ങളാകട്ടെ, യേശു കടന്നുപോകുന്ന തെരുവീഥിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിക്കുന്നു. തങ്ങളുടെ ശരീരത്തോടൊട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ മറ്റൊരുവനായി വിരിക്കുന്നത് എത്രയോ വലിയ എളിമയുടെ, ശരണത്തിന്റെ അടയാളമാണ്. വൃത്തിയായി കാത്തുസൂക്ഷിക്കുന്ന, തങ്ങളെത്തന്നെ അലങ്കരിക്കുവാനും, ചൂടിൽനിന്നും തണുപ്പിൽനിന്നും സംരക്ഷിക്കുവാനുമായി ഉപയോഗിക്കുന്ന തങ്ങളുടെ വസ്ത്രത്തേക്കാൾ പ്രാധാന്യം യേശുവിനുണ്ടെന്ന ഒരു ചിന്തയാണ് അവരെ ഈയൊരു പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ, യേശു ക്രിസ്തുവാണെന്ന് അറിവുള്ള നമുക്ക് മനസ്സിലാകുന്ന മറ്റൊരു മുഖം ഈ പ്രവൃത്തിയിലുണ്ട്. തങ്ങളെ പൊതിഞ്ഞുപിടിക്കുന്ന ദൈവമാണ് തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മുന്നിലുള്ളത്. ക്രിസ്തുവെന്നാണ് അവന്റെ പേര്. ഈ ഭൂമിയിൽ ആർക്കും തരാനാകാത്തത്ര സംരക്ഷണവും സ്നേഹവുമേകാൻ കഴിയുന്ന അവനുവേണ്ടി നമ്മുടെ കഴിവുകളും, നമ്മെത്തന്നേയും നല്കുന്നതിനെത്ര ഭംഗിയാണുള്ളത്. ക്രിസ്തുവിനെ വഹിക്കുന്ന കഴുതയാകാൻ, അവനായി നമ്മുടെ വസ്ത്രം മാത്രമല്ല, നമുക്കുള്ളതെല്ലാം നൽകാൻ, അവന് ഓശാന പാടാൻ നമുക്കാകുമെങ്കിൽ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിലേക്കും എഴുന്നെള്ളും.
കുരിശോളം ഒപ്പമെത്തുന്ന വിശ്വസ്തത
ഓശാനഞായർ നമ്മോട് പറയുന്ന മറ്റൊരു ചിന്ത വിശ്വസ്ഥതയുമായി ബന്ധപ്പെട്ടതാണ്. അത്ഭുതങ്ങളുടെ ദൈവത്തിന് പിന്നാലെ നടക്കുക എളുപ്പമാണെന്ന് നമുക്കൊക്കെയറിയാം. ഇന്നും, അത്ഭുതപ്രവർത്തകരായ ദൈവങ്ങളുടെയും, ദേവാലയങ്ങളുടെയും, പ്രാർത്ഥനയിടങ്ങളുടെയും, ആളുകളുടെയും പിന്നാലെ നടക്കാൻ ഏറെയാളുകൾ തയ്യാറാണ്. ജെറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അവന്റെ കൂടെയുണ്ടായിരുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുന്നത്, നാമും ദൈവവുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും പരിശോധിക്കാൻ നമ്മെ സഹായിക്കും.
ഒന്നാമതായി അവിടെയുള്ളതിൽ അസംഖ്യം വരുന്ന ജനങ്ങളാണ് നമ്മുടെ ശ്രദ്ധയിലേക്ക് വരിക. അപ്പം വർദ്ധിപ്പിക്കാൻ തയ്യാറായ ഒരുവന്റെ മുന്നിൽ, രോഗിയെ സുഖപ്പെടുത്തുന്ന ഒരു സിദ്ധന്റെ മുന്നിൽ, മരിച്ചവൻ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു പ്രവാചകന്റെ മുന്നിൽ, സാമ്രാജ്യങ്ങളുടെ അധികാരങ്ങളെ വിറപ്പിക്കാൻ കഴിവുള്ള ഒരു രാഷ്ട്രീയപ്രവർത്തകന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന നമ്മുടെയൊക്കെ മനസ്സിന്റെ പ്രതിബിംബങ്ങളാണ് ജെറുസലേമിലേക്ക് അധികാരത്തോടെ പ്രവേശിക്കുന്ന ക്രിസ്തുവിന്റെ ചുറ്റുമുള്ള ജനങ്ങൾ. ആരിലാണ് അഭയമർപ്പിക്കുക എന്ന ചിന്ത കണ്ണുകളെയും മനസ്സിനെയും നയിക്കുമ്പോൾ, മുന്നിൽ കാണുന്ന യേശുവിൽ ഉത്തരം കണ്ടെത്തുന്ന, പാറപ്പുറത്ത് വീണ വിത്ത്പോലെ, ആഴമില്ലാത്ത വിശ്വാസത്തിന്റെ ഉടമകളായിരുന്നു പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ട ജനം; നാമും. ആശ്വാസത്തിന്റെയും ആനന്ദത്തിന്റെയും ദിനങ്ങൾക്കപ്പുറം, സ്നേഹം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ, കുരിശിന്റെ വഴികളിൽ, മരണത്തിന്റെ താഴ്വാരങ്ങളിൽ യേശുവിനെ കൈവിട്ടകലുന്ന സാധാരണ ജീവിതങ്ങൾ.
രണ്ടാമതൊരു കൂട്ടർ ശിഷ്യന്മാരാണ്. മൂന്ന് വർഷങ്ങൾ യേശുവിനൊപ്പം ജീവിച്ചവർ. അവൻ വർദ്ധിപ്പിച്ച അപ്പം വിളമ്പുകയും ഭക്ഷിക്കുകയും ചെയ്തവർ. അവൻ പ്രവൃത്തിച്ച അത്ഭുതങ്ങൾ കാണുകയും, അവന്റെ വാക്കുകളിലൂടെത്തന്നെ അവയെ മനസ്സിലാക്കുകയും ചെയ്തവർ. യേശുവിന്റെ സഹനത്തിന്റെ വഴിയിൽ അവരിൽ ചിലരൊക്കെ അകലെയായി അവനെ അനുഗമിക്കുന്നതായി സുവിശേഷം നമ്മോട് പറയും. അറിവിന്റെ ആഴമാണ് കൂടെ നടക്കാൻ പഠിപ്പിക്കുന്നത്, ശക്തി തരുന്നത്. എന്നാൽ ദൈവത്തെയും സഹോദരങ്ങളെയും അറിഞ്ഞിട്ടും ഉപേക്ഷിച്ചുകളയുന്ന, കൂടെനിറുത്താൻ ശ്രമിക്കാത്ത ഒരുപാട് ജീവിതങ്ങളെക്കുറിച്ച് നമുക്കറിയാം. പലപ്പോഴും അതുപോലുള്ള അനുഭവങ്ങൾ അറിഞ്ഞവരും ജീവിച്ചവരുമാണ് നമ്മൾ. സാധാരണ വിശ്വാസത്തിൽനിന്നും ഒരൽപമുയർന്ന് ദൈവത്തെ പിന്തുടരാൻ ശിഷ്യന്മാരുടെ ജീവിതസാക്ഷ്യം നമ്മെ ക്ഷണിക്കുന്നുണ്ട്.
ഇനിയും മറ്റൊരു വ്യക്തികൂടി നമ്മുടെ ചിന്തയിലെത്തേണ്ടതുണ്ട്. യേശുവിന്റെ ജെറുസലേം പ്രവേശനവുമായി ബന്ധപ്പെട്ട് സുവിശേഷങ്ങളൊന്നും പറയാത്ത ഒരു വ്യക്തിയാണത്. യേശുവിന് ജന്മം നൽകിയ പരിശുദ്ധ അമ്മ. ഒരുപക്ഷെ ഈയൊരു സംഭവത്തിൽ മറിയം അകലെയായിരുന്നിരിക്കാം. എങ്കിലും ക്രിസ്‌തുവെന്ന ദൈവത്തിന് മുന്നിൽ ഒരിക്കലും അകലാത്ത സ്നേഹത്തിന്റെ മാനുഷികമുഖം കാണിച്ചവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പരിശുദ്ധ അമ്മയാണ്. ആ സ്നേഹമാണല്ലോ പിന്നീട് കുരിശിലെ വേദനകളിലും യേശുവിന്റെ കണ്ണുകൾക്ക് മുന്നിൽ ഒരിക്കലും ഉപേക്ഷിക്കാത്ത "അമ്മയുടെ സ്നേഹമായി", ഒപ്പം, "ഇതാ നിന്റെ അമ്മ" എന്ന വാക്കുകളിലൂടെ ഓരോ ക്രൈസ്‌തവനും അമ്മയായി മാറുന്നത്. ഒരു യഥാർത്ഥ വിശ്വാസിയുടെ ദൈവസ്നേഹം പരിശുദ്ധ അമ്മയുടെ സ്നേഹത്തിനൊപ്പം തീക്ഷ്ണതയുള്ളതാക്കാൻ പരിശ്രമിക്കണം. ഓശാനയുടെ ദിവസങ്ങൾക്കപ്പുറം, കുരിശിന്റെ നിഴലിൻ കീഴിൽ കൂടെയായിരിക്കുന്ന സ്നേഹമാകാൻ നാമും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഓശാനഞായറും വലിയ ആഴ്ചയുമൊക്കെ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഒപ്പം ഒരിക്കലും അകലാത്ത, കുരിശിന്റെ പാതയിൽപ്പോലും, മനുഷ്യസ്നേഹത്തിലും, തന്റെ മക്കളായ മനുഷ്യരോടുള്ള വിശ്വസ്ഥതയിലും കുറവുവരുത്താത്തവനാണ് ദൈവമെന്ന ഒരു സത്യവും.
ദൈവത്തിന് നമ്മെക്കൊണ്ട് ആവശ്യമുണ്ട്.
ഓശാനഞായറിന്റെ ചിന്തകളിലൂടെ നാം കടന്നുപോകുമ്പോൾ, ദൈവവചനവും, സഭയും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു വസ്തുതകൂടിയുണ്ട്. അത്, ദൈവത്തിന് നമ്മെക്കൊണ്ട് ആവശ്യമുണ്ട് എന്നതാണ്. നമ്മുടെ ആവശ്യങ്ങളിൽ നമുക്ക് ആവശ്യമുള്ള ദൈവത്തെയാണ് നാം സാധാരണയായി അറിഞ്ഞിട്ടുള്ളത്. എന്നാൽ, നമ്മെ ആവശ്യമുള്ള ഒരു ദൈവത്തെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കാറില്ല. ഓരോ മനുഷ്യരെയും തന്റെ മക്കളായി കരുതുന്ന, അതിരുകളില്ലാതെ അവരെ സ്നേഹിക്കുന്ന ഒരു ദൈവമെന്ന ചിന്തയ്ക്ക് മാത്രമേ, മനുഷ്യരെ ആവശ്യമുള്ള ദൈവത്തെക്കുറിച്ച് മനസ്സിലാക്കാൻ നമ്മെ സഹായിക്കാനാകൂ. എല്ലാ മനുക്ഷ്യമക്കളെയും സ്നേഹിക്കുവാനും, രക്ഷിക്കുവാനും കൂടെ നിറുത്തുവാനുമായാണ് ദൈവത്തിന് മനുഷ്യരെ ആവശ്യമുള്ളത്.
“ഹോസാന, കർത്താവെ ഞങ്ങളെ രക്ഷിക്കണമേ” എന്ന വിളിച്ചുപറയലുകൾക്കിടയിൽ, നമ്മെ സ്നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ് ദൈവമെന്ന ഒരു വിശ്വാസം അടിസ്ഥാനമായിരിപ്പുണ്ട്. ഈ ഒരു വിശ്വാസം ലോകത്തിലേക്കെത്താൻ, മറ്റൊരു കഴുതയായി ദൈവത്തെയും വഹിച്ച് ലോകത്തിന്റെ തെരുവീഥികളിലൂടെ നീങ്ങാൻ നമ്മെത്തന്നെ ദൈവത്തിന് വിട്ടുകൊടുക്കേണ്ടതുണ്ട്. ദൈവത്തെ ഉള്ളിൽ സ്വീകരിക്കേണ്ടതുണ്ട്, ജീവിതം കൊണ്ട് സാക്ഷ്യം നൽകേണ്ടതുണ്ട്. ദൈവം എല്ലാവരെയും സ്നേഹിക്കുന്നുവെന്ന്, അവൻ നമുക്കായി കരുതുന്നുവെന്ന് ലോകത്തോട് വിളിച്ചുപറയാൻ നമ്മുടെ ശിഷ്യത്വബോധം നമ്മെ സഹായിക്കണം.
ഓശാനവിളിയുടെ മറ്റൊരു പ്രത്യേകത എന്നത്, അത് സാധാരണ ജനം, അവരുടെ ഇടയിലൂടെ കടന്നുവരുന്ന യേശുവിനെ ആദരപൂർവ്വം നോക്കിക്കാണുന്നു എന്നതാണ്. യേശുവിന്റെ ജീവിതവും, വാക്കുകളും, അവൻ പ്രവർത്തിച്ച അത്ഭുതങ്ങളുമൊക്ക അവരെ അതിന് പ്രേരിപ്പിച്ചിട്ടുണ്ടാകാം. എങ്കിലും, ഈയൊരവസരത്തിൽ ഓശാനഞായർ നമ്മോട് ഓർമ്മിപ്പിക്കേണ്ട ഒരു വസ്തുത, അപരനിലെ നന്മയെ തിരിച്ചറിയാനും, അത് അംഗീകരിക്കാനും കഴിവുള്ളവരാകണം നാമെന്നതാണ്. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയാൻ, അവരുടെ കഴിവുകളെ അംഗീകരിക്കാൻ നമുക്ക് സാധിക്കണമെങ്കിൽ, നമ്മുടെ ഹൃദയത്തിൽ എളിമയുണ്ടാകണം, നമ്മുടെ കുറവുകളെക്കുറിച്ച് ബോധ്യമുണ്ടാകണം, മറ്റുള്ളവരെ നമ്മെപ്പോലെതന്നെ ദൈവമക്കളായി കാണാൻ സാധിക്കണം.
ഓശാനഞായറിനെക്കുറിച്ചുള്ള ചിന്തകൾ അവസാനിപ്പിക്കുമ്പോൾ, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിചിന്തനത്തിനുള്ള സമയം കൂടിയാകട്ടെ ഇത്. ജീവിതത്തിൽ എളിമയെന്ന പുണ്യം സ്വന്തമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? എന്തിനായാണ് നാം ദൈവത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്? ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത എന്തുമാത്രമുണ്ട്? ഓരോ മനുഷ്യരെയും സ്നേഹിക്കുകയും, രക്ഷിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെ നാം ലോകത്തിന് മുന്നിൽ നമ്മുടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സാക്ഷ്യപ്പെടുത്തുന്നുണ്ടോ? വലിയ ആഴ്ച്ചയിലേക്ക് പ്രവേശിക്കുന്ന നമ്മുടെ മനസ്സിൽ ഈ ചിന്തകൾ കൂടി ഉണ്ടാകട്ടെ. പരിശുദ്ധ അമ്മയെപ്പോലെ, നമ്മുടെയും ജീവിതം പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുവാൻ, അവനോടൊപ്പമുള്ളതാകുവാൻ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ. നമ്മുടെ വിശ്വാസജീവിതത്തെ ദൈവം കൂടുതൽ ആഴമുള്ളതാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: