കൊളോസിയത്തിൽ കുരിശിൻറെ വഴി, കുരിശേന്തുന്നത് കുടുംബങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇക്കൊല്ലം ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ മാർപ്പാപ്പാ നയിക്കുന്ന സ്ലീവാപ്പാതയിൽ 14 സ്ഥലങ്ങളിൽ കുരിശു ചുമക്കാൻ പതിനാലു കുടുംബങ്ങൾ.
കോവിദ് 19 മഹാമാരിമൂലം ഉണ്ടായിരുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 2020, 2021 വർഷങ്ങളിൽ കൊളോസിയത്തിൽ നടത്താതിരുന്ന ദുഃഖവെള്ളിയാഴ്ചത്തെ കുരിശിൻറെ വഴി ഇക്കൊല്ലം ദുഖവെള്ളിയിൽ അവിടെ പുനരാരംഭിക്കുമ്പോൾ വവിധ വിഭാഗങ്ങളിലുള്ള കുടുംബങ്ങളാണ് കുരിശു വഹിക്കുക.
ഒന്നാം സ്ഥലത്ത് യുവ ദമ്പതികളും രണ്ടാം സ്ഥലത്ത് പ്രേഷിത ദൗത്യമുള്ള ഒരു കുടുംബവും ആയിരിക്കും കുരിശുവഹിക്കുക.
തുടർന്നുള്ള 12 സ്ഥലങ്ങളിൽ ഓരോന്നിലും, യഥാക്രമം, വൃദ്ധ ദമ്പതികൾ, 5 മക്കളടങ്ങിയ കുടുംബം, അംഗവൈകല്യമുള്ള ഒരു മകനടങ്ങിയ കുടുംബം, അഭയകേന്ദ്രം നടത്തുന്ന ഒരു കുടുംബം, രോഗത്തോടു മല്ലിടുന്ന ഒരു കുടുംബം, മുത്തശ്ശീമുത്തശ്ശന്മാരായ ദമ്പതികൾ, ദത്തെടുത്ത മക്കളടങ്ങിയ ഒരു കുടുംബം, മക്കളുള്ള വിധവ, ഒരു സമർപ്പിതനുള്ള കുടുംബം, പുതനഷ്ടം അനുഭവിക്കുന്ന ഒരു കുടുംബം, ഉക്രൈയിനിലെയും റഷ്യയിലെയും ഓരോ കുടുംബം, കുടിയേറ്റക്കാരുടെ ഒരു കുടുംബം എന്നിങ്ങനെ വിവിധങ്ങളായ അവസ്ഥകൾ ജീവിക്കുന്ന കുടുംബങ്ങളാണ് കുരിശേന്തുക.
“അമോരിസ് ലെത്തീസിയ” (Amoris laetitia) അഥവാ, സ്നേഹത്തിൻറെ ആനന്ദം എന്ന സിനഡാനന്തര അപ്പൊസ്തോലികോപദേശത്തിൻറെ പേരിലുള്ള കുടുംബവത്സര പശ്ചാത്തലത്തിൽ പാപ്പാ, ഇക്കൊല്ലത്തെ കുരിശിൻറെ വഴിയുടെ ധ്യാന ചിന്തകൾ തയ്യാറാക്കാൻ ഏല്പിച്ചത്, സന്നദ്ധസേവന പ്രവർത്തന കത്തോലിക്കാസംഘടനകളിലൊ സമൂഹങ്ങളിലൊ ഉൾപ്പെട്ട കുടുംബങ്ങളെയാണ്.
ഈ ധ്യാനങ്ങളുടെ വിഷയാനുസൃതമായിട്ടാണ് ഒരോ വിഭാഗത്തിലും പെട്ട കുടുംബത്തെ കുരിശുവഹിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്.
“അമോരിസ് ലെത്തീസിയ” കുടുംവത്സര പശ്ചാത്തലത്തിലാണ് പാപ്പാ കുരിശിൻറെ വഴിയിലും കുടുംബങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: