83 വയസ്സുകാരിയായ അമേരിക്കൻ സന്യാസിനിയെ വടക്കൻ ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടുപോയി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വടക്കൻ ബുർക്കിന ഫാസോയിലെ യാൽഗോയിലെ ഒരു ഇടവകയിലുള്ള മഠത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കയിൽ നിന്നുള്ള സി.സുഎല്ലെൻ ടെന്നിസൺ അവിടെ മിഷനറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
വിശുദ്ധ കുരിശിന്റെ മരിയാനൈറ്റ്സ് സഭയിലെ 83 കാരിയായ സന്യാസിനിയെ ഏപ്രിൽ 4 നും 5 നും ഇടയിലെ രാത്രിയിൽ ആയുധധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടു പോകുകയും, മറ്റ് രണ്ട് അംഗങ്ങൾക്കൊപ്പം അവർ താമസിച്ചിരുന്ന മഠം നശിപ്പിക്കുകയും ചെയ്തുവെന്ന് കായാ രൂപത മെത്രാൻ തിയോഫിലി നാരെ പറഞ്ഞു.
സിസ്റ്ററിന് വേണ്ടിയുള്ള തിരച്ചിൽ വിജയിക്കുന്നതുവരെ സി. സുഎല്ലെൻ ടെന്നിസണിന്റെ മോചനത്തിനായി തങ്ങൾ പ്രാർത്ഥനയിൽ ഐക്യപ്പെട്ടിരിക്കുമെന്ന് ” ബിഷപ്പ് നരെ പറഞ്ഞു.
ന്യൂ ഓർലിയൻസ് സ്വദേശിയായ സിസ്റ്റർ ടെന്നിസൺ 2014 മുതൽ ബുർക്കിനാ ഫാസോയിൽ സ്ഥിരതാമസമാക്കിയിരുന്നു. യാൽഗോയിൽ, അജപാലക ശുശ്രൂഷകയായി സേവനമനുഷ്ഠിക്കുകയും ഇടവകയുടെ കീഴിലുള്ള ക്ലിനിക്കിൽ ജോലി ചെയ്ത് ആളുകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
സി. ടെന്നിസന്റെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടിയുള്ള പ്രാർത്ഥനകൾ
മരിയാനൈറ്റ് സഭാ മേലധ്യക്ഷ സി. ആൻ ലാക്കോർ താനും മറ്റ് മരിയാനികളും "സിസ്റ്റർ സുഎല്ലെന്റെ സുരക്ഷയ്ക്കും തടവിൽ നിന്നുള്ള മോചനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു" എന്ന് ന്യൂ ഓർലിയൻസ് അതിരൂപതയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
"ഈ സംഘത്തിന്റെ പ്രവർത്തിയാൽ വേദനിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് നശീകരണത്തിനും തട്ടിക്കൊണ്ടുപോകലിനും സാക്ഷ്യം വഹിച്ച തങ്ങളുടെ സഹോദരിമാർക്കും വേണ്ടി" പ്രാർത്ഥിക്കുന്നതായും സിസ്റ്ററിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയുമ്പോൾ തങ്ങളെ അറിയിക്കാൻ സർക്കാർ നേതാക്കളുമായി സഭ ബന്ധപ്പെടുന്നുണ്ടെന്നും സി. ലാക്കോർ അറിയിച്ചു. രാത്രിയിൽ സഹോദരിമാർ ഉറങ്ങിക്കിടക്കുമ്പോഴാണ് പത്തോളം പേരടങ്ങുന്ന സംഘം കോൺവെന്റിന് നേരെ ആക്രമണം നടത്തിയതെന്ന് കോൺവെന്റിലെ തട്ടിക്കൊണ്ടുപോകാത്ത മറ്റ് രണ്ട് മരിയാനികൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ബുർക്കിന ഫാസോ
രാജ്യത്തിന്റെ രാഷ്ട്രീയ പ്രതിസന്ധികളും തീവ്രവാദ ഗ്രൂപ്പുകളുടെ ഉയർന്നു വരവും മൂലം ഏകദേശം 21 ദശലക്ഷം ജനസംഖ്യയുള്ള ബുർക്കിന ഫാസോ സമീപകാലത്ത് വെല്ലുവിളികൾ നേരിടുന്നു. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളുടെ റിപ്പോർട്ടുകളും നിരവധിയാണ്.
രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന യാൽഗോ, നവംബറിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ 70 ഓളം പേർ കൊല്ലപ്പെട്ട സൗം പ്രവിശ്യയ്ക്ക് സമീപമാണ്. 2022 ജനുവരിയിൽ, പശ്ചിമാഫ്രിക്കൻ രാജ്യത്ത് രൂക്ഷമായ സുരക്ഷാ പ്രതിസന്ധികൾക്കിടയിൽ ഒരു സൈനിക അട്ടിമറിയിലൂടെയാണ് പ്രസിഡന്റ് റോച്ച് മാർക്ക് ക്രിസ്റ്റ്യന്റെ സർക്കാരിനെ പുറം തള്ളിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: