തിരയുക

കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കൊ, ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കൊ, ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് 

ഉത്ഥാനം: ദൈവത്തിന് നരകുലത്തോടുള്ള സ്നേഹത്തിൻറെ ആവിഷ്ക്കാരം!

സഭയും വിശ്വാസികളും എന്ന നിലയിൽ നാം സുവിശേഷ വെളിച്ചം പ്രതിഫലിപ്പിക്കുകയും മാനവ സാഹോദര്യവും ഔന്നത്യവും പരസ്പരാദരവും വളർത്തുകയും ചെയ്യാൻ പരിശ്രമിക്കണം, ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കൊ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്ഥിതനായ ക്രിസ്തുവിൻറെ പ്രബോധനങ്ങൾ നാം പാലിക്കുകയാണെങ്കിൽ അതു നരകുലത്തിന് ഉജ്ജ്വലമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പ്രദാനം ചെയ്യുമെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കൊ.

ഇക്കൊല്ലത്തെ (2022) ഉയിർപ്പുതിരുന്നാൾ സന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ ബോധ്യമുള്ളത്.

പരസ്പരം സ്നേഹിക്കാനും ശത്രുവിനെ സ്നേഹിക്കാനുമുള്ള ക്രിസ്തുവിൻറെ പ്രബോധനത്തെയും സഹോദര്യത്തിൻറെയും സമാധാനത്തിൻറെയും പരസ്പരാദരവിൻറെയും പൊതുനന്മയുടെയും മൂല്യത്തെയും സംബന്ധിച്ച നമ്മുടെ പ്രതികരണം എന്താണെന്ന് ചോദിക്കുന്ന പാത്രിയാർക്കീസ് കർദ്ദിനാൾ സാക്കൊ നാം നമ്മുടെ സമൂഹത്തിൻറെ ക്രീസ്തീയ ആദ്ധ്യാത്മികത ശുഷ്ക്കമാക്കിത്തീർക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു.

സഭയും വിശ്വാസികളും എന്ന നിലയിൽ നാം സുവിശേഷ വെളിച്ചം പ്രതിഫലിപ്പിക്കുകയും മാനവ സാഹോദര്യവും ഔന്നത്യവും പരസ്പരാദരവും വളർത്തുകയും ചെയ്യാൻ പരിശ്രമിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഉയിർപ്പുതിരുന്നാൾ ആഘോഷം മറ്റേതൊരു നിമിഷത്തെക്കാളും നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവത്തിന് നരകുലത്തോടുള്ള സ്നേഹമാണെന്ന് പാത്രിയാർക്കീസ് സാക്കൊ പറയുന്നു.

ഉത്ഥിതൻ കല്പനകളും അവിടത്തെ പ്രബോധനങ്ങളും നാം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന പക്ഷം ക്രിസ്തുവിൻറെ പുനരുത്ഥാനം നമ്മുടെ രക്ഷയായി ഭവിക്കും എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2022, 12:08