തിരയുക

കർദ്ദിനാൾ തിമോത്തി മൈക്കിൾ ഡോളൻ കർദ്ദിനാൾ തിമോത്തി മൈക്കിൾ ഡോളൻ  

ഉക്രൈൻ അഭയാർത്ഥികൾക്ക് പിന്തുണയുമായി കർദ്ദിനാൾ ഡോളൻ

ന്യൂയോർക്ക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ തിമോത്തി മൈക്കിൾ ഡോളൻ ഉക്രൈൻ അഭയാർത്ഥികളെ സന്ദർശിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ദിവസം വത്തിക്കാൻ ന്യൂസുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തിൽ, ഉക്രൈൻ അതിർത്തിപ്രദേശങ്ങളിലുള്ള അഭയാർത്ഥികളെ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചും, ആ ഉക്രൈൻ യുദ്ധത്തെക്കുറിച്ചും, ന്യൂയോർക്ക് അതിരൂപതാ മെത്രാപ്പോലീത്താ സംസാരിച്ചു. കോവിഡ് പത്തൊൻപത് മൂലമുള്ള യാത്രാവിലക്കുകൾ കാരണം, ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് കർദ്ദിനാൾ ഡോളൻ റോമിലെത്തിയത്.

തന്റെ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി, കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷന്റെ (CNEWA) ചെയർമാൻ എന്ന നിലയിൽ, പോളണ്ട്, സ്ലോവാക്കിയ, ഹംഗറി മുതലായ രാജ്യങ്ങൾ സന്ദർശിക്കുവാനാണ് താൻ യാത്ര തിരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. സാധിക്കുമെങ്കിൽ ഉക്രൈൻ അതിർത്തിക്കപ്പുറവും കടക്കണമെന്ന തന്റെ ആഗ്രഹവും കർദ്ദിനാൾ വെളിവാക്കി. മധ്യപൂർവദേശങ്ങൾ, ഇന്ത്യ, ഉക്രൈൻ, മധ്യകിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ പൗരസ്ത്യസഭകളുടെ സാന്നിധ്യം എടുത്തുപറഞ്ഞ ന്യൂയോർക്ക് മെത്രാപ്പോലീത്താ, മതപീഡനം അനുഭവിക്കുന്ന ഇടങ്ങളിലുള്ള പൗരസ്ത്യസഭകൾക്ക് സഹായമാകാനായി പതിനൊന്നാം പിയൂസ് പാപ്പായാണ് കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷൻ സ്ഥാപിച്ചത് എന്ന് വിശദീകരിച്ചു. അങ്ങനെയുള്ള സഭകൾക്ക് സഹായത്തിനു പുറമെ, അവർക്ക് തങ്ങളുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും ഉറപ്പുനൽകാനുമാണ് തന്റെ യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് അഭയാർത്ഥികളെ സ്വീകരിച്ച പോളണ്ടിലേക്കും, അതുപോലെ തന്നെ നിരവധി അഭയാർത്ഥികളെ സ്വീകരിച്ച ഹംഗറിയിലേക്കും സ്ലോവാക്കിയിലേക്കും യാത്ര ചെയ്യുമെന്നറിയിച്ച അദ്ദേഹം, ആ രാജ്യങ്ങളുടെ പ്രവർത്തനത്തെ വീരോചിതമെന്ന് വിശേഷിപ്പിച്ചു.

ന്യൂയോർക്ക് അതിരൂപതയും അഭയാർത്ഥികൾക്ക് വേണ്ടി തയ്യാറെടുക്കുകയാണെന്ന് പറഞ്ഞ അതിരൂപതാധ്യക്ഷൻ, തങ്ങളുടെ കത്തോലിക്കാ കാരുണ്യപ്രവർത്തങ്ങൾക്ക് കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കുന്നതിൽ വലിയ ഒരു ചരിത്രമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഉക്രൈൻ അഭയാർത്ഥികളെക്കുറിച്ച് സംസാരിക്കവെ, അവർ കഴിയുന്നതും വേഗം തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണെന്ന് പറഞ്ഞു. എന്നാൽ, യുദ്ധം കൂടുതൽ നീണ്ടുനിൽക്കുന്നിടത്തോളം കാലം, തങ്ങളുടെ രാജ്യം പുനർനിർമ്മിക്കുന്നതുവരെ മറ്റിടങ്ങളിൽ നിൽക്കാൻ അവർ നിർബന്ധിതരാകുന്നു എന്ന് കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ള പ്രശ്നങ്ങളുടെയും, അക്രമങ്ങളുടെയും ഇടയിൽ, അവരുടെ ചെറുത്തുനിൽപ്പും, പ്രത്യാശയും, നിശ്ചയദാരിദ്യ്രവും നേരിൽ കാണുമെന്ന് പറഞ്ഞു. ഇപ്പോളത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞ അദ്ദേഹം, ദുഃഖവെള്ളിയാഴ്ചയിലെ അന്ധകാരവും, ഭൂമികുലുക്കവും പോലെയാണ് ഇതെന്നും, എന്നാൽ ഇതിനുശേഷം ഉയിർപ്പ് വരുമെന്ന് നമുക്കറിയാമെന്ന് ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പാ സമാധാനത്തിനുവേണ്ടി നടത്തിയ അഭ്യർത്ഥനയെക്കുറിച്ച് സംസാരിക്കവെ, അമേരിക്കൻ ഐക്യനാടുകളിൽ അതിന് വലിയൊരു മൂല്യമാണുള്ളതെന്ന് കർദ്ദിനാൾ ഡോളൻ പറഞ്ഞു. പാപ്പായുടെ ധാർമ്മികസ്വരം ശക്തവും ഫലപ്രദവുമായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോൾ നടക്കുന്ന യുദ്ധം ഒരു ധാർമ്മികപ്രശ്നമാണെന്ന് ലോകത്തിന് മനസ്സിലാക്കാൻ പാപ്പായുടെ സ്വരം സഹായിച്ചുവെന്നും, ഈ യുദ്ധം ദുർബലരായ ആളുകളെ അടിച്ചമർത്തൽ, അധികാര ദുർവിനിയോഗം, പ്രകോപനരഹിതവും നിയമവിരുദ്ധവുമായ അക്രമത്തിന്റെയും സൈനിക ശക്തിയുടെയും ഉപയോഗം എന്നിവയാണെന്നും  അഭിപ്രായപ്പെട്ടു.

ഉക്രൈന്റെ സംസ്കാരത്തിന്റെ ചില അംശങ്ങൾ റഷ്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി പങ്കിടുന്നുണ്ടെങ്കിലും, ആ രാജ്യം സ്വതന്ത്രവും, സ്വയം ഭരണാധികാരവും, ചരിത്രപരവുമായ ഒന്നാണെന്നും, അതിന്റെ സംസ്കാരത്തെ മറ്റൊരു സംസ്കാരത്തിനും ചവിട്ടിമെതിക്കാനോ, തകർക്കാനോ, സ്വന്തമാക്കി മാറ്റാനോ കഴിയില്ലെന്ന് പറഞ്ഞു.

ഉക്രൈന് ഇത്രയും മതപരമായ വിശ്വാസമുണ്ടെന്ന് പലർക്കും അറിയില്ലായിരുന്നെന്ന്, അക്രമങ്ങളിൽ തകർന്ന വീടുകളിൽ പലപ്പോഴും കാണുന്ന പരിശുദ്ധ അമ്മയുടെ ചിത്രങ്ങളും, കുരിശുരൂപങ്ങളും അനുസ്മരിച്ചുകൊണ്ട് കർദ്ദിനാൾ വ്യക്തമാക്കി. പല ദൃശ്യങ്ങളിലും, ദേവാലയങ്ങളും പുരോഹിതരെയും കാണുവാൻ സാധിക്കും. ഒപ്പം റഷ്യയിലെ ഓർത്തഡോക്സ് സഭയുടെ ചരിത്രപരമായുള്ള ശക്തിയും പലർക്കും മനസ്സിലായതും ഇപ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാർത്ഥനയുടെ ആത്മീയ മൂല്യവും വിശ്വാസവും പ്രത്യാശയും ആളുകളെ എങ്ങനെ ഈ പ്രശ്നങ്ങൾക്കിടയിലും മുന്നോട്ട് പോകുവാൻ സഹായിക്കുന്നു എന്നും മനസ്സിലാക്കാൻ പാപ്പാ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചും, ഇപ്പോഴത്തെ യുദ്ധം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ചും സംസാരിക്കവെ, ഇക്കാര്യങ്ങളിൽ താനും ഭയക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്രയും വിസ്തൃതിയുള്ള റഷ്യ ഇനിയും എന്തിനാണ് ഇനിയും മറ്റ് പ്രദേശങ്ങൾ ആഗ്രഹിക്കുന്നത് തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ അമേരിക്കൻ കർദ്ദിനാൾ, ബെർലിൻ ഭിത്തിയുടെ 1989-ലെ വീഴ്ചയും, സോവിയറ്റ് യൂണിയന്റെ തകർച്ചയും, സമാധാനത്തിന്റെ ഒരു കാലഘട്ടം വന്നു എന്ന തോന്നലാണ് എല്ലാവരിലും ഉണ്ടാക്കിയതെന്ന് പറഞ്ഞു. എന്നാൽ ഇനിയും പച്ചയായ തിന്മ നിലനിൽക്കുന്നു എന്നാണ് ഇപ്പോൾ ലോകത്തിന് മനസ്സിലാകുന്നതെന്ന് അഭിപ്രായപ്പെട്ടു. പുടിനും അദ്ദേഹത്തിന്റെ ജനറൽമാർക്കുമൊഴികെ മറ്റുള്ളവർക്ക് ഇക്കാര്യം വ്യക്തമാണെന്ന് പറഞ്ഞ കർദ്ദിനാൾ, അമേരിക്കയുടെ ചരിത്രത്തിലും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും, ചരിത്രത്തിൽനിന്നും പാഠം ഉൾക്കൊണ്ട് തിന്മയുടെ സാന്നിധ്യം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് നാം മനസ്സിലാക്കണമെന്ന് ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ പറഞ്ഞത് പോലെ, ദൈവനിയമത്തിലേക്കും നന്മതിന്മകളെ തിരിച്ചറിയുന്നതിലേക്കും, വിശുദ്ധഗ്രന്ഥമൂല്യങ്ങളിലേക്കും നാം തിരികെപ്പോകുന്നില്ലെങ്കിൽ, ഇപ്പോഴത്തെ തിന്മ നമ്മെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുമെന്നും കർദ്ദിനാൾ ഡോളൻ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 April 2022, 22:18