തിരയുക

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത മെത്രാ൯ മോൺ. തോമസ് ജെസ്സയ്യൻ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത മെത്രാ൯ മോൺ. തോമസ് ജെസ്സയ്യൻ നെറ്റോ  

തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്താ : മോൺ. തോമസ് ജെസ്സയ്യൻ നെറ്റോ

തിരുവനന്തപുരം ലത്തീൻ മെട്രോപോളിറ്റൻ അതിരൂപതയ്ക്ക് പുതിയ മെത്രാപോലീത്തയെ പാപ്പാ ഇന്ന് നിയമിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സ്ഥാനമൊഴിയലും നിയമനവും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ  അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിക്കാൻ അഭിവന്ദ്യ മരിയ കലിസ്റ്റ് സൂസപാക്യം മെത്രാപോലീത്താ നൽകിയ  അപേക്ഷ പരിശുദ്ധ പിതാവ് സ്വീകരിച്ചു.

നിലവിൽ മുരുക്കുംപുഴ വിശുദ്ധ  അഗസ്തീനോസ് പള്ളിയിലെ ഇടവക വികാരിയും, ഇതേ അതിരൂപതയിലെ വൈദികനുമായ മോൺ. തോമസ് ജെസ്സയ്യൻ നെറ്റോയെയാണ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി പരിശുദ്ധ പിതാവ് നിയമിച്ചിരിക്കുന്നത്.

സംക്ഷിപ്ത ജീവചരിത്രം

മോൺ.തോമസ് ജെസ്സയ്യൻ നെറ്റോ 1964 ഡിസംബർ 29-ന് തിരുവനന്തപുരം അതിരൂപതയിലെ പുതിയതുറയിൽ ജനിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. തിരുവനന്തപുരത്തെ ലെയോള കോളേജിൽ നിന്ന് സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദം നേടി. റോമിലെ ഉർബാനിയാന പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഡോഗ്മാറ്റിക് ദൈവശാസ്ത്രത്തിൽ (എക്ലെസിയോളജി) ഡോക്ടറേറ്റ് നേടി.

1989 ഡിസംബർ 19-ന് വൈദികപട്ടം സ്വീകരിച്ച മോൺ. നെറ്റോ, പെരിങ്ങമല ഇടവക വികാരി (1990-1991), പാളയം കത്തീഡ്രൽ ദേവാലയത്തിന്റെ വികാരി, (1991-1995); എക്യുമെനിസത്തിനും, മതാന്തര സംവാദത്തിനുമുള്ള നിർവ്വാഹക കാര്യദർശി (1994-1995); റോമിലെ വിദഗ്ദ്ധ പഠനം (1995-1999); പേട്ടയിലെ ഇടവക വികാരി (1999-2003); അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ എക്സിക്യൂട്ടീവ് സെക്രട്ടറി (2000-2004), തിരുവനന്തപുരം സെന്റ് വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടർ (2003-2010). 2007 മുതൽ  കോളേജ് ഓഫ് കൺസൾട്ടേഴ്സിൽ അംഗം, വൈദികർക്കും സമർപ്പിതർക്കുമായുള്ള ബോർഡിന്റെ ഡയറക്ടർ (2008-2010); വലിയതുറ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയുടെ പ്രതിനിധി (2009-2010); തോപ്പിൽ ഇടവകയുടെ വികാരി , കോ-ഓർഡിനേറ്റർ (2010-2014), വിവിധ മിനിസ്ട്രികളുടെ എപ്പിസ്കോപ്പൽ വികാരി (2014-2018); 2018 മുതൽ  മുരുക്കുംപുഴ സെന്റ് അഗസ്തിനോസ് പള്ളിയിലെ ഇടവക വികാരി, കഴക്കൂട്ടം ഫൊറോനാവികാരി, ജീവനും വെളിച്ചവും എന്ന രൂപതാ മാസികയുടെ പത്രാധിപൻ എന്നീ സ്ഥാനങ്ങൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. 2021 മുതൽ അദ്ദേഹം എപ്പിസ്കോപ്പൽ വികാരിയും വിവിധ മിനിസ്ട്രികളുടെ ഏകോപകനുമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഫെബ്രുവരി 2022, 14:47