യുക്രെയ്നിലെ പ്രതിസന്ധിയെ കുറിച്ച് ആർച്ച് ബിഷപ്പ് വെൽബി പാത്രിയാർക്കീസ് കിറിലുമായി ചർച്ച ചെയ്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബുധനാഴ്ച ഉച്ചതിരിഞ്ഞ് വീഡിയോ വഴി ഫ്രാൻസിസ് പാപ്പയെ കണ്ടതിന് ശേഷം, മോസ്കോയുടെയും സമസ്ത റഷ്യയുടെയും പാത്രിയാർക്കീസ് കിറിലും കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും ഒരു ഓൺലൈൻ സംഭാഷണം നടത്തുകയും യുക്രെയ്നിലെ സമാധാനത്തിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
സംഭാഷണത്തിനിടയിൽ, ആംഗ്ലിക്കൻ സമൂഹത്തിന്റെ തലവൻ ഇത് ഒരു വലിയ ദുരന്തമാണെന്ന് പറഞ്ഞു കൊണ്ട് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള തന്റെ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
യുദ്ധമല്ല പരിഹാരം
ലാംബെത്ത് അരമനയിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, യുദ്ധവും അക്രമവും ഒരിക്കലും തർക്കങ്ങൾക്കുള്ള ഉത്തരമല്ലെന്ന് അദ്ദേഹം ആവർത്തിച്ചതായി അറിയിച്ചു. യൂറോപ്യൻ ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്ന ആക്രമണങ്ങളും മനുഷ്യരുടെ കഷ്ടപ്പാടുകളും കൂടാതെ യൂറോപ്പിൽ അയൽക്കാരായി ജീവിക്കാനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ആർച്ച് ബിഷപ്പ് വെൽബി ഊന്നിപ്പറഞ്ഞു.
സമാധാനത്തിനായി സഭകൾ ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത
യുക്രെയ്നിലെ എല്ലാ ജനങ്ങളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ കർത്തവ്യം ചെയ്യാൻ രാഷ്ട്രീയക്കാരെ പ്രാപ്തരാക്കുന്നതിന്, യേശുക്രിസ്തു തന്റെ ശിഷ്യരോടു സമാധാന നിർമ്മാതാക്കളാകാൻ നടത്തിയ മഹത്തായ ആഹ്വാനത്തെ പിന്തുടരുന്നതിൽ സഭകൾ ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ പൊതുജനത്തോടു സമാധാനത്തിനായി സംസാരിക്കാൻ തന്നോടൊപ്പം ചേരാൻ അദ്ദേഹം പാത്രിയാർക്കീസ് കിറിലിനോടു അഭ്യർത്ഥിക്കുകയും വെടിനിർത്തലിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
നീതിയിലധിഷ്ഠിതമായ ശാശ്വത സമാധാനം എത്രയും വേഗം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇരു സഭാ നേതാക്കളും എടുത്തുകാണിക്കുകയും തുടർന്നും ആശയവിനിമയം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: