വൈദികൻ ഫ്രാൻചെസ്കൊ പാത്തൊണിന് വീണ്ടും വിശുദ്ധ നാടിൻറെ സംരക്ഷണ ചുമതല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ്ക്കൻ വൈദികൻ ഫ്രാൻചെസ്കൊ പാത്തൊൺ (FR.FRANCESCO PATTON) O.F.M വിശുദ്ധ നാടിൻറെയും സിയോൺ മലയുടെയും സംരക്ഷകനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു.
2022-2025 വരെയാണ് ഫാദർ പാത്തൊണിൽ ഈ സംരക്ഷണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്.
ഫ്രാൻസിസ്ക്കൻ ചെറു സന്ന്യാസികൾ, അഥവാ, ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ ഉന്നതാധികാരസമിതിയാണ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തത്.
അദ്ദേഹം 2016 മെയ് 20 മുതൽ 6 വർഷമായി വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതല വഹിച്ചുവരവെയാണ് രണ്ടാം വട്ടവും തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
59 വയസ്സു പ്രായമുള്ള അദ്ദേഹം ഇറ്റലിയിലെ ത്രെന്തൊയിൽ 1963 ഡിസമ്പർ 23-നാണ് ജനിച്ചത്.
ഫാദർ പാത്തൊൺ രണ്ടുതവണ, അതായത്, 2003-ലും 2009-ലും, ഫ്രയേഴ്സ് മൈനർ, സമൂഹത്തിൻറെ പൊതുസംഘത്തിൻറെ, അഥവാ, ജനറൽ ചാപ്റ്ററിൻറെ, പൊതുകാര്യദർശിയും 2008 മുതൽ 2016 വരെ ഈ സമൂഹത്തിൻറെ ത്രെന്തൊയിലെ വിശുദ്ധ വിജീലിയൊ പ്രവിശ്യയുടെ മിനിസ്റ്റർ പ്രൊവിൻഷ്യലും, 2010 മുതൽ 2013 വരെ ഇറ്റലി, അൽബേനിയ എന്നിവിടങ്ങളിലെ മിനിസ്റ്റർ പ്രൊവിൻഷ്യൽമാരുടെ സംഘത്തിൻറെ അദ്ധ്യക്ഷനുമായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: