വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കത്തോലിക്കാസഭയിലെ മൊത്തമുള്ള 211 കർദ്ദിനാൾമാരിൽ, മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളവർ 118 ആയി കുറഞ്ഞു. വോട്ടവകാശമില്ലാത്ത കർദ്ദിനാൾമാരുടെ എണ്ണം 93 ആണ്. കർദ്ദിനാൾ ഗ്വൽത്തിയെരോ ബസ്സെത്തിക്ക് ഏപ്രിൽ ഏഴിന് 80 വയസ്സ് തികഞ്ഞതിനെത്തുടർന്നാണ് വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണത്തിൽ കുറവുണ്ടായത്.
1973-ൽ പോൾ ആറാമൻ പാപ്പായുടെ തീരുമാനപ്രകാരം കത്തോലിക്കാസഭയിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ എണ്ണം 120 ആണ്. എങ്കിലും ഈ സംഖ്യയിൽ പലപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. പിന്നീട് വന്ന പാപ്പാമാരും പോൾ ആറാമൻ പാപ്പായുടെ തീരുമാനം സ്ഥിരീകരിച്ചിരുന്നു.
ഭാരതത്തിൽനിന്ന് നിലവിൽ നാല് കർദ്ദിനാൾമാരാണുള്ളത്. റാഞ്ചി അതിരൂപത മുൻഅധ്യക്ഷനായിരുന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോ, ബോംബെ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭയുടെ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമീസ് തോട്ടുങ്കൽ എന്നിവരാണ് ഇവർ. ഇതിൽ 82 വയസ്സ് കഴിഞ്ഞ കർദ്ദിനാൾ ടോപ്പോ ഒഴികെ മറ്റ് മൂന്ന് പേർക്കാണ് വോട്ടവകാശമുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: