ഉക്രയിൻ: രണ്ട് കാരിത്താസ് പ്രവർത്തകരെ റഷ്യൻ സൈന്യം ബലം പ്രയോഗിച്ച് കൊണ്ടുപോയി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തെക്കുകിഴക്കൻ ഉക്രയിനിലെ മാര്യൂപോളിലുള്ള കാരിത്താസ് ഓഫിസിൽനിന്ന് രണ്ടു കാരിത്താസ് പ്രവർത്തകരെ റഷ്യൻ സൈന്യം ബലമായി റഷ്യയിലേക്ക് കൊണ്ടുപോയതായി മാര്യൂപോളിലെ കാരിത്താസ് ഡയറക്ടർ ഫാദർ റോസ്‌തിസ്ലാവ് സ്പ്രിന്യൂക്ക് പറഞ്ഞു. TV2000 എന്ന ടെലിവിഷൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ, ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, റഷ്യ ഇതിനെ സ്വമേധയാ ഉള്ള ഒഴിപ്പിക്കൽ എന്ന് വിളിക്കുന്നു എങ്കിലും, യന്ത്രത്തോക്കുകളുടെ ഭീഷണിക്ക് മുന്നിൽ ആളുകൾ നീക്കപ്പെടുന്നതിനെ സ്വമേധയാ എടുക്കുന്ന തീരുമാനം എന്ന് വിളിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 13 ന് സംപ്രേക്ഷണം ചെയ്യപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ, രണ്ട് കാരിത്താസ് പ്രവർത്തകർ ഉൾപ്പെടെ ഏഴുപേർ, മാര്യൂപോളിലുള്ള തങ്ങളുടെ ഓഫിസിൽ വച്ച് മുൻപ് കൊല്ലപ്പെട്ടിരുന്നു എന്നും കാരിത്താസ് ഡയറക്ടർ വ്യക്തമാക്കി. റഷ്യൻ ടാങ്കറുകളുടെ പ്രഹരത്തിൽനിന്ന് രക്ഷനേടാനായി തങ്ങളുടെ കുടുംബങ്ങൾക്കൊപ്പം കാരിത്താസിന്റെ ഓഫിസിൽ അഭയം തേടിയ പ്രവർത്തകരായിരുന്നു കൊല്ലപ്പെട്ട പ്രവർത്തകർ.
ഇപ്പോൾ റഷ്യയിലേക്ക് ബലമായി സൈന്യം കൊണ്ടുപോയ രണ്ടു പേരും കാരിത്താസ് സെന്ററിലെതന്നെ മറ്റൊരു കെട്ടിടത്തിലായിരുന്നു എന്നും, ഒരു നടയുടെ കീഴിൽ അഭയം തേടിയതിനാലാണ് അവർ രക്ഷപെട്ടതെന്നും ഫാദർ സ്പ്രിന്യൂക്ക് വ്യക്തമാക്കി. ഇപ്പോൾ റഷ്യയിലുള്ള ഇരുവരുടെയും സുരക്ഷയെക്കരുത്തി, ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് കാരിത്താസ് ഡയറക്ടർ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: