ആഗോള സഭയ്ക്ക് ഇറ്റലി സ്വദേശികളായ രണ്ടു വാഴ്ത്തപ്പെട്ടവർ കൂടി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലിക്കാരായ രണ്ടു ദൈവദാസർ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
പരിത്യക്തരും ദരിദ്രരരുമായ കുട്ടികൾക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിൻറെ സ്ഥാപകയും ഇറ്റലിയിലെ തിരുഹൃദയ കത്തോലിക്കാ സർവ്വകലാശല, കർത്താവായ യേശുക്രിസ്തുവിൻറെ രാജത്വത്തിൻറെ പ്രേഷിതകൾ, കർത്താവായ യേശുക്രിസ്തുവിൻറെ രാജത്വത്തിൻറെ സമിതി എന്നിവയുടെ സഹസ്ഥാപകയുമായ ദൈവദാസി അർമീദ ബരേല്ലി (,Armida Barelli) അംബ്രോസ്യൻ വൈദികനായ ദൈവദാസൻ മാരിയൊ ചീചെരി (Mario Ciceri) എന്നിവരാണ് ശനിയാഴ്ച (30/04/22) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔപചാരികമായി ചേർക്കപ്പെട്ടത്.
മിലാനിലെ കത്തീദ്രൽ ദേവാലയത്തിൽ വച്ച് ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Card.Marcello Semeraro) ആണ് ഇരുവരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
നവവാഴ്ത്തപ്പെട്ടവരിൽ അർമീദ ബരേല്ലി മിലാനിൽ 1882 ഡിസമ്പർ 1-ന് ജനിച്ചു. അറുപത്തിയേഴാമത്തെ വയസ്സിൽ രോഗബാധിതയായ നവവാഴ്ത്തപ്പെട്ടവൾ 1952 ആഗസ്റ്റ് 15-ന് മരണമടഞ്ഞു.
വാഴ്ത്തപ്പെട്ട വൈദികൻ മാരിയൊ ചേരിയും മിലാനിലാണ് ജനിച്ചത്. 1900 സെപ്റ്റംബർ 8-ന് ഒരു കർഷക കുടുംബത്തിലെ ആറു മക്കളിൽ നാലാമനായി പിറന്ന അദ്ദേഹം പ്രായപൂർത്തിയായപ്പോൾ അംബ്രോസ്യൻ സഭയിൽ ചേരുകയും 1924 ജൂണിൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
യുവജനശിക്ഷണത്തിലും രോഗികളും പാവപ്പെട്ടവരുമായർക്ക് സാന്ത്വനം പകരുന്നതിലും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്ന വൈദികൻ ചീചെരി കുമ്പസാര ശുശ്രൂഷയ്ക്കായി സൈക്കിളിൽ പോകവെ ഒരുതരം കുതിരവണ്ടിയിടിക്കുകയും കരളിന് മാരകമായ മുറിവേലക്കുകയും രണ്ടു മാസത്തെ യാതനകൾക്കു ശേഷം 1945 ഏപ്രിൽ 4-ന്, 44-ാമത്തെ വയസ്സിൽ മരണമടയുകയും ചെയ്തു.
രണ്ടു നവവാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധിയുടെ കഥയിൽ പരിശുദ്ധാരൂപിയുടെ ശക്തി സദാ ആവിഷ്കൃതമാണെന്ന് വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മ വേളയിൽ വചന സന്ദേശം നല്കവെ കർദ്ദിനാൾ മർചെല്ലൊ സെമെറാറൊ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: