കർദ്ദിനാൾ തഗ്ലെ: തോക്കുകൾക്ക് പ്രത്യാശ നശിപ്പിക്കാനാകില്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശ ഇല്ലായ്മ ചെയ്യാൻ യാതൊരായുധത്തിനും സാധിക്കില്ലെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന “കാരിത്താസ് ഇൻറർനാസിയോണാലിസ്” (Caritas Internationalis) അന്താരാഷ്ട്ര സംഘടനയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലെ (Card. Luis Antonio Tagle).
റഷ്യ നടത്തുന്ന യുദ്ധം നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഉക്രയിനിൽ ബോംബാക്രമണങ്ങൾക്കിടയിലും കാരിത്താസ് സംഘടന സഹായവുമായി എത്തുന്നതിനെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവന.
ഉക്രയിനിലെ കാരിത്താസ് സംഘടനയുടെയും അതിൻറെ ഉപവിഭാഗമായ കാരിത്താസ് സ്പെസിൻറെയും സഹകരണത്തോടെ ഇതുവരെ 160000 പേരെ സഹായിക്കാൻ കഴിഞ്ഞുവെന്ന് കർദ്ദിനാൾ തഗ്ലെ വെളിപ്പെടുത്തി.
ഭക്ഷ്യവസ്തുക്കൾ താല്ക്കാലിക പാർപ്പിട സൗകര്യങ്ങൾ എന്നിവയ്ക്കു പുറമെ മനശാസ്ത്രപരമായ സഹായവും ഉറപ്പുനൽകാൻ കാരിത്താസ് സംഘടന പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിദ് 19 മഹാമാരി, റഷ്യ ഉക്രയിനിൽ നടത്തുന്ന പടയോട്ടം, ഒരു ആഗോളയുദ്ധാശങ്ക എന്നിവയുടെ പിടിയിലായിരിക്കുന്ന നരകുലത്തിന് പ്രത്യാശ എവിടെ കണ്ടെത്താൻ സാധിക്കും എന്ന ചോദ്യത്തിന് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രത്യശയുടെ ഉറവിടെ ദൈവത്തിലാണെന്ന് കർദ്ദിനാൾ തഗ്ലെ ഉദ്ബോധിപ്പിച്ചു.
ഈ പ്രത്യാശ ഇല്ലാതാക്കാൻ, മനുഷ്യവ്യക്തിയിലുള്ള ആത്മാവിൻറെ നന്മയെ ഇല്ലായ്മ ചെയ്യാൻ, തോക്കുകൾക്കാകില്ലയെന്ന് അദ്ദേഹം അസന്ദിഗ്ദ്ധം പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: