തേടിയെത്തുന്ന ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായം ഒന്നുമുതൽ പതിനാലുവരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ സുവിശേഷഭാഗം. മാനവപാപങ്ങളുടെ പരിഹാരമായി കുരിശിലെ മരണത്തിലൂടെ തന്റെ ജീവൻ പിതാവിന്റെ കരങ്ങളിൽ ബലിയായി സമർപ്പിച്ച യേശു, തന്റെ ശിഷ്യന്മാർക്ക് മൂന്നാം പ്രാവശ്യം പ്രത്യക്ഷപ്പെടുന്ന സംഭവമാണ് ഈ വാക്യങ്ങളിൽ നാം കണ്ടുമുട്ടുന്നത്. കൂടെ നടന്ന ശിഷ്യന്മാരിൽ ഏഴു പേരാണ് തങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരികെപ്പോയിരിക്കുന്നത്. ദൈവപിതാവിന്റെ രാജ്യത്തിലേക്ക് മനുഷ്യമക്കളെ തിരികെ കൊണ്ടുവരുവാനായി, താൻ വിളിച്ച്, മൂന്ന് വർഷം കൂടെ നടത്തി, ഒരുക്കിയെടുത്ത ശിഷ്യന്മാർ, എല്ലാം മറന്ന്, വിശപ്പിന്റെ വിളികേട്ട്, അന്നന്നത്തെ അപ്പത്തിനായി കടലിലേക്ക് തിരികെപ്പോവുകയാണ്. കുരിശിൽ മരിച്ച ഗുരു തിരികെ ജീവനിലേക്ക് ഉയിർത്തെണീറ്റു എന്ന സത്യം അറിഞ്ഞിട്ടും, അവനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയുന്നതിന് പകരം, തങ്ങളുടെ വയറു നിറയ്ക്കാൻ വഴിതേടുകയാണ്, അവന്റെ പ്രിയപ്പെട്ട ശിഷ്യന്മാർ. വിശ്വാസത്തിന്റെ പാറയായി മാറുന്ന പത്രോസും അവരിൽ ഉണ്ടെന്നതാണ് ഏറെ പ്രത്യേകത നിറഞ്ഞ ഒരു കാര്യം.
സമാന്തരസുവിശേഷങ്ങളിൽ, ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നുമുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ, ഗനേസറത്ത് തടാകത്തിന്റെ തീരത്തുവച്ച്, അത്ഭുതകരമായ മത്സ്യബന്ധനത്തിന് ശേഷം യേശു ശിമയോൻ പത്രോസിനെ വിളിക്കുന്ന സംഭവവും, മത്തായിയുടെ സുവിശേഷത്തിന്റെ പതിനാലാം അദ്ധ്യായം ഇരുപത്തിയെട്ടുമുതൽ മുപ്പത്തിയൊന്നുവരെയുള്ള വാക്യങ്ങളിൽ, ജലത്തിന് മീതെ നടന്ന് യേശുവിന്റെ അരികിലേക്കെത്തുന്ന പത്രോസിനെക്കുറിച്ച് പറയുന്ന സംഭവവുമൊക്കെ ഇന്നത്തെ സുവിശേഷത്തോട് ചേർത്തുവായിക്കുന്നവരുണ്ട്.
ഈ സുവിശേഷഭാഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒന്നാമതായി നമുക്ക് കാണാവുന്ന ഒരു പ്രത്യേകത ദൈവത്തിന്റെ ഒരു സ്വഭാവവിശേഷമാണ്. താൻ സ്വന്തം ജീവനേകിയിട്ടും ഉപേക്ഷിച്ചുപോയ ശിഷ്യന്മാരെ തേടിയെത്തുന്ന ക്രിസ്തു, പിതാവിന്റെ മറ്റൊരു മുഖമാണ്. പാപം മൂലം അകന്നുപോയ മക്കളെ തേടിയെത്തുന്ന ദൈവമാണ് നമ്മുടെ ദൈവം. ഇന്നത്തെ സുവിശേഷത്തിൽ ഏഴ് ശിഷ്യന്മാരാണ് മത്സ്യബന്ധനത്തിന് പോയതായി പറയുന്നത്. വിശുദ്ധഗ്രന്ഥത്തെ സംബന്ധിച്ചിടത്തോളം ഏഴ് പൂർണ്ണതയുടെ അക്കമാണ്. അതുകൊണ്ടുതന്നെ, ശിഷ്യന്മാരെല്ലാവരും അകന്നുപോകുന്നു എന്ന കൂടുതൽ വിസ്‌തൃതമായ ഒരു വ്യാഖ്യാനവും ഈ ഭാഗത്തിന് നൽകാം.
തന്നിൽനിന്ന് അകന്നുപോയിട്ടും പത്രോസിന്റെയും മറ്റ് ശിഷ്യന്മാരുടെയും ജീവിതത്തെക്കുറിച്ച് വ്യഗ്രതയുള്ളവനാണ് യേശു. അതുകൊണ്ടുകൂടിയാണ് ഉത്ഥിതനായ ക്രിസ്‌തു അവരെ തേടി വരുന്നത്. തങ്ങൾക്ക് ഏറെ പരിചിതമായ ഒരു ജോലി മത്സ്യബന്ധനമാണെന്ന് അറിയാവുന്നതുകൊണ്ട്, പ്രതിഫലം ഉറപ്പുള്ളയിടത്താണ് ശിഷ്യന്മാർ വലയെറിയുന്നത്. എന്നാൽ അവർക്ക് ഒന്നും ലഭിക്കുന്നില്ല. തന്നിൽനിന്ന് അകന്നവരെങ്കിലും, താൻ സ്നേഹിക്കുന്ന തന്റെ ശിഷ്യന്മാരുടെ അദ്ധ്വാനത്തിലും അവരുടെ കഷ്ടപ്പാടുകളിലും കൂടെ നിൽക്കുന്നവനാണ് ദൈവം. അതുകൊണ്ടുതന്നെയാണ്, അദ്ധ്വാനത്തിന് പ്രതിഫലം കിട്ടുന്നയിടം അവൻ ശിഷ്യർക്ക് കാണിച്ചുകൊടുക്കുന്നത്.
അന്നന്നത്തെ അപ്പം ഉറപ്പുവരുത്തുക മാത്രമല്ല യേശു ചെയ്യുന്നതെന്ന് സുവിശേഷത്തിൽ നമുക്ക് കാണാം. ശിഷ്യന്മാർ "കരയ്ക്കിറങ്ങിയപ്പോൾ തീ കൂട്ടിയിരിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു" (വാ. 9). പ്രതീക്ഷയറ്റ് അകന്നുപോയ ശിഷ്യർക്ക് അത്ഭുതകരമായ രീതിയിൽ അവൻ ഫലമേകുന്നു, അവരുടെ വിശപ്പിന് ഭക്ഷണവും. തന്റെ കൈവശം അപ്പവും മീനുമുണ്ടായിട്ടും, യേശു, തന്റെ സഹായത്താൽ അവർക്ക് ലഭിച്ച പ്രതിഫലത്തിന്റെ ഒരംശം കൂടി അവരോട് ചോദിക്കുന്നുണ്ട്. എല്ലാം നൽകുവാൻ കഴിവുള്ള ദൈവം, മനുഷ്യന്റെ സഹകരണം കൂടി ആവശ്യപ്പെടുന്നു.
നൂറ്റിയമ്പത്തിമൂന്ന് മത്സ്യങ്ങളാണ് ശിഷ്യന്മാർക്ക് ലഭിച്ചത്. അന്നത്ത ഗ്രീക്ക് ജന്തുശാസ്ത്രജ്ഞർ കണ്ടുപിടിച്ചിരുന്ന മത്സ്യവൈവിധ്യത്തിന്റെ എണ്ണമായിരുന്നു അതെന്ന് പറയുന്നവരുണ്ട്. യേശുവിനെക്കൂടാതെ നടന്നപ്പോൾ ഒന്നും ലഭിക്കാതിരുന്ന ശിഷ്യന്മാർക്ക്, അവന്റെ വാക്കുകൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ അത്ഭുതകരമായ പ്രതിഫലം ലഭിക്കുന്നു എന്ന് നമുക്ക് ഇവിടെ മനസിലാക്കാം.
ഇന്നത്തെ സുവിശേഷത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കാര്യം യേശുവിനെ കണ്ട പത്രോസിന്റെ പ്രവൃത്തിയാണ്. ഏഴാം വാക്യത്തിൽ കാണുന്നതുപോലെ, യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ, യേശുവിനെ തിരിച്ചറിയുകയും, അത് ഏറ്റുപറയുകയും ചെയ്യുന്നു. “അത് കർത്താവാണ്" (വാ. 7). യേശുവാണ് തീരത്തുള്ളതെന്ന് മനസ്സിലാക്കുന്ന പത്രോസാകട്ടെ, തന്റെ നഗ്നത മറച്ച്, കടലിലേക്ക് ചാടി, യേശുവിന്റെ അരികിലെത്താനായി പരിശ്രമിക്കുന്നു. വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരമാണിവിടെ നാം കാണുന്നത്.
സുവിശേഷത്തിന്റെ അവസാനഭാഗത്ത്, അപ്പവും മത്സ്യവും എടുത്ത് തന്റെ ശിഷ്യർക്ക് കൊടുക്കുന്ന യേശുവിനെയും നാം കാണുന്നു. ശിഷ്യർക്കൊപ്പം അവസാനപെസഹാ ആചരിക്കുന്ന വേളയിലും, മറ്റു ചില അവസരങ്ങളിലും നാം കാണുന്ന ഒരു പ്രവൃത്തിയുടെ ഏതാണ്ടൊരു ആവർത്തനമാണ് ഇവിടെയും നാം കാണുന്നത്. “എടുത്ത് നൽകുന്നു”.
ഇന്നത്തെ തിരുവചനത്തിലൂടെ കടന്നുപോകുമ്പോൾ, ദൈവം നമുക്ക് കാണിച്ചുതരുന്ന, നമ്മുടെ ഹൃദയത്തിൽ കുറിച്ചിടേണ്ട, എപ്പോഴും ഓർത്തിരിക്കേണ്ട ചില സത്യങ്ങളുണ്ട്. ശിഷ്യന്മാരെപ്പോലെ, യേശുവിനെ ശ്രവിക്കുകയും, അവന്റെ പ്രവൃത്തിയുടെ ഫലങ്ങൾ അനുഭവിക്കുകയും ചെയ്‌തിട്ടും, ദൈവത്തിൽനിന്നും അകന്നുപോകുവാനുള്ള സാധ്യത നമ്മിലുമുണ്ട്. പത്രോസിന്റെ ജീവിതത്തിൽ, അവൻ യേശുവിനോട് എത്രമാത്രം ആത്മാർത്ഥത്തില്ലാത്തവനായിരുന്നു എന്ന് സുവിശേഷങ്ങൾ നമ്മോട് പറയുന്നുണ്ട്. ഒരു പരിചാരികയുടെ മുന്നിൽപ്പോലും യേശുവിനെ തള്ളിപ്പറഞ്ഞവനാണ് പത്രോസ്. എന്നാൽ യേശുവാകട്ടെ പത്രോസിന്റെ വീഴ്ചകളുടെ മുന്നിൽപ്പോലും അവനെ സ്നേഹിച്ചിരുന്നുവെന്ന്, അവനിൽ വിശ്വസിച്ചിരുന്നുവെന്ന് നാം കാണുന്നുണ്ട്. ഈ വചനങ്ങൾ നമ്മോട് പറയുന്നു: നമ്മുടെ അവിശ്വസ്‌തതയുടെ മുന്നിലും ദൈവം വിശ്വസ്‌തനാണ്. നാം ദൈവത്തെ സ്നേഹിക്കാത്തപ്പോഴും, നമുക്ക് പിന്നാലെ സ്നേഹത്തിന്റെ വിരുന്നുമൊരുക്കി അവൻ വരുന്നുണ്ട്.
വിശ്വാസവുമായിത്തന്നെ ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് അടുത്ത ഒരു ചിന്ത. പത്രോസല്ല, യേശു സ്നേഹിച്ചിരുന്ന ശിഷ്യനാണ്, അത് കർത്താവാണ് എന്ന് ഏറ്റുപറയുന്നത്. എന്നാൽ തിരികെ യേശുവിലേക്കെത്താൻ ആദ്യമേ പുറപ്പെടുന്നത് പത്രോസാണ്. പലപ്പോഴും വിശ്വാസജീവിതത്തിൽ നാമും ദൈവത്തെ അറിയുന്നുണ്ട്, നമ്മുടെയിടയിലുള്ള അവന്റെ സാന്നിധ്യത്തെ തിരിച്ചറിയുന്നുണ്ട്. ഒരുപക്ഷെ നാം മറ്റുള്ളവരോട് അവനെക്കുറിച്ച് പറയുന്നുമുണ്ട്. എന്നാൽ, അവന്റെ അരികിലേക്കെത്താൻ, അവന്റെ വിളിയോട് പ്രതികരിക്കാൻ, നാം എന്തുമാത്രം പരിശ്രമിക്കുന്നുണ്ട്?
തങ്ങളുടെ കൈക്കരുത്തിൽ മാത്രം വിശ്വസിച്ച്, യേശുവിൽനിന്നകന്ന്, തിരികെപ്പോകുന്ന ശിഷ്യന്മാരും, അവരെ തേടിയെത്തുന്ന യേശുവുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഒരു ചിന്ത. ജീവിതത്തിൽ ദൈവത്തെക്കൂടാതെ സ്വന്തം കരബലത്തിൽ വലയെറിയാൻ പുറപ്പെടുമ്പോൾ നാമും ഓർക്കേണ്ട ഒരു സത്യമിതാണ്: ഉത്ഥിതനായ ക്രിസ്തുവിന്റെ കൂടെയല്ലെങ്കിൽ, അവന്റെ വാക്കുകളും ഇഷ്ടവും അനുസരിച്ചല്ല നമ്മുടെ പ്രവൃത്തികളെങ്കിൽ നമ്മുടെ പ്രതിഫലം അർത്ഥശൂന്യമായിരിക്കും. എന്നാൽ ദൈവത്തിന്റെ വാക്കുകളനുസരിക്കുമ്പോൾ, ജീവിതത്തിൽ എല്ലാം ലഭ്യമാകും. ഉപേക്ഷിച്ചുപോയ ശിഷ്യന്മാർക്കെന്നതുപോലെ, അർഹിക്കാത്ത വിരുന്നുമായി നാഥൻ തീരത്ത് കാത്തിരിപ്പുണ്ട്.
അവിശ്വാസത്തിന്റെ, പാപത്തിന്റെ, ഉപേക്ഷയുടെ നഗ്നതയിൽ തുടരാതെ, ദൈവമക്കളുടെ പുറങ്കുപ്പായം എടുത്തണിഞ്ഞ്, തിരികെ ദൈവത്തിലേക്ക് വരാനുള്ള ഒരു വിളിയായി ഇന്നത്തെ സുവിശേഷത്തെ നമുക്ക് കാണാം. ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായ, തന്റെ സുഹൃത്തുക്കളായ നമ്മെത്തേടി യേശു ഇന്നും കാത്തിരിക്കുന്നു. യേശുവിന്റെ സ്വരം ശ്രവിക്കാനും, അവനെ തിരിച്ചറിയാനും, അവനെക്കുറിച്ചുള്ള ശക്തമായ ബോധ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും കടന്നുവരാനും, അവന്റെ തീക്ഷ്ണതയുള്ള സാക്ഷികളാകാനും, അവനായി നമ്മുടെ ജീവിതം നൽകാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: