ഉക്രയിൻ ജനതയ്ക്ക് ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ സഹായം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധവേദിയായ ഉക്രയിനു വേണ്ടി ഒരു ലക്ഷം യൂറോ, 84 ലക്ഷത്തിൽപ്പരം രൂപ, ഇറ്റലിയിലെ കാരിത്താസ് സംഘടന സംഭാവന ചെയ്യും.
ഈ കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ വൈദികൻ മാർക്കൊ പജിനേല്ലൊ ആണ് ഇത് വെളിപ്പെടുത്തിയത്.
നമ്മുടെ സമൂഹങ്ങളിൽ സമൃദ്ധമായ ഐക്യദാർഢ്യഫലങ്ങൾ സമാധാനത്തിലേക്കു നയിക്കുന്ന അമൂല്യ അവസരങ്ങളാണെന്നു മാത്രമല്ല പിന്തുണയുടെയും സാമീപ്യത്തിൻറെയും മൂർത്തമായ പ്രവർത്തികൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കാരിത്താസ് സംഘടന റഷ്യയോട് ആവശ്യപ്പെടുന്നു.
പ്രാർത്ഥനയുടെ ഐക്യത്തിൽ ഉക്രയിൻ ജനതയുടെ ചാരെ ഉണ്ടെന്നും കാരിത്താസ് സംഘടന ഉറപ്പുനല്കുന്നു.
ഉക്രയിനിൽ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിന് കാരിത്താസ് സംഘടന പൗരാധികാരികളും പ്രാദേശിക സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
ഇറ്റലിയിൽ മാർച്ച് ഒമ്പതാം തീയതി ബുധനാഴ്ച (09/03/22) വരെ എത്തിച്ചേർന്നിട്ടുള്ള ഉക്രയിൻകാരായ അഭയാർത്ഥികളുടെ സംഖ്യ, ഔദ്യോഗിക കണക്കനുസരിച്ച്, 24000 കവിഞ്ഞു. ഇവരിൽ പതിനായിത്തോളവും കുട്ടികളാണ്.
റഷ്യയുടെ അധിനിവേശ സൈനിക പോരാട്ടം മൂന്നാം വാരത്തിലേക്കു കടക്കുമ്പോൾ, വിവിധ രാജ്യങ്ങളിൽ അഭയം തേടിയിട്ടുള്ള ഉക്രയിൻ പൗരന്മാരുടെ എണ്ണം, ഇതുവരെ, ഇരുപത് ലക്ഷം ആയിട്ടുണ്ടെന്നും ഇവരിൽ പകുതിയും കുഞ്ഞുങ്ങളാണെന്നും കണക്കാക്കപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: