രക്ഷ നേടിയ സക്കേവൂസ്
ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, കോട്ടയം അതിരൂപത
ഈശോമിശിഹായാൽ ഏറെ സ്നേഹിക്കപ്പെടുന്നവരെ,
ദൈവപുത്രനെ കണ്ടുമുട്ടണമെന്ന സക്കേവൂസിന്റെ ആഗ്രഹവും അതിനായി നടത്തിയ പരിശ്രമങ്ങളും, ഈശോയുടെ മുമ്പാകെ നടത്തിയ ഏറ്റുപറച്ചിലുകളും, തന്റെ പക്കൽ കുമിഞ്ഞുകൂടിയ പണം നാലിരട്ടിയായി അർഹരായവർക്ക് തിരികെ നൽകിയതും സക്കേവൂസ് എന്ന കള്ളനെ എത്തിച്ചിരിക്കുന്നത് ബൈബിളിന്റെ ഏടിൽ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിൽക്കൂടിയാണ്. "മനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" (മത്തായി: 3,2) എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആഗതമായ നോമ്പുകാലം മനോഭാവങ്ങളിലും കാഴ്ചപ്പാടുകളിലും നിരന്തരം കാത്തുസൂക്ഷിക്കേണ്ട ക്രിസ്തീയദർശനങ്ങളെയും വീക്ഷണങ്ങളെയും നമ്മുടെ ശ്രദ്ധയ്ക്ക് വിഷയമാക്കുകയാണ്. നോമ്പുകാലം എറ്റം ഫലപ്രദമാക്കാൻ നൂറ്റാണ്ടുകളായി തിരുസഭ നിർദ്ദേശിക്കുന്ന മൂന്ന് കാര്യങ്ങളാണല്ലോ പ്രാർത്ഥന, ഉപവാസം,ദാനധർമ്മം. ഇവ മൂന്നും നമ്മുടെ ഉള്ളിൽനിന്നാണ് പുറപ്പെടേണ്ടത്. ഇത്തരത്തിൽ പ്രാർത്ഥനയോടെ ഈശോയെ ആഗ്രഹിച്ചും,തന്റെ ഭവനത്തിൽ ആയിരുന്നുകൊണ്ട് ഈശോയോട് ചേർന്ന് വസിച്ചും, തനിക്കുള്ളതെല്ലാം കൊടുക്കേണ്ടവർക്ക് കൊടുത്തും, തന്നെ സമീപിച്ചിരിക്കുന്ന സ്വർഗ്ഗരാജ്യത്തിനായി മാനസാന്തരപ്പെടുന്ന സക്കേവൂസാണ് സുവിശേഷം ഇന്ന് നമുക്ക് നൽകുന്ന ചൂണ്ടുപലക.
പ്രശസ്ത വ്യവസായി റിച്ചാർഡ് ബ്രാൻസൺ പറയുന്നു: "പണമാണ് ഓരോ സംരംഭകന്റെയും വിജയത്തിന്റെ മാനദണ്ഡമെന്നത് ഒരു പൊതു തെറ്റിദ്ധാരണയാണെന്ന്". സമ്പന്നനാകാൻ പണം അന്വേഷിക്കുന്നവരും ദാരിദ്ര്യം മാറ്റാൻ പണം അന്വേഷിക്കുന്നവരും ജീവിക്കുന്ന ഈ ലോകത്തിലായിരുന്നുകൊണ്ടാണ് നാം സക്കേവൂസിന്റെ ജീവിതം പഠിക്കുന്നത്. ക്രിസ്‌തുവിനേക്കാൾ മൂല്യം ദ്രവ്യത്തിനായി കല്പിക്കുമ്പോൾ നാം ദൈവത്തിൽനിന്ന് അകലുകയും മനുഷ്യരാൽ വെറുക്കപ്പെടുകയും ചെയ്യുമെന്ന് സക്കേവൂസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണ്. പണത്തേക്കാൾ മൂല്യം മറ്റു പലതിനുമുണ്ട് എന്ന തിരിച്ചറിവാണ് സക്കേവൂസിനെ ക്രിസ്തുവിലേക്ക് അടുപ്പിച്ചത്.
ഒരു ക്രിസ്ത്യാനിക്ക് പണത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ കാഴ്ചപ്പാടുകളെ മൂന്ന് തരത്തിൽ നമുക്ക് മനസ്സിലാക്കാം.
ഒന്നാമതായി ഒരു ക്രിസ്ത്യാനിക്ക് പണത്തെക്കുറിച്ച് വ്യഗ്രതയല്ല ഉണ്ടാകേണ്ടത്, ജാഗ്രതയാണ്. അബ്രാഹത്തിനുണ്ടായിരുന്ന ഈ മനോഭാവം ഉൽപ്പത്തിപുസ്തകം 13, 1-13 വരെയുള്ള വാക്യങ്ങളിൽ കാണുന്നുണ്ട്. അബ്രാമും ലോത്തും തമ്മിൽ തങ്ങളുടെ സമ്പത്തുമായി അധിവസിക്കാൻപോകുന്ന സ്ഥലത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെ വർത്തിക്കുകയും സഹോദരനായ ലോത്തിന് സ്ഥലം ഏറ്റെടുക്കാൻ പൂർണ്ണസ്വാതന്ത്ര്യം നൽകുകയും എബ്രഹാം പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നതാണ് നാം ഈ വചനങ്ങളിൽ കണ്ടുമുട്ടുന്നത്. ജീവിക്കുവാൻ പണം ഒഴിച്ചുകൂടാനാവാത്തതാണ് എന്നിരിക്കെ പണം ഒന്നുമല്ല എന്ന് പറയാൻ നമുക്ക് കഴിയില്ല. അപ്പോൾ അന്നന്നുവേണ്ടുന്ന ആഹാരം നമുക്ക് നൽകുന്ന ദൈവത്തിൽ ആശ്രയിച്ച് ദൈവം നൽകുന്ന സമ്പത്ത് ജാഗ്രതയോടെ ഉപയോഗിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. പണം സ്നേഹബന്ധങ്ങളും കുടുംബബന്ധങ്ങളും അറുക്കുന്നതാകരുത്.
രണ്ടാമതായി, സമ്പത്ത് എങ്ങനെയാണ് വ്യയം ചെയ്യേണ്ടത് എന്നുകൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. പ്രഭാഷകന്റെ പുസ്തകം 31, 1-11 വരെയുള്ള വാക്യങ്ങളിൽ സമ്പത്തിന്റെ വിനിയോഗം എപ്രകാരമായിരിക്കണമെന്ന് പഠിപ്പിക്കുന്നുണ്ട്. "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മാർക്കോസ് 12. 17) എന്ന ക്രിസ്തുവചനവും ഇതുതന്നെയാണ് അന്വർത്ഥമാക്കുന്നത്. സമചിത്തതയോടെ സമ്പത്ത് കൈകാര്യം ചെയ്യേണ്ടവരാണ് നാം. അത്യാവശ്യത്തിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് പരമപ്രധാനം. ആവശ്യങ്ങൾ പ്രധാനം, അനാവശ്യം അപ്രധാനം. അത്യാവശ്യങ്ങൾക്ക് പ്രഥമ പരിഗണന കൊടുത്താൽ ബാക്കിയുള്ളതൊക്കെ ഒരു കല്ലേറ് ദൂരം മാറിനിന്നുകൊള്ളും. അതോടെ ബാക്കിയെല്ലാം നമ്മുടെ ജീവിതത്തിലേക്ക് ക്രമീകരിക്കപ്പെടും. ദൈവം നമുക്കാവശ്യമായിട്ടുള്ളതെല്ലാം നൽകുകയും ചെയ്യും.
മൂന്നാമതായി, പണത്തിനു മീതെ പറക്കാൻ നമ്മുടെ തീരുമാനങ്ങൾക്കും അനുഭവങ്ങൾക്കുമാകും എന്ന് സക്കേവൂസിന്റെ ജീവിതം പഠിപ്പിക്കുകയാണ്. കനേഡിയൻ പെർമനെന്റ് വിസ നാട്ടിലേക്ക് തിരിച്ചുവരാൻ ഒഴിഞ്ഞ ദേവാലയങ്ങളിലും ദിവ്യകാരുണ്യആരാധനാലയങ്ങളിലെ തണുത്ത പുലരികളിലും ഒരുപാട് മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ച് തീരുമാനമെടുത്ത് നാട്ടിൽവന്ന്, മിതമായ ശമ്പളത്തിൽ ജോലിചെയ്ത് മിനിമം സൗകര്യങ്ങളോടെ അഞ്ചംഗകുടുംബത്തെ നയിക്കുന്ന ഒരു മനുഷ്യന്റെ ജീവിതസാക്ഷ്യം വായിച്ചത് ഇപ്പോൾ ഓർക്കുകയാണ്. അമിതമായ ധനസമ്പാദനത്തെക്കാൾ കുടുംബം, വിശുദ്ധി, ദൈവവിശ്വാസം, ദൈവവിളി എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത ഈ വ്യക്തി ഇന്ന് കേരളസഭയിലെ ഒരു അഭിമാനമാണ്. സമ്പത്ത് നമ്മുടെ ഉറക്കം കെടുത്തുന്നതായിരിക്കരുത്. "ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും ഉത്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു". പ്രഭാഷകൻ 31, 1 ലെ ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു നമുക്ക് നല്ല തീരുമാനങ്ങൾ ഉണ്ടാകണമെന്ന്. ഇല്ലായെങ്കിൽ പണം നമ്മെ തിന്മയിലേക്ക് നയിക്കും. തിമോ. 1 ലേഖനം 6, 3-10 വരെയുള്ള വാക്യങ്ങളിൽ നാം കണ്ടുമുട്ടുന്നത് സമ്പത്തിന്റെ വിനിയോഗത്തിൽ ഒരോ വ്യക്തിക്കുമുണ്ടാകേണ്ട കാഴ്ചപ്പാടുകളും തീരുമാനങ്ങളുമാണ്. 1 തിമോ. 6, 6-7 "ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ് കാരണം നാം ഈ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധിക്കുകയില്ല”.
പ്രിയമുള്ളവരേ, നമ്മുടെ വിജയം ക്രിസ്തുവിലായിരിക്കട്ടെ. ഈ ഭൂമിയിൽ പിറന്നുവീഴുന്ന നാം എല്ലാവരും ഒരുപോലെയാണെങ്കിലും സമ്പത്ത് നമ്മെ പല തട്ടുകളായി മാറ്റുന്നു. ഈ കാലഘട്ടത്തിൽ ഇത്തരം പല തട്ടുകളിൽ കഴിയുന്ന നമുക്ക് ഈശോയിലൊന്നായി മുന്നേറാം. ഉള്ളതിനാൽ തൃപ്തിയടഞ്ഞും പങ്കുവച്ചും സ്നേഹിച്ചും ജീവിക്കാം. ആഡംബരത്തിന്റെ വേഷംകെട്ടലുകൾ കൊണ്ട് ജീവിതത്തെ ബന്ധിച്ച സക്കേവൂസിന് നാണയം ഒരു തികയാ വസ്തുവായിരുന്നു. എന്നാൽ ക്രിസ്തുവിനെ കണ്ടുമുട്ടാൻ തീരുമാനിച്ചപ്പോൾ സക്കേവൂസ് സ്വർഗ്ഗത്തിൽ ഇടം കണ്ടെത്തി. നമുക്ക് പ്രാർത്ഥിക്കാം. കർത്താവെ പണം എന്നെ നിയന്ത്രിക്കാതിരിക്കട്ടെ. ക്രിസ്തുവില്നിന്നും അകറ്റാതിരിക്കട്ടെ. ജാഗ്രതയോടെ സമ്പത്ത് ഉപയോഗിച്ച് ബന്ധങ്ങൾ കെട്ടുറപ്പോടെ നിർത്താൻ, സമ്പത്ത് വ്യയം ചെയ്യാൻ പഠിക്കാൻ, പണത്തിന് മീതെ നല്ല തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിക്കണമേ, ആമേൻ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: