തിരയുക

ചർച്ച് ഇൻ നീഡ് ലെബനോനിൽ - ഫയൽ ചിത്രം ചർച്ച് ഇൻ നീഡ് ലെബനോനിൽ - ഫയൽ ചിത്രം 

ലെബനോൻ സാമ്പത്തിക ഞെരുക്കത്തിൽ: ചർച്ച് ഇൻ നീഡ്

ലെബനോനിലെ സാമ്പത്തികസ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന്, ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം (എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് - ACS) എന്ന പേരിലുള്ള പൊന്തിഫിക്കൽ പ്രസ്ഥാനം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലെബനോനിലെ പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തോട് ഐക്യദാർഢ്യവും അടുപ്പവും പ്രകടിപ്പിക്കുവാനും, അവിടെ അടിയന്തിരമായി പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങളുടെ കണക്കുകൾ തയ്യാറാക്കുവാനുമായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ഇറ്റാലിയൻ ഘടകത്തിന്റെ ഒരു പ്രതിനിധിസംഘം ലെബനോനിലെത്തി.

ലെബനോനിലെ സഭയുടെ നന്ദി

പ്രതിനിധി സംഘവുമായി സംസാരിച്ച മറോണിത്താ സഭയുടെ പാത്രിയർക്കീസ് കർദ്ദിനാൾ ബെഷാറ ബുത്രോസ് റായി, ചർച്ച് ഇൻ നീഡ് ലെബനോനിലെ ക്രൈസ്തവസമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും സാമ്പത്തികസഹായങ്ങൾക്കും നന്ദി പറഞ്ഞിരുന്നു. 1948-ൽ പലസ്തീനിയൻ അഭയാർത്ഥികളെയും, പിന്നീട് സിറിയയിൽനിന്നെത്തിയ പതിനഞ്ച് ലക്ഷത്തോളം അഭയാർത്ഥികളെയും, നിലവിലെ സാഹചര്യങ്ങളിൽ എത്തിയ ഇരുപത് ലക്ഷത്തോളം അഭയാർത്ഥികളെയും സ്വീകരിച്ച ഒരു രാജ്യമാണ് തങ്ങളുടേതെന്ന് കർദ്ദിനാൾ റായി എടുത്തുപറഞ്ഞു. എന്നാൽ തങ്ങളുടെ രാജ്യത്തെ ഭരണാധികാരികളുടെ ദുർഭരണം മൂലമുണ്ടായ സാമ്പത്തിക തകർച്ച കാരണം, സ്വദേശീയരായ മികച്ച ഡോക്ടർമാരെയും, എഞ്ചിനീയർമാരെയും, അധ്യാപകരെയും രാജ്യത്തിന് നഷ്ടമാകുകയാണെന്നും കർദ്ദിനാൾ അറിയിച്ചു. കുടിയേറ്റം ഒരു രക്തസ്രാവം പോലെ തങ്ങളുടെ രാജ്യത്തെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനോനിൽ ചർച്ച് ഇൻ നീഡിന്റെ സാന്നിധ്യം

ലെബനോനിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ മൂലം, രാജ്യത്തെ നിരവധി പദ്ധതികൾ വിദേശസഹായങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. മധ്യപൂർവദേശങ്ങളിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള ലെബനോനിൽ, ചർച്ച് ഇൻ നീഡ് വിവിധ പദ്ധതികൾക്ക് സഹായം നൽകുന്നുണ്ട്. സമർപ്പിതർക്കുള്ള സഹായങ്ങൾ, ഭക്ഷണമെത്തിക്കൽ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള സാമ്പത്തികസഹായം എന്നിങ്ങനെ വിവിധ രീതികളിൽ 2021-ൽ മാത്രം ഏതാണ്ട് നൂറിലധികം പദ്ധതികൾക്കായി നാൽപ്പത്തിയഞ്ച് കോടി രൂപയുടെ സഹായമാണ് സംഘടന എത്തിച്ചത്.

ഉക്രൈൻ യുദ്ധവും മറ്റ് രാജ്യങ്ങളും

കഴിഞ്ഞ ഒന്നരമാസത്തോളമായി ഉക്രൈയിനിൽ തുടരുന്ന യുദ്ധം അവിടുത്തെ ജനങ്ങൾക്കുണ്ടാക്കുന്ന ദുസ്സഹമായ കഷ്ടപ്പാടുകൾ ഓർക്കുമ്പോഴും, മറ്റ് രാജ്യങ്ങളിലെ പരിതാപകരമായ അവസ്ഥയെ മറക്കരുതെന്ന് ചർച്ച് ഇൻ നീഡ് ഇറ്റലിയുടെ ഡയറക്ടർ അലെസ്സാൻഡ്രോ മോന്തേദൂറോ പറഞ്ഞു. ലബനോൻ അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാഖിലെയും സിറിയയിലെയും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ഈ രാജ്യങ്ങളിലെല്ലാം, കുറഞ്ഞ സാമ്പത്തികപിന്തുണയുള്ള ക്രൈസ്തവസമൂഹമാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും, അവിടങ്ങളിലുള്ള നിരവധി ആശുപത്രികളും സ്‌കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വളരെ കുറച്ച് ഉപവി സംഘടനകളെ ഉള്ളൂ എങ്കിലും, ചർച്ച് ഇൻ നീഡ് അവർക്കൊപ്പം ഈ ഭീഷണിയെ തരണം ചെയ്യാൻ പരിശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2022, 17:13