തിരയുക

കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് പ്രവേശിക്കുന്ന യേശു കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് പ്രവേശിക്കുന്ന യേശു 

ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയപ്രവേശം

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം പന്ത്രണ്ട് മുതൽ പത്തൊൻപത് വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം John 12, 12-19 - ശബ്ദരേഖ

ഫാദർ ജേക്കബ് മാത്യു അരീക്കൽ, തിരുവല്ല

ദൈവത്തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ 

വിശുദ്ധവാരത്തിന്റെ ആരംഭം കുറിക്കുന്ന ഓശാനത്തിരുന്നാൽ പല പുണ്യഓർമ്മകളുടെയും പവിത്രമായ ഒരാചാരണമാണ്. കൈകളിൽ കുരുത്തോലകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹോസാനയെന്ന ഉറക്കെപ്പടുന്ന ദൈവമക്കൾ കഴിഞ്ഞകാലത്തെ ഒരു ചരിത്രസംഭവത്തെ പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതോടൊപ്പം മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യരൂപത്തിൽ ഇറങ്ങിവന്ന യേശു നമ്മുടെ ദൈവമാണെന്നും നമ്മുടെ വിമോചകനാണെന്നും വിളംബരം ചെയ്യുന്നു. അതിനിടയിലും തങ്ങളെ രക്ഷിക്കണമേ എന്ന് നിലവിളിച്ചു പ്രാർത്ഥിക്കുക കൂടി ചെയ്യുകയാണ്.

ഇന്ന് നാം പ്രാർത്ഥനയിൽ ഉടനീളം ഉച്ചരിച്ച വാക്കാണ് ഹോസാന. എന്താണ് ഇതിന്റെ അർത്ഥമെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ?

"ഹോസിയ" = രക്ഷിക്കൂ, "നാ" = ഞങ്ങൾ യാചിക്കുന്നു എന്നീ ഹീബ്രുവാക്കുകളിൽനിന്നാണ് ഹോസാന എന്ന വാക്കുണ്ടാകുന്നത്. സുറിയാനി ഭാഷയിലും, മലയാളത്തിലും അതിന് രൂപമാറ്റം വന്നാണ് ഓശാന എന്ന് ഉച്ചരിക്കുന്നത്.

പ്രവചനങ്ങളുടെ പൂർത്തീകരണമെന്ന നിലയിൽ പഴയനിയമ ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നസ്രത്തിലെ യേശു തന്റെ പരസ്യജീവിതത്തിന്റെ അവസാനആഴ്ചയിൽ നടത്തിയ രാജകീയമായ പട്ടണപ്രവവേഷണം നമുക്ക് പ്രസക്തമാകുന്നതും, വ്യക്തമാകുന്നതും.

ഈശോയുടെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനത്തെക്കുറിച്ച് ചരിത്രപരമായി ചിന്തിക്കുമ്പോൾ, ജെറുസലേമിന് ഈ രാജകീയപ്രവേശനം ഒരു പുതുമയുള്ള കാര്യമല്ല.

ദാവീദ് രാജാവ്, സോളമൻ തുടങ്ങിയവർ മുതൽ ഈശോ വരെ ഏകദേശം 1000 വർഷത്തോളം ചരിത്രത്തിൽ പല വ്യതിയാനങ്ങളും വരുത്തി രാഷ്ട്രീയപ്രൗഢി വിളിച്ചോതി കടന്നുപോയ നഗരമാണ് ജെറുസലേം.

ദൈവമാക്കാൻ ശ്രമിച്ച ആദ്യമനുഷ്യന്റെ അഹങ്കാരത്തിന്റെ അംശങ്ങൾ നാം ഇവിടെ കണ്ടുമുട്ടുന്നെങ്കിൽ, അതിന് വിരുദ്ധമായി ദൈവം മനുഷ്യനായി എളിമയിൽ സമാധാനം പ്രസംഗിച്ച് കയറിവരുന്ന യേശുവിനെ നാം ഇവിടെ പഴയനിയമത്തിൽ കണ്ടുമുട്ടുന്നു. ഇതാണ് ഇവിടുത്തെ രാജകീയപ്രവേശനത്തിന്റെ സവിശേഷതയും വ്യത്യസ്തതയും

ഭൗതിക രാജാക്കന്മാർ ദേവാലയത്തിൽ തന്നെ ബാധിക്കാത്ത തരത്തിൽ മറ്റ് മൃഗങ്ങളെ അർപ്പിച്ചെങ്കിൽ ഇവിടെ നാം കണ്ടുമുട്ടുന്നത് ഓശാന, ഞങ്ങളെ രക്ഷിക്കണമേ എന്ന നിലവിളിക്ക് സ്വയം ബലിയായി സകല മനുഷ്യർക്കും രക്ഷക്ക് സാധ്യത ഒരുക്കുന്ന ദൈവത്തെയാണ്.

ഓശാന എന്ന് വിളിച്ച് പ്രാർത്ഥിച്ച ജനത്തിന് അവിടുന്ന് തന്റെ ജീവിതത്തിലൂടെയും പീഡാസഹനത്തിലൂടെയും മരണത്തിലൂടെയും ഉദ്ധാനത്തിലൂടെയും രക്ഷ നേടി എടുത്ത് അത് ഇന്ന് അവിടുത്തെ ഭൗതികശരീരമായ സഭയിൽ സൂക്ഷിക്കുവാനും പകർന്നുകൊടുക്കുവാനും ഏല്പിച്ചിരിക്കുന്നു.

പക്ഷെ ഈ രക്ഷ സ്വന്തമാക്കണമെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

ഈശോയുടെ രാജകീയ പ്രവേശനം ഇന്ന് നടക്കുന്നത് സഭയിലെ അംഗങ്ങളായ നമ്മുടെ ജീവിതത്തിലേക്കാണ്, നമ്മുടെ ഭവനങ്ങളിലേക്കാണ്. അവിടുത്തെ സ്വീകരിക്കാൻ നമ്മുടെ പൂമുഖം മാത്രം വെടിപ്പാക്കിയാൽ പോര.

ഉദാഹരണം, വികാരിയച്ചൻ വീട്ടിലേക്ക് വരുമ്പോൾ, നമ്മുടെ വീട് നമ്മൾ വൃത്തിയാക്കാറുണ്ട്. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കും.

ജെറുസലേം ദേവാലയം യേശു മുൻകൈ എടുത്ത് ശുദ്ധീകരിച്ചെങ്കിൽ നമ്മുടെ ജീവിതവും ശരീരമാകുന്ന ദേവാലയവും ശുദ്ധിയാക്കാൻ അവിടുന്ന് നമുക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ഈ ഒരുക്കത്തിനനുസരണമായിരിക്കും നമ്മിലേക്കുള്ള അവിടുത്തെ രാജകീയ പ്രവേശനവും.

മേല്പറഞ്ഞ ഒരുക്കത്തിന് അസാധാരണമായി നാം ഒന്നും ചെയ്യേണ്ടതില്ല. യേശു സാധാരണ കാര്യങ്ങൾ വ്യത്യസ്ത മനോഭാവത്തിലൂടെ അസാധാരണമാക്കിയപോലെ, നമ്മുടെ ജീവിതത്തിലെ പ്രവർത്തനങ്ങളും ചിന്തകളും ഈശോയുടെ മനോഭാവത്തിൽ ചെയ്യുമ്പോൾ അത് അസാധാരണമാകും. ഇങ്ങനെയുള്ള ഒരു ജീവിതം അവിടുത്തേക്ക് സഞ്ചരിക്കുവാനുള്ള പുറം കുപ്പായങ്ങളായി മാറണം. അത് തന്നെയാണ് ഈ കുരുത്തോലകളുടെ അർത്ഥം. ഓശാനവിളികൾ ഹൃദയത്തിൽനിന്നുമുണ്ടാകുമ്പോഴാണ് എനിക്കുവേണ്ടി മറിക്കാൻ വരുന്നവന്റെ ഹൃദയത്തോട് ചേർത്ത് നിർത്താൻ സാധിക്കൂ. ഇത്തരത്തിൽ ഒരു ജീവിതവീക്ഷണത്തിലേക്ക് വളരാനും ജീവിതത്തെ അതിനനുസൃതമാക്കാനും ഈ ഓശാന തിരുനാളും ഈ ബലിയർപ്പണവും നമ്മുടെ ജീവിതത്തിന് വഴിത്തിരിവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഏപ്രിൽ 2022, 11:31